| Sunday, 4th September 2011, 3:41 pm

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളില്‍ ചിലത് കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചില അമൂല്യവസ്തുക്കള്‍ കാണാതായതായി റിപ്പോര്‍ട്ട്. 2008ലെ അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ക്ഷേത്രത്തിലെ സ്വത്തുക്കള്‍ കാണാതായതായി പറയുന്നത്.

2007ല്‍ അല്‍പശി ഉത്സവത്തിനായി ക്ഷേത്രത്തില്‍ നിന്നും പുറത്തെടുത്ത ആഭരണങ്ങളില്‍ ചിലതാണ് കാണാതയത്. നിത്യാതി നിലവറയില്‍ നിന്നും വ്യാസകോണ്‍ നിലവറയില്‍ നിന്നുമാണ് ആഭരണങ്ങള്‍ എടുത്തിരുന്നത്. ഈ ആഭരണങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം സബ്‌കോടതി അഭിഭാഷക കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. അഡ്വ.വി സുരേഷ്‌കുമാര്‍, പി.ആര്‍ ശ്യാം എന്നിവരാണ് കമ്മീഷനിലുണ്ടായിരുന്നത്.

തങ്കകട്ടികളും, 16 മരതകകല്ലുകളും, അലുക്കുകള്‍ തൂക്കിയിട്ട സ്വര്‍ണനൂലുകളും, സ്വര്‍ണം വെള്ളി ആഭരണങ്ങളുമാണ് കാണാതായത്. പുറത്തെടുത്ത സ്വര്‍ണ കൊലുസുകള്‍ക്ക് പകരം ഇരുമ്പിന്റെയും ചെമ്പിന്റെയും കൊലുസുകളാണ് തിരികെ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭരണങ്ങള്‍ തിരികെ എല്‍പ്പിക്കുമ്പോള്‍ ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നിരുത്തരവാദ പരമായാണ് പെരുമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരികെയേല്‍പ്പിക്കുന്ന ആഭരണങ്ങള്‍ തൂക്കി നോക്കണമെന്നാണ് നിയമം. എന്നാല്‍ ആഭരണങ്ങള്‍ തൂക്കാന്‍ രാജകുടുബം അനുവദിച്ചില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.

We use cookies to give you the best possible experience. Learn more