വാഷിങ്ടണ്‍: ദ റെസിസ്റ്റന്റ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് ടി.ആര്‍.എഫിനെ ഭീകര സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 26 കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്തുന്നതിന് പിന്നാലെയാണ് ടി.ആര്‍.എഫിനെ യു.എസ് ഭീകരരെ സംഘടനയായി പ്രഖ്യാപിക്കുന്നത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബയുടെ നിഴല്‍ സംഘടനയാണ് ടി.ആര്‍.എഫ്.
‘പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം നടപ്പിലാക്കുന്നതിനായാണ് നടപടി,’ ടി.ആര്‍.എഫിനെ ഭീകര സംഘടനയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ടി.ആര്‍.എഫിനെ ഒരു വിദേശ ഭീകര സംഘടന (എഫ്.ടി.ഒ)യായും പ്രത്യേകമായി നിയോഗിക്കപ്പെട്ട ആഗോള ഭീകര സംഘടന (എസ്.ഡി.ജി.ടി)യായും മുദ്രകുത്തുമെന്നും മാര്‍ക്കോ റൂബിയോ അറിയിച്ചു. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 13224 എന്നിവ പ്രകാരമാണ് ഈ നടപടി.
യു.എസിന്റെ നീക്കം അമേരിക്കയുടെ ദേശീയ സുരക്ഷാ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഭീകരതയെ ചെറുക്കുന്നതിനും വേണ്ടിയാണെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു.
2025 ഏപ്രില്‍ 22നാണ് പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരനുള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
പിന്നീട് ദ റെസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. ടി.ആര്‍.എഫ് തലവന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടെത്തിയിരുന്നു.
പഹല്‍ഗാമിലെ ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നിലപാടാണ് സ്വീകരിച്ചത്. സിന്ധു നദീജല കരാര്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ നടപടിയായിരുന്നു ഇത്. ഭീകരരെ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ കരാര്‍ റദ്ദാക്കിയത്.
പിന്നാലെ മെയ് ഏഴിന് ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സേനകള്‍ സംയുക്തമായി ആക്രമണം നടത്തുകയും ചെയ്തു. ഈ ഓപ്പറേഷനില്‍ പാകിസ്ഥാനിലെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.
ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെ പാകിസ്ഥാന്‍ സേനയും ഇന്ത്യക്കെതിരെ തിരിച്ചടിച്ചിരുന്നു. നേരത്തെ ടി.ആര്‍.എഫിനെ ഭീകരസംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിരുന്നു.
Content Highlight: US declares TRF a terrorist organisation