കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിറകെ സംസ്ഥാനത്തെ ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി മമത ബാനർജി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കല്യാൺ ബാനർജി കൊൽക്കത്ത ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു.
സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കാതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ഹരജി ചോദ്യം ചെയ്തു.
ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് ഡയറക്ടർ ജനറൽ എന്നിവരുൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ മാർച്ച് 15 ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ഉടനെ കമ്മീഷൻ സ്ഥലം മാറ്റിയിരുന്നു.
മുഖ്യമന്ത്രി മമത ബാനർജി കടുത്ത ഭാഷയിൽ ഈ നീക്കത്തെ എതിർത്തു. ഇതൊരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നും സർക്കാർ സംവിധാനങ്ങളിലൂടെ ബംഗാളിലെ അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണെന്നും മമത പറഞ്ഞു.
‘ഇപ്പോൾ നമ്മൾ കാണുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്, ഇത് രാഷ്ട്രീയമായ പ്രതികാര ബുദ്ധിയിൽ നിന്നും ഉദിച്ചതാണ് അല്ലാതെ ജനാധിപത്യ മൂല്യങ്ങളിൽ നിന്നല്ല,’ മമത കൂട്ടിച്ചേർത്തു.
‘തെരഞ്ഞെടുപ്പ് കമ്മീഷൻ മര്യാദയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചു. വോട്ടർപട്ടിക പുനപരിശോധനമുതൽ കമ്മീഷൻ പക്ഷപാതത്തോടെയാണ് പെരുമാറുന്നത്, അടിസ്ഥാന യാഥാർഥ്യങ്ങളെയും ജനങ്ങളുടെ ക്ഷേമത്തെയും കമ്മീഷൻ പരിഗണിക്കുന്നില്ല,’ ബംഗാൾ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
അതിനിടയിൽ ചില ഉദ്യോഗസ്ഥരുടെ അന്തർ സംസ്ഥാന സ്ഥലം മാറ്റം തെരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസിന്റെ ഹരജി അടുത്ത ആഴ്ച കോടതി പരിഗണിക്കും. 294 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23 നും 29 നും നടക്കും. മെയ് നാലിന് ഫലം പ്രഖ്യാപിക്കും.
Content Highlight: Transfer of IAS and IPS officers after election announcement; Mamata approaches High Court