| Thursday, 4th September 2025, 8:15 am

ആഗോള സാഹചര്യങ്ങള്‍ ഇന്ത്യയെ ചൈനയുമായി അടുക്കാന്‍ പ്രേരിപ്പിക്കുന്നു; ജര്‍മനിയുമായി വ്യാപാരം ഇരട്ടിയാക്കും: എസ്. ജയശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ലോകത്ത് സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.

ആഗോള സാഹചര്യങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ ഇന്ത്യയെ ചൈനയുമായി കൂടുതല്‍ അടുക്കാന്‍ പ്രേരിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ജര്‍മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജയശങ്കറിന്റെ പ്രതികരണം.

ലോകത്തിന് സ്ഥിരതയുള്ള നയങ്ങളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 50 ബില്യണ്‍ യൂറോയിലെത്തിയിരുന്നു.

മാറിക്കൊണ്ടിരിക്കുന്ന ആഗോള ക്രമങ്ങള്‍ രാജ്യങ്ങളെ അവരുടെ തന്ത്രങ്ങളെയും സഹകരണങ്ങളെയും കുറിച്ച് പുനര്‍വിചിന്തനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്ന് ജയശങ്കര്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് ജര്‍മനിയുടെ സഹായം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ നയങ്ങള്‍ മൂലം യു.എസുമായുള്ള വ്യാപാര ബന്ധത്തിലുണ്ടായ തിരിച്ചടി മറികടക്കാന്‍ ഇന്ത്യയ്ക്ക് പുതിയ വിപണികളും സാധ്യതകളും തുറന്നുകിട്ടിയെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തികം, കാലാവസ്ഥാ വ്യതിയാനം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ചര്‍ച്ചകള്‍ പ്രധാനമായും കേന്ദ്രീകരിച്ചത്.

ജര്‍മനിയുമായി വ്യാപാരം ഇരട്ടിയാക്കുമെന്നും ജര്‍മന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ജയശങ്കര്‍ അറിയിച്ചു. ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഉടന്‍ ഫലപ്രാപ്തിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജയശങ്കര്‍ പറഞ്ഞു

അതേസമയം ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജര്‍മനി പിന്തുണ അറിയിച്ചു.

ഇന്ത്യക്ക് ആഗോളതലത്തില്‍ തന്ത്രപ്രധാന പങ്കുണ്ട്. യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായുള്ള നല്ല ബന്ധം ഇന്ത്യ ഉപയോഗപ്പെടുത്തണമെന്നും വാഡെഫുള്‍ പറഞ്ഞു.

Content Highlight:Trade with Germany will be doubled: S. Jaishankar

We use cookies to give you the best possible experience. Learn more