| Tuesday, 19th August 2025, 3:48 pm

നാല് വിക്കറ്റ്! പണ്ടൊക്കെ ബാറ്റിങ്ങില്‍ പേടിച്ചാല്‍ മതിയായിരുന്നു, ദേ ഇപ്പോള്‍ ബൗളിങ്ങും; 'തല'വേദന തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബൗളില്‍ തിളങ്ങി സൂപ്പര്‍ താരം ട്രാവിസ് ഹെഡ്. കസാലിസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നാല് വിക്കറ്റുമായാണ് ഹെഡ് തിളങ്ങിയത്.

വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കല്‍ടണും ടി-20 പരമ്പരയില്‍ പ്രോട്ടിയാസിനായി തകര്‍ത്തടിച്ച ബേബി ഡി വില്ലിയേഴ്‌സ് ഡെവാള്‍ഡ് ബ്രെവിസ് അടക്കമുള്ള താരങ്ങളെയാണ് ഹെഡ് മടക്കിയത്.

ഒമ്പത് ഓവര്‍ പന്തെറിഞ്ഞ് 57 റണ്‍സ് വഴങ്ങിയാണ് ഹെഡ് നാല് വിക്കറ്റ് സ്വന്തമാക്കിയത്.

റിയാന്‍ റിക്കല്‍ടണിനെ മാര്‍നസ് ലബുഷാന്റെ കൈകളിലെത്തിച്ചാണ് ഹെഡ് തന്റെ വേട്ട ആരംഭിച്ചത്. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടിലേക്ക് പാഞ്ഞടുത്ത സൗത്ത് ആഫ്രിക്കന്‍ പാര്‍ട്ണര്‍ഷിപ്പ് കൂട്ടുകെട്ട് തകര്‍ത്ത ബ്രേക് ത്രൂ കൂടിയായിരുന്നു ഹെഡിന്റെ വിക്കറ്റ് നേട്ടം.

യുവതാരം ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ സില്‍വര്‍ ഡക്കാക്കിയാണ് ഹെഡ് തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കിയത്. കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കിയായിരുന്നു സ്റ്റബ്‌സ് മടങ്ങിയത്.

സ്റ്റബ്‌സിന് പിന്നാലെ ക്രീസിലെത്തിയ ഡെവാള്‍ഡ് ബ്രെവിസ് നേരിട്ട ആദ്യ പന്തില്‍ തന്നെ ഹെഡിനെ സിക്‌സറിന് പറത്തിയാണ് തുടങ്ങിയത്. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ ഹെഡ് കാത്തിരുന്നില്ല. തൊട്ടടുത്ത പന്തില്‍ തന്നെ  അലക്‌സ് കാരിയുടെ കൈകളിലെത്തിച്ച് ഹെഡ് ഡെവാള്‍ഡ് ബ്രെവിസ് എന്ന കൊടുങ്കാറ്റിനെ അടക്കി. സൂപ്പര്‍ സ്പിന്നര്‍ കേശവ് മഹാരാജിനെ പുറത്താക്കിയാണ് ഹെഡ് തന്റെ ഫോര്‍ഫര്‍ പൂര്‍ത്തിയാക്കിയത്.

ഏകദിനത്തില്‍ താരത്തിന്റെ രണ്ടാം ഫോര്‍ഫര്‍ നേട്ടമാണിത്. ഏറ്റവും മികച്ച രണ്ടാമത് ബൗളിങ് ഫിഗറും ഇതുതന്നെ. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ 28 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടി. ഏയ്ഡന്‍ മര്‍ക്രം, ക്യാപ്റ്റന്‍ തെംബ ബാവുമ, മാത്യൂ ബ്രീറ്റ്‌സ്‌കി എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് മികച്ച സ്‌കോറിലെത്തിയത്.

ഏയ്ഡന്‍ മര്‍ക്രം 81 പന്തില്‍ 82 റണ്‍സ് നേടി. ബാവുമ 74 പന്തില്‍ 65 റണ്‍സും ബ്രീറ്റ്‌സ്‌കി 56 പന്തില്‍ 57 റണ്‍സും സ്വന്തമാക്കി. റിയാന്‍ റിക്കല്‍ടണ്‍ (43 പന്തില്‍ 33), വിയാന്‍ മുള്‍ഡര്‍ (26 പന്തില്‍ പുറത്താകാതെ 31) എന്നിവരാണ് പ്രോട്ടിയാസിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

Content Highlight: Travis Head picked 4 wickets against South Africa

We use cookies to give you the best possible experience. Learn more