| Thursday, 1st November 2018, 11:06 pm

റോസ് ഐലന്‍ഡ്; തകര്‍ന്നടിഞ്ഞ സാമ്രാജ്യത്തിന്റെ ഇന്നലെകള്‍ പേറുന്ന ദ്വീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

572 ദ്വീപുകളിലായി പരന്നു കിടക്കുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ 32 ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. എന്നാല്‍ ഈ 32 ദ്വീപുകളിലായുള്ള അത്ഭുതങ്ങള്‍ ഏതൊരു സഞ്ചാരിയേയും അതിശയിപ്പിക്കുന്നതാണ്. അത്തരത്തില്‍ ആന്‍ഡമാനില്‍ നിഗൂഡതകള്‍ മാത്രം ഒളിപ്പിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഒരിടമാണ് റോസ് ഐലന്‍ഡ്. ഒരു കാലത്ത് പ്രകൃതി ഭംഗിയുടെ മാസ്മരിക ലോകം തീര്‍ത്തിരുന്ന ഇവിടം ഇന്ന് ഒരു ശ്മശാനമാണ്. സമൃദ്ധമായിരുന്ന ഇന്നലെയുടെ സ്മരണകള്‍ പേറുന്ന, അത്ഭുതങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന റോസ് ഐലന്‍ഡിനെ അറിയാം


റോസ് ഐലന്‍ഡ്

പോര്‍ട് ബ്ലെയറില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഏകാന്തതയും നിഗൂഡതയും ചൂഴ്ന്ന് നില്‍ക്കുന്ന ഇടമാണ് റോസ് ദ്വീപ്. ഒരു കാലത്ത് ബ്രിട്ടീഷ് ഭരണത്തിന്റെ കേന്ദ്രമായിരുന്നു ഇവിടം. അക്കാലത്ത് ലഭ്യമായ എല്ലാവിധ സൗകര്യങ്ങളും ലഭിച്ചിരുന്ന ഇവിടം 1940കളില്‍ ഉണ്ടായ കനത്ത പ്രകൃതി ദുരന്തത്തില്‍ പിന്നീട് ഒരിക്കലും തിരിച്ചു വരാനാവാത്ത വിധം നശിപ്പിക്കപ്പെടുകയായിരുന്നു.

ഡാനിയേല്‍ റോസ് എന്ന് പേരുള്ള മറൈന്‍ സര്‍വേയറുടെ പേരില്‍ നിന്നാണ് ഈ ദ്വീപിന് റോസ് ദ്വീപ് എന്ന പേരുണ്ടായത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകള്‍ ഇരമ്പുന്ന ഒരു സ്ഥലം കൂടിയാണ് ഇത്. 1941 ലെ ഭൂകമ്പമാണ് റോസ് ഐലന്റിന്റെ രൂപം അപ്പാടെ മാറ്റിയത്. തകര്‍ന്നടിഞ്ഞു കിടക്കുന്ന ദേവാലയം, കാടുകയറിയ ആശുപത്രികള്‍, ജാപ്പനീസ് ബങ്കറുകള്‍, മറ്റു കെട്ടിടങ്ങള്‍, ഒക്കെയും ഒരു മാറ്റവും ഇല്ലാതെ ഇവിടെ കാണാം.


ഒന്നാം സ്വാതന്ത്ര്യ സമരകാലമായ 1857ലാണ് ബ്രിട്ടീഷുകാര്‍ റോസ് ദ്വീപിലേക്ക് വരുന്നത്. ദ്വീപിന്റെ ഭരണസിരാകേന്ദ്രമായ റോസ് ദ്വീപില്‍ ഒരു ജനതയ്ക്ക് ജീവിക്കാന്‍ പറ്റുന്ന് എല്ലാം ഉണ്ടായിരുന്നു. മാര്‍ക്കറ്റ്, ബസാര്‍, ബേക്കറി, ദേവാലയങ്ങള്‍, പള്ളി. ടെന്നീസ് കോര്‍ട്ട്, പ്രിന്റിങ് പ്രസ്, സെക്രട്ടറിയേറ്റ്, ആശുപത്രി, സെമിത്തേരി, സ്വിമ്മിങ് പൂള്‍ തുടങ്ങിയവയെല്ലാം ഇവിടെ തടവുകാരെ കൊണ്ട് ഒരുക്കിയിരുന്നു.

ഉയര്‍ന്ന റാങ്കിലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മറ്റും ജിവിക്കുന്ന ഇടമായി ഇവിടം മാറി. ഇവിടുത്തെ അടുത്തുള്ള ദ്വീപുകള്‍ പലപ്പോഴും കടലാക്രമണങ്ങള്‍ക്കും മറ്റും വിധേയമാകുമ്പോള്‍ ഇവിടം എല്ലായ്പ്പോളും എല്ലാ തരത്തിലും സുരക്ഷിതമായിരുന്നു. അങ്ങനെയാണ് ഇവിടം ബ്രിട്ടീഷുകാര്‍ക്ക് പ്രിയപ്പെട്ട ഇടമായി മാറുന്നത്.

നാടിനെ ബ്രിട്ടീഷ് കരങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി ശബ്ദവും കരങ്ങളും ഉയര്‍ത്തുന്നവര്‍ക്ക് ഒരു പാഠം എന്ന നിലയില്‍ ബ്രിട്ടീഷുകാര്‍ റോസ് ഐലന്‍ഡില്‍ ഒരു ബ്രിട്ടീഷ് കോളനി തന്നെ തീര്‍ത്തു. സമരത്തില്‍ പങ്കെടുത്ത ധീരന്‍മാരെ കഠിന കുറ്റവാളികളായി മുദ്രകുത്തി ഇവിടെ എത്തിച്ച് തടവിലാക്കുമായിരുന്നു.

മാത്രമല്ല, ദ്വീപിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അവരുടെ മാനുഷിക ശേഷി ഉപയോഗിക്കുകയും ചെയ്തു. പിന്നീട് ഈ പീന്‍ കോളനി കാലാപാനി എന്ന പേരില്‍ കുപ്രസിദ്ധ സ്ഥലമായി മാറി. ഇവിടുത്തെ കാട് വെട്ടി മറ്റി മനുഷ്യയോഗ്യമായ ഒരു കോളനി നിര്‍മ്മിക്കുക എന്നതായിരുന്നു ഇവിടെ കൊണ്ടുവന്നിരുന്ന തടവുകാരുടെ ജോലി.


അതിനിടയില്‍ ബ്രിട്ടീഷുകാരുടെ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടവരും ഒരുപാടുണ്ട്. ഒട്ടേറെ കഥകളിലൂടെ കടന്നു പോയിട്ടുള്ള റോസ് ഐലന്‍ഡിനെ രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് 1942ല്‍ ജാപ്പനീസ് സൈന്യം കീഴടക്കുകയും ബ്രിട്ടീഷുകാരെ ഒഴിപ്പിക്കുകയും ചെയ്തു.
ഭരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇടിച്ചു തകര്‍ത്ത ജാപ്പനീസ് ആര്‍മി പീനല്‍ കോളനി മാത്രം ബാക്കി വെച്ചു. 1945 വരെ ഇവിടം ജപ്പാന്റെ കീഴിലായിരുന്നു. ദ്വീപിന്റെ ചരിത്രത്തിലെ മറ്റൊരു സുവര്‍ണ്ണ അധ്യായമാണ് 1943ല്‍ സുഭാഷ് ചന്ദ്രബോസ് ഇവിടെ ഇന്ത്യയുടെ പതാക ഉയര്‍ത്തിയത്.

റോസ് ദ്വീപില്‍ എങ്ങനെയെത്താം

ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലെ അബേര്‍ദീന്‍ ബോട്ട് ജെട്ടിയില്‍ നിന്ന് 10 മിനുറ്റ് ബോട്ടില്‍ യാത്ര ചെയ്യണം റോസ്സ് ഐലന്‍ഡില്‍ എത്തിച്ചേരാന്‍. അബേര്‍ദീന്‍ ജെട്ടിയില്‍ നിന്ന് എട്ടര മുതല്‍ ഒന്‍പത് മണി വരേ ഈ ദ്വീപിലേക്ക് ബോട്ടുകള്‍ പുറപ്പെടുന്നുണ്ട്. ഉച്ച തിരിഞ്ഞ് രണ്ട് മണി വരെ ഇവിടെ ചിലവഴിക്കുവാന്‍ അനുമതിയുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more