| Wednesday, 24th December 2025, 12:36 pm

അട്ടപ്പാടിയില്‍ മോഷണം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം; തലയോട്ടി പൊട്ടി

രാഗേന്ദു. പി.ആര്‍

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂരമര്‍ദനം. പാലൂര്‍ സ്വദേശി മണികണ്ഠനാണ് മര്‍ദനമേറ്റത്. ആക്രമണത്തില്‍ യുവാവിന്റെ തലയോട്ടി പൊട്ടി.

നിലവില്‍ സര്‍ജറി കഴിഞ്ഞ മണികണ്ഠന്‍ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാമരാജ് എന്നയാളാണ് മണികണ്ഠനെ ആക്രമിച്ചത്.

ഡിസംബര്‍ ഏഴിനാണ് സംഭവം നടന്നത്. തന്റെ ഔഷധ കടയില്‍ മോഷണം നടന്നുവെന്ന് ആരോപിച്ചാണ് രാമരാജ് യുവാവിനെ ആക്രമിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് യുവാവ് വീട്ടിലേക്ക് മടങ്ങുകയും ഡിസംബര്‍ ഒമ്പതിന് കോഴിക്കോട് നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഒരു കലാകാരന്‍ കൂടിയായ മണികണ്ഠന്‍ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ കലാശക്കൊട്ടില്‍ പങ്കെടുക്കാനാണ് മണികണ്ഠന്‍ കോഴിക്കോട് എത്തിയത്.

ഇതേ തുടര്‍ന്ന് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ തലയോട്ടിക്ക് പൊട്ടുള്ളതായി കണ്ടെത്തുകയും ആയിരുന്നു. യുവാവിന്റെ ആന്തരിക അവയങ്ങള്‍ക്കും പരിക്കുണ്ട്.

ഉടനെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഈ പരാതി പുത്തൂര്‍ പൊലീസിലേക്ക് കൈമാറുകയും ചെയ്തിരുന്നു. കേസെടുത്ത പൊലീസ് ഇതുവരെ എഫ്.ഐ.ആറില്‍ ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടുത്തിട്ടില്ലെന്ന് ആരോപണമുണ്ട്.

രാമരാജിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു. യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ സാക്ഷികളില്ലെന്നാണ് പൊലീസ് പറയുന്നതെന്ന് യുവാവിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight: Tribal man beaten up on suspicion of theft in Attappadi; skull fractured

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more