| Friday, 29th May 2026, 7:07 am

ട്രോമ കെയര്‍ പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകം; മുഴുവന്‍ അടിയന്തര നമ്പറുകളും 112ല്‍ ലയിപ്പിക്കാന്‍ സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: അടിയന്തര ചികിത്സ ലഭിക്കാനുള്ള പൗരന്മാരുടെ അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതി. ആര്‍ട്ടിക്കിള്‍ 21 ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്. റോഡപകടങ്ങള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ വൈകുന്ന ഓരോ മിനിറ്റും പൗരന്റെ ജീവിക്കാനുള്ള അവകാശത്തെ കുറയ്ക്കുന്നുവെന്നും കോടതി പറഞ്ഞു.

100, 101, 108, 102, 1033, 1091 തുടങ്ങിയ എല്ലാ അടിയന്തര, ആംബുലന്‍സ് ഹെല്‍പ്പ് ലൈനുകളും മൂന്ന് മാസത്തിനുള്ളില്‍ 112 ഹെല്‍പ്പ് ലൈനുമായി സംയോജിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.

കൂടാതെ പ്രവര്‍ത്തന ക്ഷമമായ പരാതി പരിഹാര സംവിധാനം സ്ഥാപിക്കാനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തു.

ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, അതുല്‍ എസ്.ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ട്രോമ കെയറിനായി സംസ്ഥാനങ്ങളിലുടനീളം ഏകീകൃത സംവിധാനം സൃഷ്ടിക്കണമെന്നും ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും സമയബന്ധിതമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സമഗ്രമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് ദല്‍ഹി ആസ്ഥാനമായുള്ള റോഡ് സുരക്ഷാ സംഘടനയായ സേവ് ലൈഫ് ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തരവും തടസമില്ലാത്തതുമായ ചികിത്സ ഉറപ്പാക്കുന്ന പി.എം രാഹത് ക്യാഷ്‌ലെസ് സ്‌കീം മൂന്ന് മാസത്തിനകം പൂര്‍ണ്ണമായി നടപ്പിലാക്കണമെന്നും അപകടത്തില്‍പ്പെടുന്നവരെ സഹായിക്കുന്ന ആളുകളെ (ഗുഡ് സമരിറ്റന്‍) പൊലീസ് അല്ലെങ്കില്‍ നിയമപരമായ പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ കൃത്യമായ പരാതി പരിഹാര സംവിധാനം ഒരുക്കണമെന്നും കോടതി പറഞ്ഞു.

ആംബുലന്‍സുകള്‍ പ്രധാന മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ഇത് റോഡപകടങ്ങളിലും മറ്റുമുള്ള ഇരകള്‍ക്ക് കൃത്യ സമയത്ത് ആശുപത്രികള്‍ എത്താന്‍ കഴിയുന്നില്ലെന്നും കോടതി പറഞ്ഞു.

ഇത് പരിഹരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആംബുലന്‍സുകളും ദേശീയ ആംബുലന്‍സ് കോഡ് പൂര്‍ണമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും ജി.പി.എസ് സംവിധാനം നിര്‍ബന്ധമാക്കാനും കോടതി നിര്‍ദേശിച്ചു.

Content Highlight: Trauma care is an integral part of citizens’ right to life; Supreme Court orders merging all emergency numbers into 112

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more