ഇത്താഹ്: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ മദ്യപിക്കുന്നതിനിടയില്‍ വെള്ളം എടുത്തു നല്‍കാന്‍ വിസമ്മതിച്ച ഒമ്പത് വയസ്സുകാരനെ ബന്ധു വെടിവെച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച സഹാവര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യാകുത്ഗഞ്ച് ഗ്രാമത്തില്‍ ഒരു പേരിടല്‍ ചടങ്ങിനിടെയാണ് ഈ ദാരുണമായ സംഭവം നടന്നത്.
യഷ് എന്ന് വിളിക്കുന്ന യശ്പാല്‍ എന്ന ഒമ്പത് വയസുകാരനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. തന്റെ വീട്ടില്‍ നടന്ന ഒരു പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു കുട്ടി.
കുട്ടിയുടെ പിതാവ് ജസ്വീര്‍ ഗോളയുടെ ബന്ധുവായ ധനേഷ് യാദവ് എന്നയാളാണ് വെടിവെച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ചടങ്ങിനിടെ മദ്യപിച്ചുകൊണ്ടിരുന്ന ധനേഷ് യാദവ് കുട്ടിയോട് വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കുട്ടി ഇത് നിരസിച്ചതിനെത്തുടര്‍ന്ന് പ്രകോപിതനായ പ്രതി തന്റെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് കുട്ടിയുടെ വയറ്റിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെപ്പിനെത്തുടര്‍ന്ന് ചടങ്ങിനിടെ വലിയ പരിഭ്രാന്തിയുണ്ടായി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കാസ്ഗഞ്ചിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. നില അതീവ ഗുരുതരമായതിനാല്‍ പിന്നീട് അലിഗഡിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗോവിന്ദ് ബല്ലഭ് ശര്‍മ അറിയിച്ചു. സംഭവസ്ഥലത്തുനിന്നും ഒളിവില്‍ പോയ പ്രതിയെ പിന്നീട് ഖിതൗലി കനാല്‍ പാലത്തിന് സമീപത്തുവെച്ച് പൊലീസ് പിടികൂടി.
കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്കും ഇയാളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ജയിലിലേക്ക് മാറ്റാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും സംഭവത്തെക്കുറിച്ച് എല്ലാ വശങ്ങളില്‍ നിന്നും അന്വേഷണം നടത്തിവരികയാണെന്നും അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് രാജേഷ് കുമാര്‍ ഭാരതി വ്യക്തമാക്കി.
Content Highlight: Tragedy in Kasganj: Child Killed Over Liquor Request Refusal