| Thursday, 4th June 2026, 12:45 pm

തൃണമൂലും, മമതയും വീണു, വീഴാത്ത ചെങ്കൊടി ഇപ്പോഴും ഉയര്‍ന്നുപറക്കുന്നു; ബംഗാളിലെ തൃണമൂല്‍ തകര്‍ച്ചയില്‍ എ.എ റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഇന്ന് രാജ്യം കാണുകയാണെന്നും ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ബംഗാളിനെ മോചിപ്പിച്ചു’ എന്ന് അവകാശപ്പെട്ട മമത ബാനര്‍ജി ഇന്ന് കൊല്‍ക്കത്തയുടെ തെരുവില്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയെപ്പോലെ ഒറ്റപ്പെട്ടു നില്‍ക്കുകയാണെന്നും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും എം.പി.യുമായ എ.എ. റഹീം.

2011-ല്‍ ഇടതുപക്ഷം പടിയിറങ്ങിയപ്പോള്‍ ബംഗാളിലെ ചെങ്കൊടിക്കാലം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചവര്‍ക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യമെന്നും റഹീം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസും തീവ്ര വലതു-ഇടതുപക്ഷങ്ങളും കൈകോര്‍ത്ത അവിശുദ്ധ സഖ്യമാണ് മമതയെ അധികാരത്തിലേറ്റിയതെന്നും അതിനുശേഷം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ക്രൂരമായ വേട്ടയാടലുകള്‍ക്ക് ഇരയായെന്നും എന്നാല്‍ ഈ ഭീകരതയ്‌ക്കൊന്നും ബംഗാളിലെ ചെങ്കനലിനെ കെടുത്താന്‍ കഴിഞ്ഞില്ലെന്നും എ.എ റഹീം പറഞ്ഞു.

‘കമ്യൂണിസ്റ്റ്കാരുടെ ചോര തേടി സിദ്ധാര്‍ദ്ധ ശങ്കര്‍ റേയെ, കോണ്‍ഗ്രസ്സ് വേട്ടയ്ക്ക് വിട്ട കാലമുണ്ട് ബംഗാളില്‍. 1972 മുതല്‍ 1977 വരെ സിദ്ധാര്‍ധ് ശങ്കര്‍ റേ ആയിരുന്നു മുഖ്യമന്ത്രി. എന്നാല്‍,1971 മുതല്‍ ജനധിപത്യത്തെ ആട്ടിമറിച്ചു, ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ദിരഗാന്ധി, തന്റെ വിശ്വസ്തനും കേന്ദ്ര മന്ത്രിയുമായിരുന്ന സിദ്ധാര്‍ധ് ശങ്കര്‍ റേയെ ബംഗാളിന്റെ പ്രത്യേക ചുമതലുള്ള മന്ത്രിയാക്കി.

71 മുതല്‍ തന്നെ ഭീകരത ആരംഭിച്ചു. കൊന്നുതള്ളിയാല്‍ തീര്‍ന്നുപോകുന്നതാണ് ഈ ചുവപ്പ് എന്ന്, ഇന്ദിര കരുതി. 1971 നും 1977 നുമിടയിലെ ആ അര്‍ദ്ധഫാസിസ്റ്റ് വേട്ടയില്‍ സി.പി.ഐ.എമ്മിന് നഷ്ടപ്പെട്ടത് 1200 പാര്‍ട്ടി സഖാക്കളുടെ ജീവനാണ്. അക്കാലയളവില്‍ കോണ്‍ഗ്രസ്സ് നൂറു കണക്കിന് സി.പി.ഐ.എം പാര്‍ട്ടി ഓഫീസുകള്‍ പിടിച്ചെടുത്തു. എന്നാല്‍,’കൊല്ലാം, പക്ഷേ, തോല്‍പ്പിക്കാനാകില്ല’എന്ന് കാലം ചുവപ്പ് കൊണ്ട് രേഖപ്പെടുത്തി.

അതിഭീകരമായ ആ വേട്ടയെ അതിജീവിച്ച്, ഒരത്ഭുതമായി 1977 ല്‍ നമ്മുടെ പാര്‍ട്ടി ഭരണത്തിലേക്ക് തിരിച്ചുവന്നു. സിദ്ധാര്‍ധ് ശങ്കര്‍ റേ കോണ്‍ഗ്രസ്സിന്റെ അവസാനത്തെ മുഖ്യമന്ത്രിയുമായി. ചോര കൊണ്ടെഴുതിയ ഈ പൂര്‍വ്വകാലം ചൂണ്ടിയാണ് മമതയുടെ കമ്യൂണിസ്റ്റ് വേട്ടയെയും ഈ ചെങ്കൊടി അതിജീവിക്കുമെന്ന് നമ്മള്‍ പറഞ്ഞു കൊണ്ടേയിരുന്നത്…നഷ്ടപ്പെട്ടത് ഭരണമായിരുന്നു, പാര്‍ട്ടി, അത് അണയാത്ത തീയായി അമര്‍ന്നും ആളിയും കത്തിക്കൊണ്ടേയിരുന്നു.

ഓരോ തവണ ബംഗാളില്‍ പോയപ്പോഴും കണ്ടതും, പരിചയപ്പെട്ടതും, ത്യാഗങ്ങളുടെ ആള്‍രൂപങ്ങളെ ആയിരുന്നു. രക്തസാക്ഷികളുടെ മാതാ പിതാക്കള്‍, തൃണമൂല്‍ അക്രമണത്തില്‍ ശരീര ഭാഗങ്ങള്‍ നഷ്ടപ്പെട്ടവര്‍..ജയിലില്‍ കിടന്നവര്‍, കിടക്കുന്നവര്‍, തൃണമൂല്‍ ഭീഷണിയില്‍ പലയാനം ചെയ്യേണ്ടി വന്ന കുടുംബങ്ങള്‍. പക്ഷേ അവരുടെയെല്ലാം കണ്ണുകളില്‍ ഒരു തീയുണ്ടായിരുന്നു, ഒരു ഭീകരതയ്ക്കും അണയ്ക്കാന്‍ കഴിയാത്ത തീ,’ റഹീം കുറിച്ചു.

മാധ്യമങ്ങള്‍ ഇടതുപക്ഷത്തിന്റെ അന്ത്യം കുറിച്ചയിടത്തുനിന്നും ലക്ഷക്കണക്കിന് യുവാക്കള്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനത്തിലേക്ക് ഇരമ്പിയെത്തിയതിനെ കുറിച്ചും പോസ്റ്റില്‍ റഹീം പറഞ്ഞു.

‘ഓരോ അക്രമവും ആ സഖാക്കളെ കൂടുതല്‍ രാഷ്ട്രീയ പ്രബുദ്ധമാക്കി, ഓരോ ജയില്‍വാസവും അവരെ കൂടുതല്‍ വിപ്ലവകാരികളാക്കി, ഭരണകൂട ഭീകരതകള്‍ അവരെ വലിയ പ്രക്ഷോഭകാരികളാക്കി.

‘ഇടത് അവസാനിച്ചു’,എന്നെഴുതിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരിക്കല്‍ കല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ ലക്ഷക്കണക്കിന് യുവതീ യുവാക്കള്‍ ഒരു കടല്‍ പോലെ ഇരമ്പിയെത്തി.

ഇടതിന്റെ പോരാട്ടങ്ങള്‍ക്ക് നേരെ ബംഗാളില്‍ മാധ്യമങ്ങള്‍ 2011 ന് ശേഷം ശേഷം ആദ്യമായി ക്യാമറകള്‍ ഓണാക്കി വയ്‌ക്കേണ്ടി വന്നത് അന്നായിരുന്നു.ഇടത്,ബംഗാളില്‍ അതിജീവിക്കും എന്ന് മാധ്യമങ്ങള്‍ തിരുത്തിപ്പറയേണ്ടി വന്ന നിമിഷം! .

മമതയ്ക്ക് എതിരെ രാഷ്ട്രീയ യുദ്ധ പ്രഖ്യാപനം നടത്തി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന, മീനാക്ഷി മുഖര്‍ജ്ജി യുടെ നേതൃത്വത്തില്‍ 2023 നവംബര്‍ 23 ന് കുച്ച് ബീഹാറില്‍ നിന്നും ആരംഭിച്ചു.22 ജില്ലകളിലൂടെ കാല്‍ നടയായി സഞ്ചരിച്ച ഇന്‍സാഫ് ജാഥ.

2024 ജനുവരി 7ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ മൈതാനങ്ങളില്‍ ഒന്നായ കല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മൈതാനിയില്‍ സമാപിച്ചു.2011 ല്‍ ഇടത് ഭരണം നഷ്ടപ്പെട്ടതിനു ശേഷം ആദ്യമായാണ് ഒരു ഡി.വൈ.എഫ്.ഐ റാലിക്ക് ഈ മൈതാനം അന്ന് സാക്ഷ്യം വഹിച്ചതും.
2024 ജനുവരി 8 ലെ ദേശീയ മാധ്യമങ്ങള്‍ അമ്പരപ്പോടെ എഴുതി.’ഇടതു തിരിച്ചു വരുന്നു’എന്ന്.

മമതയുടെ അഴിമതി ഭരണത്തിനും, ജനാധിപത്യ വിരുദ്ധതയ്ക്കും എതിരായ പൊതുബോധം സൃഷ്ടിച്ചതില്‍ ഡി.വൈ.എഫ്. ഐ നടത്തിയ പോരാട്ടങ്ങള്‍ക്ക്,അവര്‍ അനുഭവിച്ച ത്യാഗങ്ങള്‍ക്ക്,വലിയ പ്രധാന്യമുണ്ട്. ഇടതിനെ കുഴിച്ചു മൂടാന്‍ ഇറങ്ങിയ മമത വഴി വെട്ടിയത് സംഘപരിവാറിനായിരുന്നു..

തൃണമൂലും, മമതയും വീണു, വീഴാത്ത ചെങ്കൊടി ഹൂഗ്ലിയുടെ തീരങ്ങള്‍ താണ്ടിവരുന്ന ഇളം കാറ്റില്‍ ഇപ്പോഴും വീണുപോകാതെ പറക്കുന്നുണ്ട്.

ബി.ജെ.പി സര്‍ക്കാരിനെതിരായ ഇടതിന്റെ പോരാട്ടങ്ങള്‍ക്കായി കൊല്‍ക്കത്തയുടെ തെരുവുകളിലേക്ക് ആ ചെങ്കൊടികള്‍ പിടിച്ചു സഖാക്കള്‍ നീങ്ങും. വര്‍ഗീയതയില്‍ നിന്നും,ആ നാടിനെ കാക്കും.

അവസാനിക്കാത്ത പോരാട്ടങ്ങളില്‍ ഈ പാര്‍ട്ടി അതിന്റെ ചരിത്രപരമായ കടമ നിര്‍വഹിക്കും. വേട്ടയ്ക്കിറങ്ങുന്നവര്‍ തോറ്റു മണ്ണടിയും… തോല്‍ക്കാത്ത ചെങ്കൊടി വീണ്ടും വീണ്ടും ഉയരെ പറക്കും,’ എ.എ. റഹീം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: Trinamool and Mamata fell, the fallen-less Red Flag still flies high; AA Rahim on the Trinamool collapse in Bengal

We use cookies to give you the best possible experience. Learn more