| Monday, 24th August 2026, 12:13 pm

മഹാരാഷ്ട്രയിൽ സർക്കാർ ആശുപതിയിൽ തീപിടുത്തം: മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

കെ.എസ് ഷാബിന

മുംബൈ: മഹാരാഷ്ട്രയിൽ അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ തീപിടുത്തത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. വെന്റിലേറ്റർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്. മൂന്നാം നിലയിലെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ 3.30 യോടെയാണ് സംഭവം.

36 ശിശുക്കളെ രക്ഷപ്പെടുത്തി സുരക്ഷിതമായി മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അകാലജനനവും ഗുരുതരാവസ്ഥയിലുമായ കുഞ്ഞുങ്ങളെ ചികിത്സിച്ചിരുന്ന ഐ.സി.യുവിലാണ് തീപടർന്നത്. 39 ശിശുക്കളാണ് തീപിടിത്തമുണ്ടാകുമ്പോൾ ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. ഗുരുതരമായി പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് കുഞ്ഞുങ്ങൾ മരണപ്പെട്ടത്. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ മറ്റ് കുഞ്ഞുങ്ങളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മരണപ്പെട്ട മൂന്ന് കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബാവുങ്കുലെ അറിയിച്ചു. പരിക്കേറ്റ കുഞ്ഞുങ്ങൾക്ക് സർക്കാർ ചെലവിൽ മികച്ച വൈദ്യസഹായം ഉറപ്പാക്കാൻ അമരാവതി ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ സംസ്ഥാന ആരോഗ്യമന്ത്രിയോടും ആരോഗ്യ സെക്രട്ടറിയോടും അമരാവതി സന്ദർശിക്കാൻ അദ്ദേഹം നിർദേശിച്ചു.

ദുരന്തം അങ്ങേയറ്റം ദാരുണമാണെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

സംഭവം ഇതിനകം വലിയ വിവാദമായിക്കഴിഞ്ഞു. സംഭവത്തിൽ പ്രതിപക്ഷവും അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയും എൻ.സി.പി (എസ്.പി) നേതാവുമായ അനിൽ ദേശ്മുഖ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ അശ്രദ്ധ കാണിച്ചവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ദുഖത്തിൽ പങ്കുചേരുന്നതോടൊപ്പം സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിൽ ഫയർ, ഇലക്ട്രിക്കൽ ഓഡിറ്റുകൾ അടിയന്തരമായി നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Content Highlight: Tragic Fire at Maharashtra Govt Hospital: 3 Newborns Die

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more