സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഗ്രേറ്റ് ബാരിയര്‍ റീഫ് അരേനയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.
നിലവില്‍ ഓസീസിന്റെ ബാറ്റിങ് അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്.
103 പന്തില്‍ നിന്നും 17 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 142 റണ്‍സാണ് ഹെഡ്ഡ് അടിച്ചെടുത്തത്. മാര്‍ഷ് 106 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 100 റണ്‍സും പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. ഇരുവര്‍ക്കും പുറമെ കാമറോണ്‍ ഗ്രൂനും സെഞ്ച്വറി നേടി ഏവരെയും അമ്പരപ്പിച്ചു. 55 പന്തില്‍ എട്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 118 റണ്‍സ് നേടി പുറത്താകാതെയാണ് ഗ്രീന്‍ നിറഞ്ഞാടിയത്. കൂടെ അലക്‌സ് ക്യാരി 37 പന്തില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കി.
പരമ്പരയില്‍ കഴിഞ്ഞ രണ്ട് മത്സരവും പരാജയപ്പെട്ട ഓസ്‌ട്രേലിയക്ക് അഭിമാന വിജയത്തിനായി മികച്ച തുടക്കമാണ് ഹെഡ്ഡും മാര്‍ഷും ടീമിന് നല്‍കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും. ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് നേടുന്ന മൂന്നാമത്തെ താരങ്ങള്‍ ആകാനാണ് ഇരുവര്‍ക്കും സാധിച്ചത്. ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലറെയും ഡേവിഡ് മാലാനെയും മറികടന്നാണ് ഇരുവരും മൂന്നാം സ്ഥാനത്ത് എത്തിയത്.
ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത് പാകിസ്ഥാന്റെ ആഘ സല്‍മാനും മുഹമ്മദ് റിസ്വാനുമാണ്. 2025 കറാച്ചിയില്‍ വെച്ച് 260 റണ്‍സ് ആണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. രണ്ടാം സ്ഥാനത്ത് പാകിസ്ഥാന്റെ തന്നെ അബ്ദുല്‍ റസാക്ക്- സലീം എല്‍ഹി സഖ്യവും ഉണ്ട്.
ആഘ സല്‍മാന്‍ & മുഹമ്മദ് റിസ്വാന്‍ – 260 റണ്‍സ് – 2025
അബ്ദുല്‍ റസാക്ക് & സലീം എല്‍ഹി – 257 റണ്‍സ് – 2002
ട്രാവിസ് ഹെഡ് & മിച്ചല്‍ മാര്‍ഷ് – 250 റണ്‍സ് – 2025
ജോസ് ബട്ട്‌ലര്‍ & ഡേവിഡ് മാലാന്‍ – 232 റണ്‍സ് – 2023
മാത്രമല്ല സൗത്ത് ആഫ്രിക്കക്കെതിരെ ഹെഡ്ഡ് നേടുന്ന ആദ്യത്തെ ഏകദിന സെഞ്ച്വറിയാണിത്. സ്വന്തം നാട്ടിലെ ഏകദിനത്തില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതാണ്. ഇതിന് പുറമേ സ്വന്തം നാട്ടില്‍ തന്റെ മൂന്നാമത്തെ സെഞ്ച്വറിയും ഏഴാമത്തെ ഏകദിന സെഞ്ച്വറിയും നേടാന്‍ താരത്തിന് കഴിഞ്ഞു.
അതേസമയം പ്രോട്ടിയാസിന് വേണ്ടി സ്പിന്നര്‍ കേശവ് മഹാരാജിനും സെനുറാന്‍ മുത്തുസാമിയുമാണ് വിക്കറ്റ് നേടിയത്. ഹെഡ്ഡിനെ കുരുക്കിയത് മഹാരാജായിരുന്നു. മറുപടി ബാറ്റിങ്ങില്‍ വിക്കറ്റ് നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടക്കാനും പരമ്പര തൂത്തുവാരാനുമാണ് പ്രോട്ടിയാസ് ഇറങ്ങുന്നത്.
Content Highlight: Travis Head and Mitchell Marsh became the third players to have the highest partnership against South Africa in ODIs