| Monday, 20th October 2025, 7:47 am

ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ ഉപയോഗിച്ച ഫോയില്‍ പാത്രങ്ങള്‍ കഴുകിയെടുക്കുന്ന ജീവനക്കാര്‍; വീഡിയോ, പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യാത്രക്കാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഉപയോഗിച്ച ഫോയില്‍ പാത്രങ്ങള്‍ വീണ്ടും കഴുകിയെടുത്ത് റെയില്‍വേയിലെ കാറ്ററിങ് വെണ്ടര്‍മാര്‍. അമൃത് ഭാരത് എക്‌സ്പ്രസിലാണ് സംഭവം. ട്രെയിനിലെ വാഷ് ബേസിനില്‍ വെച്ചാണ് വെണ്ടര്‍മാര്‍ ഫോയില്‍ പാത്രങ്ങള്‍ കഴുകിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇന്ത്യന്‍ റെയില്‍വേ വിശദീകരണം നല്‍കി. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി ഐ.ആര്‍.സി.ടി.സി അറിയിച്ചു.

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നവര്‍ക്ക് വില്‍ക്കാനുള്ള ഉദ്ദേശത്തോടെയാണ് വെണ്ടര്‍മാര്‍ ഫോയില്‍ പാത്രങ്ങള്‍ കഴുകിയെടുത്തതെന്നാണ് ഐ.ആര്‍.സി.ടി.സിയുടെ വാദം. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. ഉപയോഗിച്ച ഭക്ഷണ വസ്തുക്കള്‍ യാത്രക്കാര്‍ക്ക് നല്‍കാറില്ലെന്നും ഐ.ആര്‍.സി.ടി.സി പറഞ്ഞു.

പ്രാഥമിക അന്വേഷണത്തില്‍, ഉപയോഗിച്ച ഫോയില്‍ പാത്രങ്ങള്‍ വെണ്ടര്‍മാരില്‍ നിന്ന് ശേഖരിക്കാറുണ്ടെന്ന് സ്‌ക്രാപ്പര്‍മാര്‍ പറഞ്ഞതായും ഐ.ആര്‍.സി.ടി.സി പ്രതികരിച്ചു.

ട്രെയിനില്‍ വിതരണം ചെയ്യുന്ന എല്ലാ ഭക്ഷണ സാധനങ്ങളും പുതുതായി തയ്യാറാക്കിയതാണെന്ന് കാറ്ററിങ് വെണ്ടറായ എക്‌സ്പ്രസ് ഫുഡ് സര്‍വീസസ് പറഞ്ഞു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ മാനദണ്ഡങ്ങളും പാലിച്ചാണ് ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതെന്നും എക്‌സ്പ്രസ് ഫുഡ് സര്‍വീസസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം അമൃത് ഭാരത് എക്‌സ്പ്രസില്‍ ഉണ്ടായത് റെയില്‍വേ വകുപ്പിന്റെ അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തി.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അദ്ദേഹത്തിന്റെ സൗകര്യാര്‍ത്ഥം പൊതുജനങ്ങളില്‍ നിന്ന് യാത്രക്കൂലി ഈടാക്കുന്നു. എന്നാല്‍ അതിന് അനുസരിച്ചുള്ള സൗകര്യങ്ങള്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ഇക്കാര്യത്തില്‍ റെയില്‍വേ ഔദ്യോഗികമായി ഒരു ഉറപ്പ് നല്‍കണമെന്ന് യാത്രക്കാരും ആവശ്യപ്പെട്ടു. ഇങ്ങനെയാണെങ്കില്‍ എന്ത് ധൈര്യത്തിലാണ് ട്രെയിനില്‍ നിന്ന് ഭക്ഷണം കഴിക്കുകയെന്നും ചിലര്‍ ചോദിക്കുന്നു. ട്രെയിനിലെ ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ളവയുടെ ശുചിത്വം റെയില്‍വേ ഉറപ്പുവരുത്തണമെന്നും യാത്രക്കാര്‍ പറഞ്ഞു.

Content Highlight: Train staff washing used foil plates inside train; Video, protest

We use cookies to give you the best possible experience. Learn more