| Saturday, 28th March 2026, 7:47 am

ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക; ഏപ്രില്‍ ഒന്നിന് രാജ്യവ്യാപകമായി കരിദിനം ആചരിക്കാന്‍ ട്രേഡ് യൂണിയനുകള്‍

നിഷാന. വി.വി

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരെ ഏപ്രില്‍ ഒന്നിന് രാജ്യവ്യാപകമായി കരിദിനം ആചരിക്കണമെന്ന ആഹ്വാനവുമായി ട്രേഡ് യൂണിയനുകള്‍.

2025 നവംമ്പര്‍ 21ന് നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. നാല് പുതിയ നിയമങ്ങളായിരുന്നു പ്രാബല്യത്തില്‍ വന്നത്. വേതന കോഡ്, വ്യവസായ ബന്ധ കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴില്‍ സുരക്ഷാ കോഡ് എന്നിവയാണിത്.

എന്നാല്‍ ഈ നിയമങ്ങള്‍ തൊഴിലാളി വിരുദ്ധവും മുതലാളിമാരെ സഹായിക്കുന്നതുമാണെന്ന് സംഘടനകള്‍ പറയുന്നു.

‘ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനായി ‘തൊഴില്‍ പരിഷ്‌കരണം’ എന്ന പേരില്‍ കൊണ്ടുവന്ന ഈ തൊഴിലാളി വിരുദ്ധ, തൊഴിലുടമ അനുകൂല ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്ന് ട്രേഡ് യൂണിയനുകള്‍ നിരന്തരം എതിര്‍ക്കുകയും ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തൊഴില്‍ കോഡുകള്‍ പിന്‍വലിക്കാനോ ട്രേഡ് യൂണിയനുകളുമായി മതിയായ ചര്‍ച്ചകള്‍ നടത്താനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല,’ സംഘടനകള്‍ പറഞ്ഞു.

സംസ്ഥാന യൂണിറ്റുകളുടെ സംയുക്തവും സ്വതന്ത്രവുമായ തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്നും സംഘടനകള്‍ അറിയിച്ചു.

എല്ലാ തൊഴിലിടങ്ങളിലും കറുത്ത ബാഡ്ജ് ധരിച്ചും ഉച്ച സമയത്ത് പ്രകടനങ്ങള്‍ നടത്തിയും നിമത്തിന്റെ പകര്‍പ്പുകള്‍ കത്തിച്ചും പ്രതിഷേധിക്കാന്‍ തൊഴിലാളികളോട് ആഹ്വനം ചെയ്തിട്ടുണ്ട്.

‘തൊഴില്‍ നിയമങ്ങള്‍ കടുത്ത മാറ്റങ്ങളാണ് കൊണ്ടുവരുന്നത്, യൂണിയന്‍വത്ക്കരണം കൂടുതല്‍ കര്‍ശനമാക്കുകയും രജിസ്ട്രേഷന്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. അതേസമയം രജിസ്ട്രേഷന്‍ റദ്ദാക്കലും അംഗീകാരം റദ്ദാക്കലും എളുപ്പമാക്കുന്നു.

തൊഴിലുടമകളുടെ നിയമലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കുന്നതിനും യൂണിയനുകള്‍ക്കും നേതാക്കള്‍ക്കും എതിരായ ശിക്ഷകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കുന്നതിനും ഈ നിയമങ്ങള്‍ വഴിയൊരുക്കുന്നു,’ ട്രേഡ് യൂണിയന്‍ പ്രസ്താവന കുറ്റപ്പെടുത്തി.

300 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴില്‍ ഉടമകള്‍ക്ക് അധികാരം നല്‍കുന്നത് ജോലി സുരക്ഷ ഇല്ലാതാക്കുമെന്നും സംഘടനകള്‍ പറയുന്നു.

സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ നിയന്ത്രണങ്ങള്‍ ജനാധിപത്യവിരുദ്ധമാണെന്നും ഇത് യൂണിയനുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്, സംയുക്ത് കിസാന്‍ മോര്‍ച്ച, സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ്, ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ഹിന്ദ് മസ്ദൂര്‍ സഭ, ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍, യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് എന്നീ സംഘടനകളാണ് സംയുക്തമായി കരിദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

Content Highlight: Trade unions to observe nationwide black day on April 1st to repeal labor codes

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more