| Thursday, 16th March 2023, 11:29 am

ട്വീറ്റിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാര്‍; സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പ്രതിപക്ഷത്തിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

സഭയില്‍ ബി.ജെ.പി എം.പിമാര്‍ക്ക് മാത്രം സംസാരിക്കാനായി മൈക്ക് ഓണ്‍ ചെയ്ത് കൊടുത്തെന്നും പ്രതിപക്ഷം സംസാരിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ സഭാ നടപടികള്‍ പിരിച്ചു വിട്ടെന്നും അവര്‍ പറഞ്ഞു. സ്പീക്കറുടെ നേതൃത്വത്തില്‍ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. തന്റെ ട്വിറ്റര്‍ പോസ്റ്റിലാണ് മഹുവയുടെ പരാമര്‍ശം. ട്വീറ്റിന്റെ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും മഹുവ പറഞ്ഞു.

‘കഴിഞ്ഞ മൂന്ന് ദിവസമായി ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള ബി.ജെ.പി മന്ത്രിമാര്‍ക്ക് മാത്രമാണ് സഭയില്‍ സംസാരിക്കാനായി മൈക്ക് ഓണ്‍ ചെയ്ത് നല്‍കുന്നത്. പ്രതിപക്ഷത്തുള്ള ഒരൊറ്റ എം.പിമാര്‍ക്ക് പോലും സംസാരിക്കാന്‍ അവസരം നല്‍കാതെ സഭ പിരിച്ചുവിടുകയും ചെയ്യുന്നു.

സ്പീക്കറുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ ട്വീറ്റിന്റെ പേരില്‍ എന്നെ ജയിലിലടക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ അതിനും ഞാന്‍ തയ്യാറാണ്,’ മഹുവയുടെ ട്വീറ്റ്.

മഹുവക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും സ്പീക്കര്‍ക്കെതിരെ സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിലാണ് സ്പീക്കര്‍ മൈക്കുകള്‍ ഓഫാക്കിയതെന്നാണ് അദ്ദേഹം ആരോപിച്ചത്.

രാഹുല്‍ ഗാന്ധിയുടെ കേംബ്രിഡ്ജ് പ്രസംഗത്തെ ചൊല്ലി ബി.ജെ.പിയും അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും ബഹളം വെച്ചതോടെ പാര്‍ലമെന്റിന്റെ ഇടക്കാല ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കാതെ സഭ കഴിഞ്ഞ ദിവസവും പിരിഞ്ഞു.

ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മന്ദിരം മുതല്‍ ഇ.ഡി ഓഫീസ് വരെ പ്രതിഷേധ സമരവും നടന്നിരുന്നു. അദാനി-ഹിന്‍ഡന്‍ ബര്‍ഗ് വിഷയം സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് തലസ്ഥാനത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.

Content Highlight: Trinamool congress MP Mahua moithra allegation against lok sabha speaker

We use cookies to give you the best possible experience. Learn more