| Monday, 1st June 2026, 5:29 pm

തൃണമൂലില്‍ വന്‍ പ്രതിസന്ധി; പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രണ്ട് എം.എല്‍.എമാരെ പുറത്താക്കി

ആദര്‍ശ് എം.കെ.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ (ടി.എം.സി) പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് രണ്ട് എം.എല്‍,എമാരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.

പാര്‍ട്ടി പിളര്‍പ്പിലേക്ക് എന്ന റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ടി.എം.സി എം.എല്‍.എമാരെ തന്നെ പുറത്താക്കി കടുത്ത നടപടികളിലേക്ക് കടക്കുന്നത്.

എന്റലിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സന്ദീപന്‍ സാഹ, ഉലുബേരിയ പൂര്‍ബ മണ്ഡലത്തില്‍ നിന്നും ജനവിധി തേടി വിജയം സ്വന്തമാക്കിയ റിതാബ്രത ബാനര്‍ജി എന്നിവര്‍ക്കെതിരെയാണ് നടപടി.

മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമത ബാനര്‍ജി വിളിച്ചുചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ ആകെയുള്ള 80 എം.എല്‍.എമാരില്‍ 60 പേരും പങ്കെടുക്കാതെ വിട്ടുനിന്നതിന് പിന്നാലെയാണ് നാടകീയമായ ഈ നടപടി എന്നതും ശ്രദ്ധേയമാണ്.

പാര്‍ട്ടി നേതൃത്വം വിളിച്ചുകൂട്ടുന്ന യോഗങ്ങളില്‍ തുടര്‍ച്ചയായി പങ്കെടുക്കാതിരിക്കുകയും പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നടത്തുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.

നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശോഭന്‍ദേബ് ചതോപാധ്യായയെ നാമനിര്‍ദേശം ചെയ്ത കത്തില്‍ എം.എല്‍.എമാരുടെ ഒപ്പ് വ്യാജമായി ഇട്ടെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഈ കത്തില്‍ ഒപ്പ് വ്യാജമാണെന്ന് പുറത്താക്കപ്പെട്ട എം.എല്‍.എമാര്‍ പരാതി നല്‍കിയതായി മുഖ്യമന്ത്രി സുവേന്ദു അധികാരി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തലിന് മിനിറ്റുകള്‍ക്കുള്ളിലാണ് ഇവരെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വന്നത്

ഹാജര്‍ ബുക്കിലെ ഒപ്പ് വ്യാജമായി ശുപാര്‍ശ കത്തില്‍ ഉപയോഗിക്കുകയായിരുന്നുവെന്നും നീതിപൂര്‍വമായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി പുറത്താക്കുകയാണെന്നും സന്ദീപന്‍ സാഹ പ്രതികരിച്ചു.

വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പുവെച്ച ഔദ്യോഗിക കത്തിലൂടെയാണ് പുറത്താക്കല്‍ വിവരം അറിയിച്ചത്. പാര്‍ട്ടിയില്‍ ഒരു വിമത വിഭാഗം രൂപീകരിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നതായും സൂചനയുണ്ട്.

ഞായറാഴ്ച മമത ബാനര്‍ജിയുടെ കാളിഘട്ടിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 20 എം.എല്‍.എമാര്‍ മാത്രമാണ് എത്തിയത്. ഭൂരിപക്ഷം പേരും വിട്ടുനിന്നതോടെ യോഗം റദ്ദാക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതരായി.

എന്നാല്‍, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്കും എം.പി കല്യാണ്‍ ബാനര്‍ജിക്കും നേരെയുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് മണ്ഡലങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുന്നതിനാലാണ് എം.എല്‍.എമാര്‍ എത്താതിരുന്നതെന്നാണ് വക്താവ് കുനാല്‍ ഘോഷ് നല്‍കുന്ന വിശദീകരണം.

Content Highlight: Trinamool Congress expels two MLAs for anti-party activities

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more