| Sunday, 29th November 2026, 12:37 pm

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് ദുട്ടെര്‍ട്ടെയ്‌ക്കെതിരായ ഐ.സി.സി വിചാരണ നടപടികള്‍ നാളെ മുതല്‍

റെന്വര്‍ പി

ഹേഗ്: മയക്കുമരുന്നിനെതിരായ പോരാട്ടം എന്ന പേരില്‍ കൊലപാതകം അടക്കമുള്ള ക്രൂരതകള്‍ നടപ്പാക്കിയതിലൂടെ കുപ്രസിദ്ധനായ ഫിലിപ്പീന്‍സ് മുന്‍ ഭരണാധികാരി റോഡ്രിഗോ ദുട്ടെര്‍ട്ടെയ്‌ക്കെതിരായ വിചാരണ നടപടികള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി) നാളെ (നവംബര്‍ 30, തിങ്കള്‍) ആരംഭിക്കും. ഇതോടെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ആദ്യത്തെ ഏഷ്യന്‍ നേതാവായി 81-കാരനായ ഡ്യുട്ടെര്‍ട്ടെ മാറും.

2016-2019 കാലത്ത് ദുട്ടെര്‍ട്ടെ ഭരണകൂടം നടപ്പാക്കിയ ‘മയക്കുമരുന്നിനെതിരായ യുദ്ധ,’ത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റായിരുന്ന കാലത്തെ കുറ്റങ്ങള്‍ക്ക് പുറമെ 2013 മുതല്‍ 2016 ജൂണ്‍ വരെയുള്ള കാലയളവില്‍ ദുട്ടെര്‍ട്ടെ ദാവോ സിറ്റിയില്‍ മേയറായിരുന്നപ്പോള്‍ നടത്തിയ കൊലപാതകങ്ങള്‍ക്കെതിരെ കൂടിയാണ് ഐ.സി.സി വിചാരണ നടപടി ആരംഭിക്കുന്നത്.

2026 നവംബര്‍ 30-ന് 10:00 മണിക്ക് ‘ദി പ്രോസിക്യൂട്ടര്‍ വേഴ്‌സസ് റോഡ്രിഗോ റോ ഡ്യുട്ടെര്‍ട്ടെ’ എന്ന കേസിലെ വിചാരണ, ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടിലെ ട്രയല്‍ ചേംബര്‍ മൂന്നില്‍ ആരംഭിക്കുമെന്ന് ഐ.സി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ ഏകദേശം 100 സാക്ഷികളെ ഹാജരാക്കും.

‘2011 നവംബര്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 16 വരെയുള്ള കാലയളവില്‍, ഫിലിപ്പീന്‍സിലെ സാധാരണ ജനവിഭാഗങ്ങള്‍ക്കെതിരെ വ്യാപകവും ആസൂത്രിതവുമായ ആക്രമണങ്ങള്‍ നടത്തിയെന്നാരോപിച്ച്, കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ഡ്യുട്ടെര്‍ട്ടെയ്ക്കെതിരെ ചുമത്തിയിരിക്കുന്നു,’ എന്നും പ്രസ്താവനയില്‍ പറയുന്നു.

2026 നവംബര്‍ 30 മുതല്‍ ദിവസവും ഹേഗിലെ പ്രാദേശിക സമയം 10:00 മുതല്‍ 11:00 വരെയും, 11:30 മുതല്‍ 12:30 വരെയും, 13:30 മുതല്‍ 14:30 വരെയും, 15:00 മുതല്‍ 16:00 വരെയുമായിരിക്കും വാദം കേള്‍ക്കല്‍ നടക്കുക. ഐ.സി.സിയുടെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകള്‍ വഴിയും വെബ്സൈറ്റ് വഴിയും വിചാരണ നടപടികള്‍ കാണാന്‍ സാധിക്കും.

തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളുടെ സ്വഭാവം ഡ്യുട്ടെര്‍ട്ടെയ്ക്ക് മനസിലായിട്ടുണ്ടോ എന്ന് ജഡ്ജിമാര്‍ ആദ്യം പരിശോധിക്കും. തുടര്‍ന്ന്, കുറ്റം സമ്മതിക്കുന്നുണ്ടോ അതോ കുറ്റം നിഷേധിക്കുന്നുണ്ടോ എന്ന് ഡ്യുട്ടെര്‍ട്ടെയോട് ചോദിക്കുമെന്നും ഐ.സി.സി വ്യക്തമാക്കി.

ലക്ഷക്കണക്കിന് ലഹരിമരുന്ന് ഉപയോക്താക്കളെ ‘കൊന്നുതള്ളുന്നതില്‍ സന്തോഷമേയുള്ളൂ’ എന്ന് ഡ്യുട്ടെര്‍ട്ടെ ഒരിക്കല്‍ പ്രസ്താവന നടത്തിയിരുന്നു. നിലവില്‍ നെതര്‍ലാന്‍ഡിലെ ഒരു തടവറയില്‍ വിചാരണ തടവില്‍ കഴിയുകയാണ് അയാള്‍.

കഴിഞ്ഞ വര്‍ഷം മനിലയില്‍ വെച്ച് നാടകീയമായി അറസ്റ്റിലായ മുന്‍ പ്രസിഡന്റിനെ തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ ഹേഗിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് തടവിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഏഴിനാണ് ഐ.സി.സി പ്രീ ട്രയല്‍ ചേംബര്‍ ഡുട്ടെര്‍ട്ടെയ്‌ക്കെതിരെ രഹസ്യമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 11ന് ഇത് പൊതു രേഖയാക്കുകയും 12ന് ഡുട്ടെര്‍ട്ടെയെ ഐ.സി.സിയ്ക്ക് കൈമാറുകയും 14ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

മുന്‍ പ്രസിഡന്റിനെതിരായ കുറ്റാരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതിനുള്ള വാദം കേള്‍ക്കല്‍ ഈ വര്‍ഷം ഫെബ്രുവരി 23 മുതല്‍ 27 വരെ നടന്നു. ഏപ്രില്‍ 23-ന്, പ്രീ-ട്രയല്‍ ചേമ്പര്‍, ഡ്യുട്ടെര്‍ട്ടെയ്ക്കെതിരെ ചുമത്തിയ ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍’ സ്ഥിരീകരിച്ചു.

രാജ്യത്തെ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട് 2016ലാണ് ദുട്ടെര്‍ട്ടെ പ്രസിഡന്റായത്. നേരത്തെ ഡാവോ നഗരത്തില്‍ മേയറായിരുന്ന ഡുട്ടേര്‍ട്ടെ അവിടെയുള്ള കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരെ നേരിട്ട് കൊലപ്പെടുത്തിയിട്ടുണ്ടെന്ന് അഭിമാനത്തോടെ പല തവണ വെളിപ്പെടുത്തിയിരുന്നു.

പ്രസിഡന്റായിരിക്കെ ‘ദി പണിഷര്‍’ ‘ഡ്യുട്ടെര്‍ട്ടെ ഹാരി’ എന്നീ വിളിപ്പേരുകളും ഡുട്ടെര്‍ട്ടെക്ക് ലഭിച്ചിരുന്നു. ക്ലിന്റ് ഈസ്റ്റ്വുഡ് അവതരിപ്പിച്ച, കരുണയില്ലാത്ത പോലീസ് ഇന്‍സ്പെക്ടറുടെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഈ പേരുകള്‍. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ വേട്ടയാടാന്‍ സാധാരണക്കാരെ ഡുട്ടെര്‍ട്ടെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

ദുട്ടേര്‍ട്ടെയുടെ കാലത്ത് ലഹരിമരുന്നിനെതിരായ നടപടികളുമായി ബന്ധപ്പെട്ട് 6,000ലധികം മരണങ്ങള്‍ സംഭവിച്ചതായാണ് ഫിലിപ്പീന്‍സ് ദേശീയ പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മരണസംഖ്യ ഇതിലും വളരെ കൂടുതലാണെന്ന് സ്വതന്ത്ര സംഘടനകള്‍ വ്യക്തമാക്കുന്നു.

ചേരികളിലോ ദരിദ്രമായ പ്രദേശങ്ങളിലോ താമസിച്ചിരുന്ന പുരുഷന്മാരാണ് അന്ന് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. അക്രമങ്ങള്‍ രൂക്ഷമായിരുന്ന സമയത്ത്, തെരുവുകളില്‍ വെടിയേറ്റു മരിച്ചവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പോലീസ് ദിവസവും പുറത്തുവിടുമായിരുന്നു. മൃതദേഹങ്ങള്‍ക്ക് അരികില്‍, അവര്‍ ലഹരിമരുന്ന് കച്ചവടക്കാരോ ഉപയോക്താക്കളോ ആണെന്ന് ആരോപിക്കുന്ന കൈയെഴുത്ത് കാര്‍ഡ്‌ബോര്‍ഡ് ബോര്‍ഡുകളും വെച്ചിട്ടുണ്ടാകും.

Content Highlight: Trial in the case of The Prosecutor v. Rodrigo Roa Duterte to open on 30 November

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more