| Thursday, 28th August 2025, 8:25 am

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിരോധനം തുടരും; ഇന്ന് സമ്പൂര്‍ണ സുരക്ഷാ പരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്നും (വ്യാഴാഴ്ച) ഗതാഗത നിരോധനം തുടരുമെന്ന് വയനാട് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ. ചൊവ്വാഴ്ച രാത്രി ചുരത്തില്‍ വ്യൂ പോയിന്റിന് സമീപത്തായി മണ്ണിടിച്ചില്‍ ഉണ്ടാകുകയും കല്ലും മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയും ചെയ്തിരുന്നു.

ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതോടെ താമരശ്ശേരി ചുരം വഴി പോകേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്ത് നിന്നും തിരിഞ്ഞ് പേരാമ്പ്ര-കുറ്റ്യാടി ചുരം വഴി തിരിച്ചു വിടുകയായിരുന്നു.

ഇന്നലെ ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് ഗതാഗത നിരോധനം തുടരാന്‍ തീരുമാനിച്ചത്.

‘വയനാട് ചുരം വ്യൂ പോയിന്റിലെ മണ്ണിടിച്ചിലില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ട സാഹചര്യത്തില്‍ ചുരത്തിലൂടെയുള്ള വാഹന ഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി അറിയിക്കുന്നു.

മേഖലയിലെ ട്രാഫിക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതിന് ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്,’ കളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഇന്ന് നടക്കുന്ന സമ്പൂര്‍ണ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ നിരോധനത്തില്‍ അയവുവരുത്തൂവെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടും ചെറിയ തോതില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു.

മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി-മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്. ഏകദേശം മുപ്പത് മീറ്ററോളം ഉയരത്തില്‍ നിന്നാണ് പാറയും മണ്ണും മരങ്ങളും ഒലിച്ചിറങ്ങിയത്. ദ്രവിച്ച പാറകളാണ് താഴേക്ക് പതിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Traffic ban on Thamarassery Churam to continue; complete safety inspection today

We use cookies to give you the best possible experience. Learn more