| Monday, 26th January 2026, 8:23 am

ഉച്ചഭാഷിണിയെച്ചൊല്ലി തൃണമൂല്‍-ബി.ജെ.പി സംഘര്‍ഷം; വേദിക്ക് തീയിട്ടു

നിഷാന. വി.വി

ന്യൂദല്‍ഹി: കൊല്‍ക്കത്തയിലെ സഖേര്‍ബസാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.

സഖേര്‍ബസാറിലെ ഒരു പ്രദേശിക ക്ലബ് ഉച്ചത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുവെന്നാരോപിച്ചായിരുന്നു സംഘര്‍ഷം.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ യോഗവേദിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചും പാര്‍ട്ടി പതാകകള്‍ നാട്ടിയും യോഗം തടസപ്പെടുത്തിയതായി ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഇതിനെ തുടര്‍ന്ന് തൃണമൂല്‍ നേതാവ് സുദീപ് പോളി സംഘടിപ്പിച്ച പരിപാടി ബി.ജെ.പി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിതായും ആരോപണങ്ങളുണ്ട്.

അതിന്റ പ്രതികാര നടപടിയെന്നോണം ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് പൊതുയോഗത്തില്‍ പ്രസംഗിച്ച താത്കാലിക വേദി സംഘര്‍ഷത്തിനിടെ തീയിട്ടതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സഖേര്‍ ബസാറിലെ പ്രദേളിക കബ്ലിന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനിടെ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ ക്ലബ് അംഗങ്ങളോട് മോശമായി പെരുമാറിയതായി ബെഹാല പൂര്‍ബ നിയോജകമണ്ഡലത്തിലെ തൃണമൂല്‍ എം.എല്‍. എ രത്നാ ചാറ്റര്‍ജി പറഞ്ഞു.

ബി.ജെ.പി ഇത്തരം തന്ത്രങ്ങള്‍ അവലംബിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുമെന്നും ക്ലബ് സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയുടെ ‘പരിവര്‍ത്തന്‍ സങ്കല്‍പ്പ് യാത്ര’ യുടെ ഭാഗമായി ബി.ജെ.പിയുടെ തെരഞ്ഞടുപ്പ് സഹ ഇന്‍ചാര്‍ജും ത്രിപുര മുന്‍ മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാര്‍ രാവിലെ പ്രസംഗിച്ച വേദിയാണ് വൈകുന്നേരം തൃണമൂല്‍ പ്രവര്‍ത്തകര്‍ തീയിട്ടത്.

അഗ്നിശമന ഉദ്യോഗസ്ഥര്‍ എത്തിയാണ് തീ നിയന്തണ വിധേയമാക്കിയതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പശ്ചിമ ബംഗാളിലെ ക്രമസമാധാനം തകരുന്നതിന്റെ ഉദാഹരണമാണിതെന്നും തൃണമൂലിന്റെ അതിക്രമങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നുവെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാര്‍ സംഭവത്തെ അപലപിച്ചുകൊണ്ട് പറഞ്ഞു.

Content Highlight: Trinamool-Congress clash over loudspeaker; stage set on fire

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more