| Thursday, 21st August 2025, 7:16 pm

ബലാത്സംഗം ചെയ്യുന്നത് പോലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടണം; രാഹുലിനെതിരെ ആരോപണവുമായി ട്രാന്‍സ് വുമണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ അവന്തിക. ലൈംഗിക വൈകൃതം നിറഞ്ഞ ഭാഷയില്‍ തന്നോട് സംസാരിച്ചുവെന്നും കേരളത്തിന് പുറത്ത്, ഹൈദരാബാദിലോ ബെംഗളൂരുവിലോ പോയി ബലാത്സംഗം ചെയ്യുന്നത് പോലെ ലൈംഗികബന്ധത്തിലേര്‍പ്പെടണം എന്നാണ് രാഹുല്‍ പറഞ്ഞതെന്നും അവന്തിക പറയുന്നു.

ടെലഗ്രാമിലൂടെയാണ് രാഹുല്‍ ചാറ്റ് ചെയ്തതെന്നും ഓപ്പണ്‍ ചെയ്യുന്നതിന് പിന്നാലെ ഡിലീറ്റ് ആകുന്ന തരത്തിലുള്ള മെസേജുകളാണ് രാഹുല്‍ അയയ്ക്കുന്നതെന്നും അവന്തിക പറഞ്ഞു.

രാത്രി 11 മണിക്ക് ശേഷമാണ് രാഹുല്‍ മെസേജുകളയക്കുന്നത്. ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം നേരിട്ട് ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടുവെന്ന് അവന്തിക പറഞ്ഞു.

മറ്റൊരു മാധ്യമത്തോട് വെളിപ്പെടുത്തല്‍ നടത്തവെ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വിളിച്ചിരുന്നു.  ഇക്കാര്യം പുറത്തുവരുന്നത് രാഹുല്‍ ഭയക്കുന്നുവെന്നും അവന്തിക പറഞ്ഞു.

ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യണമെന്ന് പറയാനുള്ള ധൈര്യം ഒരു എം.എല്‍.എയ്ക്ക് എങ്ങനെ വന്നുവെന്നും അവന്തിക ചോദിക്കുന്നു. രാഹുല്‍ അത്രത്തോളം ലൈംഗികവൈകൃതം നിറഞ്ഞ ആളാണെന്നും അവന്തിക കൂട്ടിച്ചേര്‍ത്തു.

ഇവര്‍ക്ക് പുറമെ രാഹുല്‍ മങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്‍  പരാതി നല്‍കിയിരിക്കുകയാണ്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ചാണ് പരാതി.

എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്. പരാതി സ്വീകരിച്ച പൊലീസ്, എം.എല്‍.എക്കെതിരെ നടപടിയെടുക്കാന്‍ നിയമോപദേശം തേടാന്‍ തയ്യാറെടുക്കുന്നതായാണ് വിവരം.

രാഹുലിനെതിരെ ബാലാവകാശ കമ്മീഷന് മുമ്പാകെയും പരാതി എത്തിയിട്ടുണ്ട്.രാഹുലിനെതിരെ പുറത്തുവന്ന ശബ്ദസന്ദേശത്തിലും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിലും അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.

ഇന്ന് (വ്യാഴം) ഉച്ചയോടെയാണ് രാഹുലിനെതിരെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നത്. വിവിധ മാധ്യമങ്ങളാണ് ശബ്ദരേഖ പുറത്തുവിട്ടത്.

ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ താത്പര്യമില്ലെന്ന് യുവതി പറയുമ്പോള്‍ ‘തന്തയില്ലാത്ത കൊച്ചിനെ വളര്‍ത്താനാണോ ഉദ്ദേശം’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്. തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ എന്ന് യുവതി തിരിച്ച് ചോദിക്കുന്നുണ്ട്. ആ കൊച്ചിന് അച്ഛനായി ആരെ ചൂണ്ടിക്കാണിക്കും എന്ന ചോദ്യത്തിന് തന്നെ ചൂണ്ടിക്കാണിക്കും എന്ന് യുവതി മറുപടിയും നല്‍കുന്നുണ്ട്.

‘എനിക്കത് ബുദ്ധിമുട്ടാകില്ലേ’ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ ‘അതെങ്ങനെയാണ് തന്റെ ബുദ്ധിമുട്ടാവുക’ എന്നാണ് യുവതി തിരിച്ച് ചോദിച്ചത്. പിന്നെ താന്‍ ഏല്‍ക്കണോ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ ‘തന്നോട് ഇത് ഏല്‍ക്കണമെന്ന് പറഞ്ഞില്ലല്ലോ’ എന്ന് യുവതി തിരിച്ച് ചോദിക്കുന്നുണ്ട്. ‘അത് ഞാന്‍ നോക്കിക്കോളാം, താന്‍ അറിയണ്ട’ എന്ന് യുവതി പറയുന്നിടത്ത് സംഭാഷണം അവസാനിക്കുന്നത്.

Content Highlight: Trans woman Avantika makes serious allegations against Rahul Mangkootatil.

We use cookies to give you the best possible experience. Learn more