| Wednesday, 29th July 2026, 8:00 pm

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, 11 വര്‍ഷത്തിന് ശേഷം നിര്‍മാതാവിന് നഷ്ടം സമ്മാനിച്ച് വിജയ്... കറുപ്പിനെപ്പോലും മറികടക്കാനാകില്ലെന്ന് ട്രാക്കര്‍മാര്‍

അമര്‍നാഥ് എം.

അടുത്തകാലത്ത് ഒരു സൂപ്പര്‍താര സിനിമ നേരിട്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു വിജയ്‌യുടെ ജന നായകന്‍ നേരിട്ടത്. വിജയ്‌യുടെ അവസാന ചിത്രമായി ഒരുങ്ങിയ ജന നായകന്‍ പറഞ്ഞ സമയത്ത് റിലീസാകാതെ നീണ്ടുപോവുകയായിരുന്നു. റിലീസിന് മുമ്പ് ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കായതും തിരിച്ചടിയായി മാറി.

എല്ലാ പ്രതിസന്ധികള്‍ക്കും ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തി. ദളപതിയുടെ അവസാന ചിത്രം ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. റെക്കോഡ് ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചത്. നാല് ദിവസം കൊണ്ട് 200 കോടിയിലേറെ സ്വന്തമാക്കിയ ചിത്രം വലിയ വിജയമാകുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രം പരാജയമായേക്കുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

റിലീസ് ചെയ്ത് ആറ് ദിവസം പിന്നിട്ടപ്പോള്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 246 കോടിയാണ് ജന നായകന്‍ നേടിയത്. ഇന്നത്തോടെ ചിത്രം 250 കോടി കടന്നേക്കുമെന്നും എന്നാല്‍ ചിത്രം ഹിറ്റാകാന്‍ സാധ്യതയില്ലെന്നും ട്രാക്കര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഹോളിവുഡ് ചിത്രം സ്‌പൈഡര്‍മാന്റെ റിലീസ് ജന നായകന് തിരിച്ചടിയായേക്കുമെന്നാണ് കണക്കുകൂട്ടല്‍.

ആദ്യ മൂന്ന് ദിവസം കൊണ്ട് 200 കോടി നേടിയ ജന നായകന്‍ പിന്നീടുള്ള മൂന്ന് ദിവസം കൊണ്ട് 46 കോടിയാണ് നേടിയത്. വീക്ക് ഡേയ്‌സില്‍ വലിയ ഇടിവാണ് ജന നായകന് നേരിടേണ്ടിവന്നത്. ചിത്രത്തിന്റെ ഫൈനല്‍ കളക്ഷന്‍ 300 കോടി മാത്രമേയാകുള്ളൂവെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. സൂര്യയുടെ കറുപ്പ് ബോക്‌സ് ഓഫീസില്‍ നേടിയ കളക്ഷന്‍ മറികടക്കാന്‍ ചിത്രത്തിന് സാധിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

400 കോടിക്കടുത്ത് ചെലവഴിച്ച ചിത്രം നിര്‍മാതാവിന് വലിയ നഷ്ടമാണ് സമ്മാനിക്കുക. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്‌യുടെ ഒരു ചിത്രം ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയമാകുന്നത്. 2015ല്‍ റിലീസായ പുലിയാണ് വിജയ്‌യുടെ അവസാന ഫ്‌ളോപ്പ്. പുലിക്ക് ശേഷം വിജയ്‌യുടെ പല ചിത്രങ്ങള്‍ക്കും ശരാശരി അഭിപ്രായമായിരുന്നെങ്കിലും നിര്‍മാതാവിനെ സേഫാക്കിയിരുന്നു.

അവസാനചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതുമെന്ന് കരുതിയപ്പോഴാണ് ഇത്രയും വലിയ തിരിച്ചടി. റിലീസിന് മൂന്ന് മാസം മുമ്പ് ഇന്റര്‍നെറ്റില്‍ ലീക്കായ ജന നായകന്‍ നിരവധിയാളുകള്‍ കണ്ടുകഴിഞ്ഞു. തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കായി ഒരുങ്ങിയ ജന നായകന്‍ കളക്ഷന്റെ കാര്യത്തില്‍ ആരാധകര്‍ക്കും നിരാശ സമ്മാനിച്ചു.

Content Highlight: Trackers saying that Jana Nayagan will face a flop of 150 crores

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more