| Saturday, 8th November 2025, 3:06 pm

ഭക്ഷണത്തെ ലോക്കല്‍ എന്ന് പറഞ്ഞ് അപമാനിക്കരുത്, അന്നം ദൈവമാണ്: ട്രാവല്‍ വ്‌ളോഗറുടെ വീഡിയോക്ക് നേരെ സൈബര്‍ ആക്രമണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ട്രാവല്‍ വ്‌ളോഗറെന്ന നിലയില്‍ പ്രശസ്തി നേടിയ ബാക്ക് പാക്കര്‍ അരുണിമയുടെ പുതിയ വീഡിയോക്ക് നേരെ സൈബര്‍ ആക്രമണം. അസര്‍ബൈജാന്‍ യാത്രക്കിടെ പങ്കുവെച്ച വീഡിയോയാണ് ആക്രമണത്തിന് ഇരയായത്. യാത്രക്കിടെ തനിക്ക് അന്നാട്ടിലെ ആളുകള്‍ ഭക്ഷണം തരികയാണെന്നും അവിടുത്തെ ലോക്കല്‍ ഫുഡാണ് അതെന്നും അരുണിമ വീഡിയോയില്‍ പറയുന്നു.

ഈയൊരു ഭാഗമാണ് ചിലരെ ചൊടിപ്പിച്ചത്. ഭക്ഷണത്തെ നിന്ദിക്കുന്നുവെന്ന് ആരോപിച്ചാണ് അരുണിമയെ ‘മര്യാദ’ പഠിപ്പിക്കാന്‍ ചിലയാളുകള്‍ കമന്റ് ബോക്‌സില്‍ കയറിക്കൂടിയത്. ഭക്ഷണം ദൈവമാണെന്നും അതിനെ ലോക്കല്‍ എന്ന് പറഞ്ഞ് തരം താഴ്ത്തരുതെന്നുമാണ് കൂടുതല്‍ കമന്റുകളും. ലോക്കല്‍ ഫുഡ് എന്ന് പറഞ്ഞതിന്റെ പേരില്‍ അരുണിമയെ തെറി വിളിക്കുന്നവര്‍ വരെയുണ്ട്.

‘അവര്‍ ലോക്കലാണെങ്കില്‍ നീ വെറും കൂറയാണ്, ജാഡേ’, ‘ഭക്ഷണത്തെ ലോക്കല്‍ എന്ന് പറഞ്ഞ് നിന്ദിക്കരുത്’ ‘ഒരു ലോക്കല്‍ ഭക്ഷണം കഴിക്കുന്നു, എവിടെ പോയിട്ടും കാര്യമില്ല, കഴിക്കുന്ന ഫുഡിനോടം കഴിക്കാന്‍ തരുന്ന ആളുകളെയും ബഹുമാനിക്കണം’, ‘എന്തായാലും ഫ്രീ ഫുഡല്ലേ, അതിനെ ലോക്കലെന്നോ ബെറ്ററെന്നോ വേര്‍തിരിവില്ല’, എന്നിങ്ങനെയാണ് പല കമന്റുകളും.

അവരെ ലോക്കലെന്നേ വിളിക്കുള്ളൂവെന്നും അവള്‍ക്ക് കൊടുക്കുന്ന ഫ്രീ ഫുഡ് വല്ല പാവങ്ങള്‍ക്ക് കൊടുത്താല്‍ പുണ്യം കിട്ടുമെന്നുമാണ് മറ്റൊരു കമന്റ്. അവര്‍ ലോക്കലല്ലെന്നും വലിയവരാണെന്നും തനിക്ക് താമസിക്കാന്‍ സ്ഥലവും കഴിക്കാന്‍ ഭക്ഷണവും തന്നെന്നും ചിലര്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. എന്നാല്‍ അരുണിമയെ പിന്തുണച്ചുകൊണ്ടും ധാരാളം കമന്റുകള്‍ വരുന്നുണ്ട്.

ലോക്കല്‍ എന്നതിന്റെ അര്‍ത്ഥം പ്രാദേശികമാണെന്നും ആ കുട്ടി ഭക്ഷണത്തെ അപമാനിക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും നിരവധി കമന്റുകള്‍ വരുന്നുണ്ട്. അരുണിമയെ കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടിയും നല്കുന്നുണ്ട്. സ്‌കൂളില്‍ പോയ സമയത്ത് ലോക്കലിന്റെ അര്‍ത്ഥം എന്താണെന്ന് പഠിച്ചിട്ടില്ലേ എന്നാണ് കൂടുതലായും ചോദിക്കുന്നത്.

‘വിവരമുള്ള ആരുമില്ലേ ഈ കമന്റിടുന്നവര്‍ക്ക് ലോക്കലിന്റെ അര്‍ത്ഥം പറഞ്ഞുകൊടുക്കാന്‍’, ‘കമന്റ് ബോക്‌സ് മുഴുവന്‍ വെല്‍ എജ്യുക്കേറ്റഡാണല്ലോ’, ‘നിങ്ങള്‍ ഉദ്ദേശിക്കുന്ന ലോക്കലല്ല ആ കുട്ടി പറഞ്ഞത്’ എന്നിങ്ങനെയാണ് അരുണിമയെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകള്‍. സമ്പൂര്‍ണ സാക്ഷരതയാണല്ലോ എന്നും കമന്റുകളുണ്ട്.

Content Highlight: Travel Vlogger Backpacker Arunima’s new video got cyber attack

We use cookies to give you the best possible experience. Learn more