| Monday, 14th April 2025, 1:20 pm

ഹിറ്റടിക്കാന്‍ പാന്‍ ഇന്ത്യന്‍ 'ഹിറ്റു'മായി നാനി; പുതിയ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സരിപോധ സനിവാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ഹിറ്റടിക്കാന്‍ നാനി. നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹിറ്റ് ദി തേര്‍ഡ് കേസ്‘. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്ന് (തിങ്കള്‍) അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളില്‍ എട്ട് ലക്ഷത്തിലേറെ കാഴ്ച്ചക്കാരാണ് ട്രെയ്ലര്‍ കണ്ടത്.

തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. മെയ് ഒന്നിനാണ് ഹിറ്റ് തിയേറ്ററുകളിലെത്തുന്നത്. നാനി നായകനാകുന്ന ചിത്രത്തില്‍ കെ.ജി.എഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ശ്രീനിധി ഷെട്ടിയാണ് നായിക. ഹിറ്റ് ഫിലിം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമായ ഹിറ്റ് ദി തേര്‍ഡ് കേസിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സൈലേഷ് കൊളാനുവാണ്.

ജനങ്ങള്‍ക്കിടയില്‍ അര്‍ജുനായും ക്രിമിനലുകള്‍ക്കിടയില്‍ സര്‍ക്കാരായും മാറുന്ന അര്‍ജുന്‍ സര്‍ക്കാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് നാനി ചിത്രത്തില്‍ എത്തുന്നത്. ആക്ഷനും വയലന്‍സിനും ഒരുപോലെ പ്രധാനയമ് കൊടുത്ത ചിത്രം ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങുന്നത്. കൊലപാതക പരമ്പരകളെയും അര്‍ജുന്‍ സര്‍ക്കാര്‍ എന്ന നാനി അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അവ എങ്ങനെ അന്വേഷിച്ച് കണ്ടെത്തുന്നു എന്നതിനെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന.

നാനിയുടെ ഹോം ബാനറായ വാള്‍ പോസ്റ്റര്‍ സിനിമയ്ക്കും യൂണീമസ് പ്രൊഡക്ഷന്‍സിനും കീഴില്‍ പ്രശാന്തി ത്രിപുരനേനിയാണ് ചിത്രം നിര്‍മിക്കുന്നത്. മിക്കി ജെ. മേയറാണ് ഹിറ്റ് ദി തേര്‍ഡ് കേസിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. കാര്‍ത്തിക ശ്രീനിവാസാണ് ചിത്രത്തിന്റെ എഡിറ്റിങ്. മലയാളിയായ സനു ജോണ്‍ വര്‍ഗീസാണ് ഹിറ്റിന്റെ സിനിമാട്ടോഗ്രാഫര്‍.

Content Highlight: Trailer Of Nani’s New Movie HIT: The Third Case is Out

We use cookies to give you the best possible experience. Learn more