| Wednesday, 11th March 2026, 3:51 pm

ദുരന്ത പ്രണയ കഥ; യു.എസ് കാപ്പിറ്റോളിലെ നാഷണല്‍ മാളില്‍ ട്രംപ്- എപ്സ്റ്റീന്‍ ടൈറ്റാനിക് പ്രതിമ

നിഷാന. വി.വി

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റയും ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സിറ്റിന്റെയും ടൈറ്റാനിക് ശൈലിയിലുള്ള ആക്ഷേപഹാസ്യ പ്രതിമയുടെ വീഡിയോ വൈറല്‍.
യു.എസ് കാപ്പിറ്റോളിന് സമീപത്തുള്ള നാഷണല്‍ മാളിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ടൈറ്റാനിക് സിനിമയിലെ പ്രശസ്തമായ ആലിംഗന രംഗം അനുകരിക്കുന്ന രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കിങ് ഓഫ് ദി വേള്‍ഡ് എന്നാണ് പ്രതിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

‘ആഢംബരമായ യാത്രകളാലും ആഘോഷങ്ങളാലും രഹസ്യമായ നഗ്ന ചിത്രങ്ങളാലും പടുത്തുയര്‍ത്തപ്പെട്ട രണ്ട് പുരുഷന്മാരുടെ ദുരന്തപൂര്‍ണമായൊരു പ്രണയ കഥ,’ എന്ന് പ്രതിമയുടെ അടിഭാഗത്തുള്ള ഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റിനും തമ്മിലുളള സൗഹൃദത്തെ പരാമര്‍ശിക്കുന്നതാണ് പ്രതിമ.

‘ദി സീക്രട്ട് ഹാന്‍ഡ് ഷേക്’ എന്ന അജ്ഞാത കലാകാരന്മാരുടെ കൂട്ടായ്മയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 13 വരെയാണ് ഈ പ്രതിമ മാളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയുള്ളത്.
നേരത്തെയും ഇത്തരത്തില്‍ ട്രംപും എപ്സ്റ്റീനും കൈകോര്‍ത്ത് നില്‍ക്കുന്ന ശില്പം ഗ്രൂപ്പ് സ്ഥാപിച്ചിരുന്നു.

ജനുവരി 6 ലെ കാപ്പിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട ശില്പവും ട്രംപ് ജന്മ ദിനത്തില്‍ എപ്സ്റ്റിന് അയച്ചതായി പറയപ്പെടുന്ന കത്തിന്റെ പകര്‍പ്പും ഇതേ ഗ്രൂപ്പ് പുറത്ത് വിട്ടിരുന്നു. ഇതും വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

2023ലെ എപ്സ്റ്റിന്റെ 50ാം ജന്മ ദിനത്തോടനുബന്ധിച്ച് ഗിസ് ലൈന്‍ മാക്‌സ്വെല്‍ തയ്യാറാക്കിയ ബേര്‍ത്ത് ഡേ ബുക്കിലെ സന്ദേശമാണിതെന്ന് പറയപ്പെടുന്നു.

ഒരു സ്ത്രീയുടെ നഗ്ന രൂപത്തിന്റെ ഉളളിലായാണ് ഈ സന്ദേശം ടൈപ് ചെയ്തിരിക്കുന്നത്.

‘ഒരു കൂട്ടുകാരന്‍ എന്നത് അത്ഭുതകരമായ ഒന്നാണ്. ജെഫ്രി, നമുക്ക് പൊതുവായ ചില കാര്യങ്ങളുണ്ട്. ജന്മദിനാശംസകള്‍, ഓരോ ദിവസവും മറ്റൊരു അത്ഭുതകരമായ രഹസ്യമായിരിക്കട്ടെ,’ ഇതാണ് കത്തിലെ ഉള്ളടക്കം.

കത്തിന്റെ താഴെ ഡൊണാള്‍ഡ് എന്ന് കൈപ്പടയില്‍ എഴുതിയിട്ടുണ്ട്.
എന്നാല്‍ താന്‍ ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നും അതിലെ ഒപ്പ് വ്യാജമാണെന്നുമായിരുന്നു ട്രംപ് കത്തിനെക്കുറിച്ച് പ്രതികരിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും നാടുകടത്തുകയും ചെയ്ത കേസുകളിലെ കുറ്റവാളിയാണ് എപ്സ്റ്റീന്‍.

തടവുകാരനായിരിക്കെ 2019ന് ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന വാദവും ശക്തമാണ്.

ട്രംപ് അടക്കമുള്ള നേതാക്കളുടെ പേരുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ എപ്‌സ്റ്റീന്‍ ഫയല്‍സിലുളളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

Content Highlight: Tragic love story; Trump-Epstein Titanic statue on the National Mall at the US Capitol

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more