| Sunday, 24th August 2025, 1:09 pm

കൊടുങ്കാറ്റായി ഹെഡ്ഡ്, ഇടിമിന്നലായി മാര്‍ഷ്; പ്രോട്ടിയാസിനെ തൂക്കിയടിച്ച് ഇവന്‍ നേടിയത് ഒന്നൊന്നര റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഗ്രേറ്റ് ബാരിയര്‍ റീഫ് അരേനയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.

നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 41 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സാണ് ഓസീസ് നേടിയത്. മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്.

103 പന്തില്‍ നിന്നും 17 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 142 റണ്‍സാണ് ഹെഡ്ഡ് അടിച്ചെടുത്തത്. മാര്‍ഷ് 106 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 100 റണ്‍സും പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്.

പരമ്പരയില്‍ കഴിഞ്ഞ രണ്ട് മത്സരവും പരാജയപ്പെട്ട ഓസ്‌ട്രേലിയക്ക് അഭിമാന വിജയത്തിനായി മികച്ച തുടക്കമാണ് ഇരുവരും നല്‍കിയത്. ഇതിനുപുറമേ ഒരു തകര്‍പ്പന്‍ റെക്കോഡും ട്രാവിസ് ഹെഡഡ്ഡ് നേടിയിട്ടുണ്ട്.

സൗത്ത് ആഫ്രിക്കക്കെതിരെ താരം നേടുന്ന ആദ്യത്തെ ഏകദിന സെഞ്ച്വറിയാണിത്. മാത്രമല്ല സ്വന്തം നാട്ടിലെ ഏകദിനത്തില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതാണ്. ഇതിന് പുറമേ സ്വന്തം നാട്ടില്‍ തന്റെ മൂന്നാമത്തെ സെഞ്ച്വറി പൂര്‍ത്തിയാക്കാനും ഹെഡ്ഡിന് സാധിച്ചു. താരത്തിന്റെ ഏഴാമത്തെ ഏകദിന സെഞ്ച്വറിയുമാണിത്.

നിലവില്‍ ടീമിന് വേണ്ടി ക്രീസില്‍ ഉള്ളത് അലക്‌സ് ക്യാരിയും കാമറൂണ്‍ ഗ്രീനുമാണ്. ഗ്രീന്‍ 23 പന്തില്‍ നിന്ന് 38 റണ്‍സും അലക്‌സ് 15 പന്തില്‍ നിന്ന് 22 റണ്‍സുമാണ് നേടിയത്. വിക്കറ്റ് നഷ്ടപ്പെടാതെ ടീമിനെ ഉയര്‍ന്ന സ്‌കോറില്‍ എത്തിക്കാനാണ് ഇരുവരുടെയും ലക്ഷ്യം.

അതേസമയം പ്രോട്ടിയാസിന് വേണ്ടി നിലവില്‍ സ്പിന്നര്‍ കേശവ് മഹാരാജിനും സെനുറാന്‍ മുത്തുസാമിയുമാണ് വിക്കറ്റ് നേടിയത്. ഹെഡ്ഡിനെ കുരുക്കിയത് മഹാരാജായിരുന്നു.

Content Highlight: Travis Head In Great Record Achievement Against South Africa

We use cookies to give you the best possible experience. Learn more