| Saturday, 22nd November 2025, 5:10 pm

അമയ പ്രസാദിനും മത്സരിക്കാം; സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു, അനുമതി നല്‍കി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വനിതാ സംവരണ സീറ്റില്‍ മത്സരിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അമയ പ്രസാദിന് ഹൈക്കോടതിയുടെ അനുമതി. വോട്ടര്‍ പട്ടികയിലെ സാങ്കേതികമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി അമയ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ട്രാന്‍സ് വുമണായ അമയയുടെ സര്‍ജറിക്ക് ശേഷമുള്ള മുഴുവന്‍ രേഖകളിലും സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം വോട്ടര്‍ പട്ടികയിലാണ് അമയ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിനെതിരെയാണ് അമേയയും കോണ്‍ഗ്രസും ഹൈക്കോടതിയെ സമീപിച്ചത്.

നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും നല്‍കിയ രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതി അമയയ്ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയത്. ഈ രേഖകളില്‍ അമയ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

‘പ്രിയമുള്ളവരെ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷന്‍ മത്സരിക്കുന്നതിനുള്ള നോമിനേഷന്‍, സൂക്ഷ്മപരിശോധനയില്‍ അംഗീകരിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു,’ എന്ന് അമയ പ്രസാദ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് അമയ പ്രസാദ്. അമയയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്.

ഹരജി പരിഗണിച്ച ഹൈക്കോടതി, അമയയുടെ സ്ഥാനാര്‍ത്ഥിത്വം സ്വീകരിക്കണോ എന്നതില്‍ റിട്ടേര്‍ണിങ് ഓഫീസര്‍ക്ക് തീരുമാനമെടുക്കാമെന്ന് നിര്‍ദേശിച്ചിരുന്നു.

നിലവില്‍ അമയ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. അമയയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് റിട്ടേര്‍ണിങ് ഓഫീസറും വ്യക്തമാക്കി.

Content Highlight: Transwomen Amaya Prasad can also contest; High Court grants permission

We use cookies to give you the best possible experience. Learn more