| Wednesday, 4th November 2026, 6:10 pm

സ്റ്റൈലിനും ഫയറിനും കുറവില്ല; മോശമാക്കില്ലെന്ന് ഉറപ്പുനല്‍കി ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിലവില്‍ മോളിവുഡിലെ വെയിറ്റിങ് ലിസ്റ്റിലുള്ള ചിത്രമാണ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്കുള്ളത്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സ്പിരിച്ച്വല്‍ സീക്വലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ ക്യാരക്ടര്‍ പോസ്റ്ററുകളും വലിയ ഹൈപ്പായിരുന്നു സൃഷ്ടിച്ചിരുന്നത്. ചിത്രത്തിലെ താരനിര തന്നെയായിരുന്നു ഇതിലെ പ്രധാനകാരണം.

ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. Photo: X.com

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, നസ്‌ലെന്‍, ചന്തു സലീം കുമാര്‍, ലാല്‍, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലറാണ് മലയാള സിനിമാ സിനിമാലോകത്ത് വൈറലായി കൊണ്ടിരിക്കുന്നത്. രണ്ട് മിനുട്ടിലധികം നീണ്ടുനില്‍ക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

ബാച്ച്‌ലര്‍ പാര്‍ട്ടിയെ പോലെ തന്നെ ഒട്ടനവധി ആക്ഷന്‍ രംഗങ്ങളാല്‍ രണ്ടാം ഭാഗവും സമ്പന്നമാണ്. കുഞ്ചാക്കോ ബോബന്റെ വിവരണത്തോടെ തുടങ്ങുന്ന ട്രെയ്‌ലറിലെ ഓരോ സെക്കന്‍ഡും അമല്‍ നീരദിന്റെ സ്‌റ്റൈലിഷ് ഫ്രെയ്മുകളാലും താരങ്ങളുടെ സാന്നിധ്യം കൊണ്ടും സമ്പന്നമാണ്. ആദ്യഭാഗത്തെ ഓര്‍മിപ്പിക്കുന്ന വിധത്തിലുള്ള മേക്കിങും അമല്‍ നീരിദിന്റെ മുന്‍ ചിത്രങ്ങളിലെ റെഫറന്‍സുകളും ട്രെയ്‌ലറില്‍ ഉപയോഗിച്ചിട്ടുണ്ട്.

ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. Photo: X.com

ചിത്രം അനൗണ്‍സ് ചെയ്തത് മുതല്‍ വലിയ ചര്‍ച്ചയായത് അമല്‍ നീരദിന്റെ സംവിധാനത്തില്‍ നസ്‌ലെന്‍ പ്രധാനവേഷത്തിലെത്തുന്നു എന്നതായിരുന്നു. ട്രെയ്‌ലറില്‍ സ്റ്റൈലിഷ് ആന്‍ഡ് സ്വാഗ് ലുക്കിലാണ് താരം എത്തുന്നതെങ്കിലും വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നസ്‌ലെന്റെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നവംബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlight: Trailer of Amal Neerad Movie Bachelor Party Duex out

We use cookies to give you the best possible experience. Learn more