രാജ്യത്തെ ഏറ്റവും വലിയ ഗതാഗതം മാര്‍ഗം ഏതാണെന്ന് ചോദിച്ചാല്‍ ഇന്ത്യന്‍ റെയില്‍വേ എന്ന ഒറ്റഉത്തരം മാത്രമേ ഉണ്ടാവുകയുള്ളു. ലോകത്തില്‍ തന്നെ ഏറ്റവും തിരക്കേറിയതും വിപുലമായതുമായ റെയില്‍വേ ശൃഖലകളിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ. 5000 കോടി യാത്രക്കാരും 650 ദശലക്ഷം ടണ്‍ ചരക്കും ഓരോ വര്‍ഷവും റെയില്‍വേ വഴി സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്. 67,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഗതാഗത സംവിധാനമാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന സംവിധാനമാണ് റെയില്‍വേ.
ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച റെയില്‍വേ സംവിധാനം പിന്നീട് വിപുലീകരിക്കുകയായിരുന്നു. എന്നാല്‍ ഗതാഗതത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സംവിധാനമായിരുന്നിട്ട് കൂടി പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഓരോ പ്രാവശ്യവും യാത്രക്കാര്‍ അനുഭവിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാന്‍, ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ്, നമ്പര്‍ ട്രെയിനിന്റെ സമയക്രമം അറിയുന്നത്, ലഭിക്കുന്നത് ഉള്‍പ്പെടെ പല ആവശ്യങ്ങള്‍ക്കും നാം ആശ്രയിക്കുന്നത് സ്വകാര്യ ആപ്പുകളെയും നിരവധി വെബ്‌സൈറ്റുകളെയുമാണ്.
അതിന് പുറമേ സര്‍ക്കാറിന്റെ തന്നെ ഐ.ആര്‍.സി.ടി.സി റെയില്‍ കണക്ട്, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് ഐ.ആര്‍.സി.ടി.സി ഇ-കാറ്ററിങ്ങ് ഫുഡ് ഓണ്‍ ട്രാക്ക്, ഫീഡ്ബാക്ക് നല്‍കുന്നതിനായി റെയില്‍ മദദ്, റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്കായി യു.ടി.എസ്, ട്രെയിന്‍ ട്രാക്ക് ചെയ്യുന്നതിനായി നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം എന്നിവയും ഉപയോഗിക്കാറുണ്ട്.
എന്നാല്‍ സ്വകാര്യ ആപ്പുകളെ ആശ്രയിക്കുമ്പോല്‍ അത് പലപ്പോഴും നമ്മെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. അതിന് പരിഹാരമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. എല്ലാസേവനങ്ങളും ഒറ്റ ക്ലിക്കില്‍ റെയില്‍ വണ്‍ ആപ്പിലൂടെ ഇനി നമുക്ക് ലഭിക്കും. എന്നാല്‍ അതിനെക്കുറിച്ച് അറിയാതെ, പല ആപ്പുകളെ ആശ്രയിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. റെയില്‍വണ്‍ ആപ്പിനെ നമുക്ക് പരിചയപ്പെടാം.
ട്രെയിന്‍ യാത്ര സുഗമമാക്കുന്നതിനും ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റക്ലിക്കിലൂടെ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയും ഇന്ത്യന്‍ റെയില്‍വേ ലോഞ്ച് ചെയ്ത ആപ്പാണ് റെയില്‍വണ്‍. ടിക്കറ്റ് ബുക്കിങ്, പി. എന്‍. ആര്‍ സ്റ്റാറ്റസ്, ഭക്ഷണം, പ്ലാറ്റ്‌ഫോം ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ്, കോച്ചിന്റെ സ്ഥാനം കണ്ടെത്തല്‍, യാത്രയുടെ ഫീഡ്ബാക്ക്, തുടങ്ങി എല്ലാ സേവനങ്ങളും ഇനി ഒരുകുടക്കീഴില്‍ ലഭിക്കും. ഇതിന് പുറമേ റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും നിങ്ങള്‍ക്ക് ആപ്പ് ഉപയോഗിക്കാം.
റെയില്‍ വണ്‍ ആപ്പ് ആന്‍ഡ്രോയിഡ്, ഐ. ഒ. എസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. റെയില്‍ ഇ വാലറ്റ് സംവിധാനവും ഇതില്‍ ലഭ്യമാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഇന്‍ ഹൗസ് ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമാണിത്. ബുക്കിങ്ങിനായി വാലറ്റ് ഉപയോഗിച്ച് റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ ബുക്ക്‌ചെയ്യുമ്പോള്‍ മൂന്ന് ശതമാനം കിഴിവ് ലഭിക്കും.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നിലവിലുള്ള റെയില്‍കണക്ട് അല്ലെങ്കില്‍ യു.ടി.എസ് ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
പിന്‍, ബയോമെട്രിക് ലോഗിന്‍ ഓപ്ഷനുകള്‍ വഴി അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും. പുതിയ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി.
ഇത് നിരവധി ഭാഷകള്‍ ഉള്ളതിനാല്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ സഹായകരമാണെന്ന് ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം പറയുന്നു.
റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെന്ററിന്റെ (CRIS) 40-ാമത് സ്ഥാപക ദിനത്തിലാണ് ന്യൂദല്‍ഹിയില്‍ വെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ ആപ്പ് ലോഞ്ച് ചെയ്തത്. റെയില്‍ വണ്‍ ആപ്പ് പുതിയതല്ല മറിച്ച് സ്വറെയില്‍ ആപ്പ് പുനര്‍നാമകരണം ചെയ്ത അപ്‌ഗ്രേഡ് വേര്‍ഷനാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ഡിസംബറോടെ പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പി. ആര്‍. എസ്) പുറത്തിറക്കുന്നതിന് മുന്നോടിയായാണ് റെയില്‍ലവണ്‍ ആപ്പിന്റെ ലോഞ്ച്.
ഗൂഗിള്‍ പ്ലേ സ്റ്റോറിലോ അല്ലെങ്കില്‍ ആപ്പിള്‍ സ്റ്റോറിലോ പോയി റെയില്‍ വണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ചെയ്ത ശേഷം ഐ. ആര്‍.സി.ടി.സി ലോഗിന്‍ ഐഡി വെച്ച് ലോഗ്ഇന്‍ ചെയ്യാം, അല്ലെങ്കില്‍ പുതിയ പ്രൊഫൈല്‍ ഉണ്ടാക്കാം.
സൈന്‍ഇന്‍ ചെയ്തുകഴിഞ്ഞാല്‍ റെയില്‍വണ്‍ ആപ്പ് വഴിയുള്ള എല്ലാ സേവനങ്ങളും അടങ്ങിയ പേജ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.
ആവശ്യമുള്ളത് ഏതാണോ അതില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാം.
Content Highlight: Train passengers, instead of having to use many apps, everything is available with just one click