| Sunday, 16th November 2025, 9:12 pm

ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് അരുണിമ മത്സരിക്കും; വീണ്ടും ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വീണ്ടും ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ നിയോഗിച്ച് കോണ്‍ഗ്രസ്. ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയായ അരുണിമ എം. കുറുപ്പിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വയലാര്‍ ഡിവിഷനില്‍ നിന്നും അരുണിമ മത്സരിക്കും. നിലവില്‍ കെ.എസ്.യു ജനറല്‍ സെക്രട്ടറി കൂടിയാണ് അരുണിമ.

ഇന്ന് യോഗം ചേര്‍ന്ന യു.ഡി.എഫ് ജില്ലാ കോര്‍ കമ്മിറ്റിയിലാണ് അരുണിമയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനമെടുത്തത്.

നേരത്തെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില് നിന്നും ട്രാന്‍സ്‌ജെന്‍ഡറായ അമേയ പ്രസാദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ, മൂന്ന് സീറ്റെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് കെ.പി.സി.സി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസിന്റെ തീരുമാനം.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ സീറ്റ് നല്‍കാനായി ധാരണയിലെത്തിയിരുന്നു.

നിലവില്‍ രണ്ട് ജില്ലകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയതോടെ ഇനി എറണാകുളത്തും ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ പ്രതീക്ഷിക്കാം.

Content Highlight: Transgender Congress Leader Arunima M Kurup to contest for Alappuzha district panchayath

We use cookies to give you the best possible experience. Learn more