| Friday, 17th October 2025, 6:33 pm

അദ്ദേഹം ഏറ്റവും മികച്ച വൈറ്റ്-ബോള്‍ ക്രിക്കറ്ററാണ്; സൂപ്പര്‍ താരത്തെക്കുറിച്ച് ട്രാവിസ് ഹെഡ്

സ്പോര്‍ട്സ് ഡെസ്‌ക്

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. നിലവില്‍ ഓസീസിമെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇതോടെ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്.

ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഏറെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും കളത്തിലിറങ്ങുന്നത്. ഇപ്പോള്‍ ഇരുവരെയും കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മിന്നും ബാറ്റര്‍ ട്രാവിസ് ഹെഡ്. ഇന്ത്യയുടെ മികച്ച താരങ്ങളാണ് വിരാടും രോഹിത്തുമെന്ന് ഹെഡ് പറഞ്ഞു. വിരാട് ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബാറ്ററാണെന്നും രോഹിത് ഒട്ടും പിന്നിലല്ലെന്നും ഹെഡ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല 2027 ലോകകപ്പില്‍ ഇരുവരും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായം അദ്ദേഹം പറഞ്ഞു.

‘രോഹിത്തും വിരാടും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അവര്‍ വൈറ്റ്-ബോള്‍ ക്രിക്കറ്റിലെ മികച്ച കളിക്കാരാണ്. വിരാട് ഏറ്റവും മികച്ച വൈറ്റ്-ബോള്‍ കളിക്കാരനാണ്. രോഹിത് ഒട്ടും പിന്നിലല്ല. രോഹിത്തിനോട് എനിക്ക് വലിയ ബഹുമാനമാണ്. ഭാവിയില്‍ നമുക്ക് അവരെ നഷ്ടമാകും. 2027വരെ അവര്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നു. ലോകകപ്പില്‍ എത്താന്‍ അവര്‍ ശ്രമിക്കും, അവര്‍ ഇപ്പോഴും കളിക്കുന്നത് ക്രിക്കറ്റിന് നല്ലതാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിലും ഐ.പി.എല്ലിലും ഞാന്‍ രോഹിത്തിനെതിരെ ധാരാളം കളിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല. വരും വര്‍ഷങ്ങളില്‍ എനിക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ട്രാവിസ് ഹെഡ് പറഞ്ഞു.

ഏകദിനത്തില്‍ വിരാട് 302 മത്സരങ്ങളില്‍ നിന്ന് 14181 റണ്‍സാണ് നേടിയത്. 183 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 57.9 ആവറേജും 93.3 സ്ട്രൈക്ക് റേറ്റുമാണ് ഫോര്‍മാറ്റില്‍ വിരാടിനുള്ളത്. 51 സെഞ്ച്വറികളും 74 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

273 മത്സരങ്ങളില്‍ നിന്ന് രോഹിത് 11168 റണ്‍സ് നേടി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 48.8 എന്ന ആവറേജുമാണ് താരത്തിനുള്ളത്. മാത്രമല്ല 92.8 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ രോഹിത് 32 സെഞ്ച്വറികളാണ് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 58 അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

അതേസമയം ഓസീസിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളാണ് കളിക്കുക. ഒക്ടോബര്‍ 19നാണ് ആരംഭിക്കുക. ഒപ്റ്റസ് സ്റ്റേഡിമാണ് വേദി. 15 അംഗങ്ങള്‍ അടങ്ങുന്ന സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍

Content Highlight: Travis Head Praises Virat Kohli And Rohit Sharma

We use cookies to give you the best possible experience. Learn more