| Sunday, 17th May 2026, 3:02 pm

ബി.ജെ.പി തെരഞ്ഞുപിടിച്ച് വേട്ടയാടുന്നു; അഭിഷേക് ബാനര്‍ജിക്കെതിരായ എഫ്.ഐ.ആറില്‍ തൃണമൂല്‍

ആദര്‍ശ് എം.കെ.

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ വിമര്‍ശനവുമായി പാര്‍ട്ടി.

ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും തങ്ങളെ തെരഞ്ഞുപിടിച്ച് വേട്ടയാടുകയാണെന്നും ടി.എം.സി ആരോപിച്ചു.

ബിധാനഗര്‍ നോര്‍ത്ത് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലാണ് ബാനര്‍ജിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (ബി.എന്‍.എസ്) 192, 196, 351(2), 353(1)(ഇ) എന്നീ വകുപ്പുകള്‍ പ്രകാരവും, 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123(2), 125 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

‘ബി.ജെ.പി നേതാക്കളില്‍ നിന്ന് പല പ്രകോപനപരമായ പ്രസ്താവനകളും നമ്മള്‍ കേട്ടിട്ടുണ്ട്. മാന്യതയോടെ വേണം രാഷ്ടീയ പ്രവര്‍ത്തനം നടത്തേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്തരത്തില്‍ തിരഞ്ഞെടുത്തുള്ള എഫ്.ഐ.ആറുകള്‍ അംഗീകരിക്കാനാവില്ല,’ ടി.എം.സി നേതാവ് തന്മയ് ഘോഷ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൊണ്ടാണോ ഈ നടപടിയെന്ന് അദ്ദേഹം ചോദ്യം ചെയ്തു.

‘ഇത് എല്ലാവര്‍ക്കും ബാധകമാകണം. തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് മാത്രം എന്തുകൊണ്ടാണ് അഭിഷേകിനെതിരെ മാത്രം നടപടി? ഇത് ഒട്ടും അംഗീകരിക്കാനാവില്ല,’ അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

മെയ് 15ന് രാജിബ് സര്‍ക്കാര്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മാര്‍ച്ചിലും ഏപ്രിലിലും മഹേശ്തല, ആരാംബാഗ്, ഹരിംഗാട്ട, നന്ദിഗ്രാം എന്നിവിടങ്ങളില്‍ നടന്ന റാലികളിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അഭിഷേക് ബാനര്‍ജി ‘പ്രകോപനപരവും ഭീഷണിപ്പെടുത്തുന്നതും വൈകാരികവുമായ പ്രസംഗങ്ങള്‍’ നടത്തിയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.

ഈ പ്രസംഗങ്ങള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതും ശത്രുത വളര്‍ത്തുന്നതും പൊതു സമാധാനം തകര്‍ക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ പ്രസ്താവനകള്‍ക്കൊപ്പം പ്രചരണത്തിന് ഡി.ജെ ഉപയോഗിച്ചതും പരാതിക്ക് കാരണമായി.

ഈ പ്രസംഗങ്ങള്‍ ബാനര്‍ജിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ ‘Abhishek Banerjee Official’ വഴിയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയും പ്രചരിപ്പിക്കപ്പെട്ടതായും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

Content Highlight: Trinamool Congress criticizes FIR against Abhishek Banerjee

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more