| Monday, 6th April 2026, 12:25 pm

പീഡനകേസിലെ ഇരയുടെ അമ്മ മമതക്കെതിരായി മുഴക്കിയ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി തൃണമൂൽ കോൺഗ്രസ്

മുഹമ്മദ് നബീല്‍

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ ഹോസ്പിറ്റലിൽ സംഭവത്തിലെ ഇരയുടെ അമ്മ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ മുഴക്കിയ ഭീഷണിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.

തൃണമൂൽ കോൺഗ്രസാണ് പരാതിനൽകിയത്. 2024 ൽ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ട്രെയിനീ ഡോക്ടറുടെ അമ്മയാണ് ഭീഷണി വീഡിയോ ചെയ്തത്.

മമതയെ ഓടയിൽ തള്ളുമെന്നും തല്ലിച്ചതയ്ക്കുമെന്നും അവർ വീഡിയോയിൽ ഭീഷണിപ്പെടുത്തുന്നുണ്ട്.

‘എന്റെ മകളെ മുടിയിൽ പിടിച്ചു വലിച്ച് അടിച്ചു കൊന്നതുപോലെ, ഞാൻ അവളുടെ (മമതയുടെ) മുടിയിൽ പിടിച്ചു വട്ടം കറക്കും, ഞാൻ മുഖ്യമന്ത്രിയെ കണ്ടാൽ, ഒന്നുകിൽ ഞാൻ അവളെ ജയിലിലടയ്ക്കും അല്ലെങ്കിൽ ഓടയിൽ എറിഞ്ഞ് തല്ലും,’ അവർ വീഡിയോയിൽ പറഞ്ഞു.

തന്റെ മകളുടെ മരണത്തിന് ഉത്തരവാദിയായ മുഖ്യമന്ത്രിക്കെതിരെയാണ് താൻ പോരാടുന്നത് എന്ന് അമ്മ പറഞ്ഞു, സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജുകളിലെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയതിനാണ് മകൾ കൊല്ലപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു.

പാനിഹതി നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയെയും വീഡിയോയിൽ കാണാം.

പാനിഹതി തൃണമൂൽ എം.എൽ.എ നിർമ്മൽ ഘോഷ് തന്റെ മകളുടെ കേസിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും അവർ വീഡിയോയിൽ ആരോപിച്ചു.

ഈ പരാമർശങ്ങൾ ജനാധിപത്യത്തിനും പൊതു മാന്യതയ്ക്കും ഗുരുതര ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പരാതിനൽകി.

തെരഞ്ഞെടുപ്പിന്റെ ജാനാധിപത്യ അന്തരീക്ഷം നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന പരാതിയിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ ബി.ജെ.പി ഇതുവരെ തയ്യാറായിട്ടില്ല.

കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതുമുതൽ വലിയ രാഷ്ട്രീയ സംഭവവികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

Content Highlight: Trinamool Congress files complaint with Election Commission over threats made against Mamata by mother of rape victim

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more