| Saturday, 7th June 2025, 1:23 pm

ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്തെ ദുരന്തം; കെ.എസ്.സി.എ സെക്രട്ടറിയും ട്രഷററും രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ തിക്കും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക സ്റ്റേറ്റ്‌ ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്ത് രാജി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.സി.എ സെക്രട്ടറി എ. ശങ്കറും ട്രഷറര്‍ ഇ. ജയ്‌റാമുമാണ് രാജിവെച്ചത്. ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് പ്രസ്താവനയില്‍ പറയുന്നു. അപകടത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരുന്നു.

11 പേരുടെ മരണത്തിനും 75 പേര്‍ക്ക് പരിക്കേറ്റതിനും കാരണമായ ദുരന്തത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് വീഴ്ച്ച പറ്റിയതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവുമായ സംഭവങ്ങള്‍ ഉണ്ടായെന്നും ഈ സംഭവത്തില്‍ തങ്ങളുടെ പങ്ക് പരിമിതമാണെങ്കിലും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ രാജിവച്ചതായി ഇരുവരും അറിയിച്ചു. ഇത് സംബന്ധിച്ച കത്ത് കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റിന് അയച്ചതായും പ്രസ്താവനയില്‍ പറയുന്നു.

കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ അപകടത്തില്‍  കെ.എസ്.സി.എ കമ്മിറ്റിക്കോ അതിന്റെ ഭാരവാഹികള്‍ക്കോ യാതൊരു ഉത്തരവാദിത്തമില്ലെന്നും ഐ.പി.എല്‍ ഫ്രാഞ്ചൈസി വാടകയ്ക്ക് എടുത്തതിനാല്‍ സ്റ്റേഡിയം ആര്‍.സി.ബിയാണ് കൈകാര്യം ചെയ്യുന്നതെന്നും  കെ.എസ്.സി.എ വ്യക്തമാക്കിയിരുന്നു.

അതേസമയം അപകടത്തില്‍ ഇന്നലെ ആര്‍.സി.ബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സൊസാലെയെ ഉള്‍പ്പെടെയുള്ളവരെ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലേക്ക് പോവുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് മേധാവിയെ അറസ്റ്റ് ചെയ്തത്.

ഇയാളെ കൂടാതെ ഇവന്റ് മാനേജ്മെന്റുകാരായ ഡി.എന്‍.എ എന്‍ടൈന്‍മെന്റ് നെറ്റ് വര്‍ക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആര്‍.സി.ബി, ഇവന്റ് മാനേജ്മെന്റ് കമ്പനി, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതികളാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും നടപടികള്‍ സ്വീകരിക്കാനും നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയിരുന്നു.

ഇവര്‍ക്ക് പുറമെ പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദ, ചിന്നസ്വാമി സ്റ്റേഡിയം ഇന്‍-ചാര്‍ജ്, എ.സി.പി, സെന്‍ട്രല്‍ ഡി.സി.പി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, പൊലീസ് ഹൗസ്മാസ്റ്റര്‍, കബ്ബണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് എന്നിവരെ സസ്പെന്‍ഡ് ചെയ്തതിരുന്നു. ദുരന്തത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

Content Highlight: Tragedy near Chinnaswamy Stadium; KSCA Secretary and Treasurer resign

We use cookies to give you the best possible experience. Learn more