മുംബൈ: മഹാരാഷ്ട്രയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് തുറന്ന കത്തുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ വിദ്യാര്‍ത്ഥി സമരം പത്ത് ദിവസം പിന്നിട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ കത്ത്.
ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി പുറപ്പെടുവിച്ച പുതിയ സര്‍ക്കാര്‍ നിയമങ്ങള്‍ അവരുടെ ആത്മാഭിമാനം ഇല്ലാതാക്കുന്നതും വിദ്യാഭ്യാസത്തിലേക്കുള്ള വഴികള്‍ അടയ്ക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
പൂനെയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദീര്‍ഘകാലത്തെ അവധി കഴിഞ്ഞ് ഹോസ്റ്റലിലെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധിത ഗര്‍ഭ പരിശോധന നടത്തണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ചിരുന്നു.
കൂടാതെ മുപ്പത് വയസിന് മുകളിലുള്ളവര്‍ക്ക് ഹോസ്റ്റലില്‍ താമസിക്കാന്‍ അനുവാദമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവുകള്‍ക്കെതിരെയും ഹോസ്റ്റലിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്.
എന്നാല്‍ ഗര്‍ഭ പരിശോധന നടത്തണമെന്ന ഉത്തരവ് കേട്ട് താന്‍ ഞെട്ടിപ്പോയിയെന്നും ഭക്ഷണവും ശുചിത്വവും വൈദ്യസഹായവും ഇല്ലാതെ ബുദ്ധിമുട്ടുന്ന ഹോസ്റ്റലുകളില്‍ പാമ്പുകടിയേറ്റതടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടികളുടെ സൗകര്യങ്ങള്‍ അതിലും ദാരുണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിലെ പൂനെ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ചില ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ചെയ്തിരുന്നു. ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി.
പൂനെയില്‍ പ്രതിഷേധിച്ച ആദിവാസി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 5, 14 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച രണ്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കൂടാതെ, 2011 നവംബറിലെ ജി.ആര്‍ നിലവിലെ സാഹചര്യങ്ങള്‍ക്കും സാമ്പത്തിക സഹായ വര്‍ധനവിനും അനുസൃതമായി പരിഷ്‌കരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു.
‘ദീര്‍ഘകാലത്തെ അവധിക്ക് ശേഷം തിരികെയെത്തുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭധാരണ പരിശോധനയ്ക്കും മറ്റ് നിരവധി വൈദ്യപരിശോധനകള്‍ക്കും വിധേയരാകണമെന്ന നിയമം കേട്ട് ഞാന്‍ ഞെട്ടിപ്പോയി. ഈ നിയമം അവരുടെ സ്വാഭിമാനത്തിനും മാനവികതയ്ക്കും നേരെയുള്ള ആക്രമണമാണ്. ഈ വിദ്യാര്‍ത്ഥികള്‍ ധര്‍മ്മമോ ഭിക്ഷയോ ചോദിക്കുകയല്ല, മറിച്ച് തങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങളാണ് ആവശ്യപ്പെടുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlight: Tribal students are not asking for charity; it is their right: Rahul Gandhi writes an open letter to Fadnavis.