| Wednesday, 10th September 2025, 11:45 pm

എം.വി.ഡി വാഹനങ്ങള്‍ക്കെതിരെയുള്ള ഇ-ചലാനുകള്‍ ഗൗരവമായി കാണും: ഗതാഗത കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എം.വി.ഡി വാഹനങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച ഇ-ചലാന്‍ റദ്ദാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ഗതാഗത കമ്മീഷണര്‍. ഇത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും എം.വി.ഡി വാഹനങ്ങള്‍ക്കെതിരെയുള്ള ഇ-ചലാനുകള്‍ ഗൗരവമായി കാണും കമ്മീഷണര്‍ പറഞ്ഞു. ഒരിക്കല്‍ പുറപ്പെടുവിച്ച ഇ-ചലാന്‍ റദ്ദാക്കാന്‍ വകുപ്പിന് അധികാരമില്ലെന്നും ഗതാഗത കമ്മീഷണര്‍ വ്യക്തമാക്കി.

‘മോട്ടോര്‍ വാഹന വകുപ്പില്‍ അത്തരമൊരു നിര്‍ദേശമോ ചര്‍ച്ചയോ ഉണ്ടായിട്ടില്ല. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുടെ പേരില്‍ ഈ വകുപ്പിലെ വാഹനങ്ങള്‍ക്കെതിരെ പോലും പുറപ്പെടുവിച്ച ചലാനുകള്‍ വകുപ്പ് ഗൗരവമായി കാണുന്നുണ്ട്.

ഒരിക്കല്‍ പുറപ്പെടുവിച്ച ചലാനുകള്‍ റദ്ദാക്കാന്‍ കോടതികള്‍ക്ക് മാത്രമേ നിയമപരമായ അധികാരമള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നിയമലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും മാത്രം ഉദ്ദേശിച്ചാണ് ഈ വ്യാജ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്,’ ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പിലെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ എല്ലാ റോഡ് ഉപയോക്താക്കളും നിയമങ്ങള്‍ക്ക് വിധേയരാണ്. റോഡ് നിയമങ്ങള്‍ പാലിക്കാതിരിക്കുന്നത് പൊതുജന സുരക്ഷയ്ക്ക് ഹാനികരമാണ്. ഇത്തരം വ്യാജവാര്‍ത്തകളില്‍ ഒരു തരി പോലും സത്യമില്ലെന്ന് ആവര്‍ത്തിക്കുന്നുവെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Transport Commissioner says e-challans against MVD vehicles will be taken seriously

We use cookies to give you the best possible experience. Learn more