മലയാള സിനിമയിലെ പരിചിതമായ പലരുടെയും ഒരിടവേളക്ക് ശേഷമുള്ള തിരിച്ചുവരവായിരുന്നു അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ നിവിന്‍ പോളി ചിത്രം സര്‍വ്വം മായ. ഒരു കാലത്ത് മലയാളത്തില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങി നിന്നിരുന്ന മധു വാര്യര്‍, ജനാര്‍ദ്ദനന്‍, വിജീഷ് വിജയന്‍ തുടങ്ങിയവരുടെ ഗംഭീര പ്രകടനത്തിനാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്.
ഇതില്‍ പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടേണ്ട പേരാണ് നൂലുണ്ട എന്ന പേരില്‍ അറിയപ്പെടുന്ന നടന്‍ വിജീഷ് വിജയന്റെത്. ചിത്രത്തില്‍ വളരെ കുറഞ്ഞ നേരത്തേക്ക് മാത്രം വന്നുപോകുന്ന വിജീഷ് താന്‍ നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനിലൂടെ ആരാധകരെ ഞെട്ടിച്ചിരുന്നു. 2002 ല്‍ പുറത്തിറങ്ങിയ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതത്തിന് തുടക്കം കുറിച്ച നടനാണ് വിജീഷ്.
നമ്മള്‍. Photo: Malayalam Movies cafe
ചിത്രത്തില്‍ നായകകഥാപാത്രങ്ങളുടെ സുഹൃത്തായി എത്തിയ നൂലുണ്ട എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. സാമാന്യം ഭാരം കൂടിയ ശരീരപ്രകൃതിയുള്ള നൂലുണ്ട എന്ന കഥാപാത്രത്തിന്റെ പേര് തന്നെ ഇന്‍ഡസ്ട്രിയില്‍ വിജീഷിന്റെ ഐഡിന്റിറ്റി ആയി മാറുകയായിരുന്നു. പിന്നീട് സ്വപ്‌നക്കൂട്, ചക്രം, ഗ്രാമഫോണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനവേഷത്തിലെത്തിയ താരം 2006 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം ക്ലാസ്‌മേറ്റ്‌സില്‍ വണ്ണം കുറച്ച് പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാല്‍ തന്റെ അരങ്ങേറ്റ ചിത്രം കഴിഞ്ഞ് 22 വര്‍ഷങ്ങള്‍ക്കിപ്പുറം സര്‍വ്വം മായ ചെയ്യുമ്പോള്‍ ഭാരം മാത്രമല്ല തന്റെ പ്രായവും കൂടിയാണ് വിജീഷ് കുറച്ചിരിക്കുന്നത്. അജു വര്‍ഗീസിന്റെ പരികര്‍മിയായ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വിജീഷ് വിജയന്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തന്റെ സ്ഥാനത്തേക്ക് നിവിന്‍ പോളിയുടെ കഥാപാത്രം പ്രഭേന്ദു എത്തിയപ്പോള്‍ സ്‌കൂട്ടിയില്‍ മാസായി വന്ന് ഓട്ടോക്ക് വട്ടം വെച്ച് പ്രഭേന്ദുവിനെ ഭീഷണിപ്പെടുത്തുന്ന രംഗവും ചിത്രത്തിലുണ്ട്.
വലിയ ബില്‍ഡ് അപ്പോടെ തിരിച്ച് പോകുമ്പോള്‍ പെട്ടികടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി ഉണക്കമീനും തോളത്തിട്ട് നില്‍ക്കുന്ന ഹാസ്യരംഗവും മികച്ച രീതിയില്‍ വിജീഷ് കൈകാര്യം ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട നൂലുണ്ട എന്ന കഥാപാത്രത്തിന്റെ അല്പം പോലും ലാജ്ഞന ഇല്ലാതെയാണ് പുതിയൊരു മനുഷ്യനായി വിജീഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് താന്‍ ചെയ്ത് വെച്ച കഥാപാത്രത്തിന് ഇന്നത്തെക്കാളും പ്രായം തോന്നുന്നു എന്ന് പറയുമ്പോള്‍ അത് ഒരു വ്യക്തി എന്ന നിലയില്‍ വിജീഷ് കടന്നുപോയ മാറ്റങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് എന്ന് നിസ്സംശയം പറയാം. കരിയറിന്റെ തുടക്ക കാലത്ത് മികച്ച സിനിമകള്‍ ചെയ്ത താരത്തിന് ഇടക്കാലത്ത് കുറഞ്ഞ ചിത്രങ്ങളുടെ ഭാഗമാകാന്‍ മാത്രമാണ് സാധിച്ചത്.
സര്‍വ്വം മായ . Photo: Book My show
സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ഖത്തറില്‍ ജോലിക്ക് പോയ താരം പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതും തൃശൂരില്‍ വെച്ച് അഖില്‍ സത്യനെ കണ്ടുമുട്ടി വീണ്ടും സിനിമയിലേക്ക് എത്താനിടയായ സാഹചര്യത്തെക്കുറിച്ചും നേരത്തേ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഭാരം കുറക്കുന്നതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.
നിവിന്‍ പോളി-അജു വര്‍ഗീസ് കൂട്ടുകെട്ടിന്റെ ഹൈലൈറ്റുള്ള സര്‍വ്വം മായ തിയേറ്ററുകളില്‍ നിന്നും 150 കോടിയോളമാണ് കളക്ഷനായി നേടിയത്. തിയേറ്ററിലെ മികച്ച പ്രകടനത്തിന് ശേഷം കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.
Content Highlight: Transformation of Vijeesh Vijayan in Sarvam Maya comapring Nammal in 2002