| Sunday, 24th August 2025, 9:30 pm

ഗംഭീരമെന്ന് പറഞ്ഞാൽ കുറഞ്ഞ് പോകുമോ!!!! ഗസ്റ്റ് റോളിൽ മമ്മൂക്ക? ലോകയുടെ ട്രെയ്‌ലർ എത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ആദ്യത്തെ വുമൺ സൂപ്പർഹീറോ ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ലോകഃ ചാപ്റ്റർ വൺ ചന്ദ്ര. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായ ചന്ദ്രയായെത്തുന്ന ചിത്രത്തിൽ നസ് ലെൻ ആണ് നായകൻ. ഇപ്പോഴിതാ ലോകയുടെ ഗംഭീര ട്രെയ്‌ലർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഫാന്റസിയും സസ്പെൻസും ആക്ഷനും റൊമാൻസും ഒത്തിണങ്ങിയ ലോകഃ ചാപ്റ്റർ വൺ ചന്ദ്രയുടെ ട്രെയ്‌ലർ പുറത്തുവന്ന് മിനിട്ടുകൾക്കകം തന്നെ ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലെല്ലാം ചന്ദ്രയുടെ ട്രെയ്‌ലറിന് വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്.

ഒരിടവേളക്ക് ശേഷം മലയാള സിനിമയിലെ നായികാ പ്രാധാന്യം കല്യാണിയുടെ തിരിച്ച് വരികയാണ്. സൂപ്പർഹീറോ ആയാണ് ചിത്രത്തിൽ കല്യാണി എത്തുന്നത്. ട്രെയ്‌ലറിന്റെ അവസാനഭാഗത്ത് ഒരു കൈ കാണിക്കുന്നുണ്ട്. അത് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടേതാണോ എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. എന്തുതന്നെയായാലും തിയേറ്റർ പൂരപറമ്പാക്കാൻ പാകത്തിനുള്ള ഒരു ഗസ്റ്റ് അപ്പിയറൻസ് ചിത്രത്തിലുണ്ടാകുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചനകൾ.

നവാഗതനായ ഡൊമിനിക് അരുണാണ് ലോക ചാപ്റ്റർ വൺ ചന്ദ്രയുടെ സംവിധായകൻ. ഡൊമിനിക് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വെഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. ഒന്നിന് പുറകെ ഒന്നായി ഹിറ്റ് ഗാനങ്ങൾ സമ്മാനിക്കുന്ന ജേക്സ് ബിജോയ് ആണ് ചന്ദ്രയുടെ സംഗീത സംവിധാനം. ചമ്മൻ ചാക്കോയാണ് എഡിറ്റിങ്. ഈ മാസം 28 ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

ലോകഃ ചാപ്റ്റർ വൺ ചന്ദ്രയുടെ അഡ്വാൻസ് ബുക്കിങ് നാളെ (തിങ്കൾ) രാവിലെ 10 മണി മുതൽ ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. മൂന്ന് സിനിമകളുള്ള ലോക എന്ന സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായാണ് ചന്ദ്ര ഒരുങ്ങുന്നത്.

Content Highlight: Trailer of Lokah: Chapter 1 – Chandra movie is out

We use cookies to give you the best possible experience. Learn more