| Sunday, 14th September 2025, 8:50 am

പ്രതിദിന 1 ജി.ബി ഡേറ്റ പ്ലാന്‍ പിന്‍വലിച്ചതില്‍ ജിയോയോടും എയര്‍ടെലിനോടും വിശദീകരണം തേടി ട്രായ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടിസ്ഥാന ഡേറ്റ പ്ലാനായ 1 ജി.ബി എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ പിന്‍വലിച്ചതില്‍ മുന്‍നിര ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയോടും ഭാരതി എയര്‍ടെലിനോടും വിശദീകരണം തേടി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). ടെലികോം വകുപ്പ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ജിയോയും എയര്‍ടെലും ഓഗസ്റ്റ് പകുതിയിലാണ് സാധാരണക്കാരായ ഉപഭോക്താക്കള്‍ ആശ്രയിച്ചിരുന്ന പ്രതിദിന 1 ജി.ബി. ടാറ്റ പ്ലാന്‍ പിന്‍വലിച്ചത്. മുകേഷ് അംബാനിയുടെ ജിയോയും സുനില്‍ മിത്തലിന്റെ എയര്‍ടെലും ഈ പ്ലാന്‍ 249 രൂപക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. ജിയോയുടേത് 28 ദിവസവും എയര്‍ടെലിന്റേത് 24 ദിവസവുമായിരുന്നു ഈ പ്ലാനിന്റെ കാലാവധി.

വിപണി സാഹചര്യങ്ങളെ വിലയിരുത്തിയാണ് ഈ പ്ലാന്‍ പിന്‍വലിച്ചതെന്നാണ് രണ്ട് സേവനദാതാക്കളും അവകാശപ്പെടുന്നത്. എന്നാല്‍, ജിയോയുടെയും എയര്‍ടെലിന്റെയും രണ്ട് കമ്പനികളുടെയും നാലിലൊന്ന് ഉപഭോക്താക്കള്‍ ഈ താരിഫ് പ്ലാനാണ് ഉപയോഗിച്ചിരുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് മാത്രമാണ് ഈ പ്ലാന്‍ പിന്‍വലിച്ചത് എന്നാണ് ജിയോ പറയുന്നത്. ഇപ്പോഴും ഓഫ് ലൈനില്‍ ഈ പ്ലാന്‍ ലഭ്യമാണെന്നും കടകളില്‍ നേരിട്ട് ചെന്നാല്‍ ഉപഭോക്താക്കള്‍ക്ക് റീ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം എയര്‍ടെല്‍ ഈ പ്ലാന്‍ പൂര്‍ണമായും പിന്‍വലിച്ചുവെന്ന് സ്ഥിരീകരിക്കുന്നുണ്ട്.

താങ്ങാവുന്ന ഈ പ്ലാന്‍ പിന്‍വലിച്ചതോടെ സാധാരണക്കര്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്. പ്ലാന്‍ ഇല്ലാതായതോടെ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിരക്കുകളുള്ള പ്ലാനുകളിലേക്ക് മാറേണ്ടി വന്നു.

ഓരോ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനത്തിലെ വര്‍ധനവ് ലക്ഷ്യമിട്ടാണ് ഈ രണ്ട് കമ്പനികളും പ്ലാന്‍ പിന്‍വലിച്ചതെന്നാണ് ടെലികോം രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. എന്‍ട്രി ലെവല്‍ പ്ലാന്‍ പിന്‍വലിച്ചതിലൂടെ ജിയോക്ക് ഓ രോ ഉപഭോക്താവില്‍നിന്നുമുള്ള ശരാശരി വരുമാനം 11 -13 രൂപയായി വര്‍ധിച്ചു. എയര്‍ടെലിന് 10 -11 രൂപയുടെ വര്‍ധനവുമാണുള്ളത്.

Content Highlight: TRAI seeks explanation from Jio and Airtel for withdrawing 1GB daily data plan

We use cookies to give you the best possible experience. Learn more