| Monday, 14th July 2025, 6:03 pm

മനസ് കക്കുന്ന കള്ളനായി ഫഹദ്; മരീശന്‍ ട്രെയ്ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ അറിയപ്പെടുന്ന നടനാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ കണ്ണുകള്‍ കൊണ്ടുള്ള അഭിനയത്തിന് ആഗോളതലത്തില്‍ വരെ ആരാധകരേറെയാണ്. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തി ഫഹദ് ആറാടിയ ചിത്രമായിരുന്നു ആവേശം. ആവേശത്തിന് ശേഷം പുഷ്പ 2വിലെ ഫഹദ് അഭിനയിച്ചിരുന്നുവെങ്കിലും അത്രയും നല്ലൊരു നടനെ അവഹേളിച്ചുവിടുന്ന തരത്തിലായിരുന്നു പുഷ്പ 2വിലെ കഥാപാത്രമെന്ന് ആരാധകര്‍ ഒന്നടങ്കം പറഞ്ഞു.

പുഷ്പ വരുത്തിയ ക്ഷീണം തീര്‍ക്കാന്‍ മറ്റൊരു ചിത്രവുമായി എത്തുകയാണ് ഫഹദ് ഫാസില്‍. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന മാരീശനാണ് ഈ വര്‍ഷം ഫഹദിന്റെ ആദ്യ റിലീസ്. വടിവേലുവും പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാമന്നന് ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കള്ളനായാണ് ഫഹദ് ചിത്രത്തിലെത്തുന്നതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചനകള്‍. മരീശന്റെ ടീസര്‍ ഒരു ഫീല്‍ ഗുഡ് ചിത്രത്തിന്റെ പ്രധീതിയാണ് സമ്മാനിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ത്രില്ലര്‍ ഴോണറിലായിരിക്കും ചിത്രമെന്നാണ് ട്രെയ്ലര്‍ കാണുമ്പോള്‍ മനസിലാകാന്‍ കഴിയുന്നത്.

അല്‍ഷിമേഴ്സ് രോഗിയായ വേലായുധം പിള്ളൈ എന്ന കഥാപാത്രത്തെയാണ് വടിവേലു അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ സുധീഷ് പറയുന്നു. ദയ എന്ന കള്ളനായി വേഷമിടുന്ന ഫഹദ് എ.ടി.എമ്മില്‍ വെച്ച് പൈസയെടുക്കുന്ന വടിവേലുവിനെ കാണുന്നതും അയാളുടെ കൂടെ കൂടുന്നതിലൂടെയുമാണ് കഥ വികസിക്കുന്നതെന്നും മാരീശന്റെ സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. 2:06 മിനിറ്റ് ദൈര്‍ഖ്യമുള്ള ട്രെയ്ലര്‍ സരിഗമപ തമിഴ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം ജൂലൈ 25ന് മാരീശന്‍ തിയേറ്ററുകളിലെത്തും.

Content Highlight: Trailer Of Mareesan Movie Is Out

We use cookies to give you the best possible experience. Learn more