| Thursday, 29th May 2025, 3:12 pm

ഇന്ത്യ-പാക് വെടിനിര്‍ത്തലിനായി വ്യാപാരക്കരാര്‍ ഉപയോഗിച്ചു; കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യു.എസ് ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ യു.എസിന്റെ പുതിയ താരിഫുകള്‍ നിര്‍ണായകമായതായി യു.എസ് ഭരണകൂടം കോടതിയില്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണായകമായ യുദ്ധം ഒഴിവാക്കുന്നതിനായി യു.എസുമായി വ്യാപാരക്കരാര്‍ വാഗ്ദാനം ചെയ്തിരുന്നെന്നും അപ്രകാരമാണ് വെടിനിര്‍ത്തല്‍ സാധ്യമായതെന്നും ഭരണകൂടം സത്യവാങ്മൂലത്തില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇപ്രകാരം തന്റെ അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ച് വിദേശനയത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ ട്രംപിന് സാധിച്ചതായാണ് യു.എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ഡബ്ല്യു. ലുട്നിക് സത്യവാങ്മൂലത്തില്‍ വാദിച്ചത്.

’13 ദിവസം മുമ്പ് യുദ്ധത്തിനായി പുറപ്പെട്ടിരുന്ന രണ്ട് ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും 2025 മെയ് 10ന് വെടിനിര്‍ത്തലില്‍ എത്തി. പ്രസിഡന്റ് ട്രംപ് ഇടപെട്ട് യുദ്ധം ഒഴിവാക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും അമേരിക്കയുമായി വ്യാപാര പ്രവേശനം വാഗ്ദാനം ചെയ്തതിന് ശേഷമാണ് ഈ വെടിനിര്‍ത്തല്‍ സാധ്യമായത്,’ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇന്ത്യക്ക് പുറമെ ട്രംപിന്റെ താരിഫ് തന്ത്രം ചൈനയെ വ്യാപാര ചര്‍ച്ചകളിലേക്ക് തയ്യാറാക്കിയെന്നും യു.എസ് വാദിക്കുന്നുണ്ട്. ട്രംപിന്റെ താരിഫ് നയത്തിനെതിരെ വിവിധ കക്ഷികള്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യു.എസ് ഇന്ത്യ-പാക് വെടിനിര്‍ത്തലിനെ പരാമര്‍ശിച്ചത്.

ഡെമോക്രാറ്റിക് അംഗങ്ങള്‍ ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറല്‍മാരും സ്മോള്‍ ബിസിനസ് ഗ്രൂപ്പും സമര്‍പ്പിച്ച ഹരജി പരിഗണിച്ച കോടതി രാജ്യങ്ങള്‍ക്ക് മേല്‍ താരിഫ് ചുമത്താന്‍ പ്രസിഡന്റിന് ഏകപക്ഷീയമായ അനുവാദമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

പത്ത് ദിവസത്തിനുള്ളില്‍ ട്രംപിന്റെ അധിക താരിഫ് നിര്‍ത്തലാക്കണമെന്നും ട്രംപിന്റെ നടപടി നിയമാനുസൃതമല്ലെന്നും ന്യൂയോര്‍ക്കിലെ വ്യാപാര വിഷയങ്ങള്‍ പരിഗണിക്കുന്ന കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഉത്തരവിട്ടു

അതേസമയം ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ അമേരിക്കയുടെ വെടിനിര്‍ത്തലിനെ ഇന്ത്യ പലപ്പോഴും തള്ളിയിരുന്നു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ അമേരിക്കയുടെ ഇടപെടലുണ്ടായിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞിരുന്നു. പാകിസ്ഥാനാണ് വെടിനിര്‍ത്തലിന് അപേക്ഷിച്ചതെന്നും വിക്രം മിസ്രി ആവര്‍ത്തിച്ചിരുന്നു.

Content Highlight: Trade deal used for India-Pak ceasefire; US administration says in affidavit filed in court

We use cookies to give you the best possible experience. Learn more