| Friday, 28th August 2026, 3:50 pm

മത്സരത്തിന്റെ 90 മിനിട്ടിലും ഗോളില്ല ഒപ്പം വമ്പന്‍ തോല്‍വിയും; കണ്ണീരണിഞ്ഞ് സല; പുറത്ത്

ആദർശ് എം.കെ.

യുവേഫ യൂറോപ്പ ലീഗില്‍ മുഹമ്മദ് സലയുടെ ട്രാബ്‌സണ്‍സ്‌പോര്‍ പുറത്ത്. ഇന്ന് ഹംഗേറിയന്‍ സൂപ്പര്‍ ടീമായ ഫെറാന്‍ക്വറോസിനോട് പരാജയപ്പെട്ടാണ് ടര്‍ക്കിഷ് വമ്പന്‍മാരായ ട്രാബ്‌സണ്‍സ്‌പോര്‍ പുറത്തായത്.

മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെട്ട ടീം, 5-0 എന്ന അഗ്രഗേറ്റ് സ്‌കോറിനാണ് തോല്‍വിയേറ്റുവാങ്ങിയത്.

ട്രാബ്‌സണ്‍സ്‌പോറിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫെറാന്‍ക്വറോസ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ രണ്ടാം പാദ മത്സരത്തിനിറങ്ങിയത്. മത്സരത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയ ഹംഗേറിയന്‍ ടീം സലയെയും സംഘത്തെയും കരയിച്ചുവിടുകയായിരുന്നു.

മത്സരത്തിന്റെ 19ാം മിനിട്ടില്‍ കാല്ലം ഒ ഡൗഡയിലൂടെയാണ് ഫെറാന്‍ക്വറോസ് ലീഡ് നേടിയത്. ശേഷം ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇരുവര്‍ക്കുമായില്ല.

രണ്ടാം പകുതി ആരംഭിച്ച് 54ാം മിനിട്ടില്‍ മാരിയസ് കോര്‍ബു ലീഡ് ഇരട്ടിയാക്കിയപ്പോള്‍ അഞ്ച് മിനിട്ടിന് ശേഷം ലഭിച്ച പെനാല്‍ട്ടി ബാമിഡേല്‍ യൂസഫ് പിഴവേതും കൂടാതെ വലയിലെത്തിച്ചു.

86ാം മിനിട്ടില്‍ ക്രിസ്റ്റന്‍ ലിസ്റ്റെസ് മത്സരത്തിലെ നാലാം ഗോളും നേടി ട്രാബ്‌സണ്‍സ്‌പോറിന്റെ പെട്ടിയിലെ അവസാന ആണിയുമടിച്ചു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 5-0 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ഫെറാന്‍ക്വറോസ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആകെ 24 ശതമാനം ബോള്‍ പൊസഷനാണ് ഫെറാന്‍ക്വറോസിന് ഉണ്ടായിരുന്നത്. എന്നാല്‍ ഈ സമയത്ത് തന്നെ ടീം നാല് ഗോളുകളും അടിച്ചെടുത്തു.

24 ശതമാനം ബോള്‍ പൊസെഷന്‍ മാത്രം വെച്ചുകൊണ്ട് ടീം 25 ഷോട്ടുകള്‍ 11 ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുകളും ഉതിര്‍ത്തു എന്നത് അത്ഭുതമാണ്. എന്നാല്‍ മറുവശത്ത് 76 ശതമാനം സമയവും പന്ത് കൈവശം വെച്ച ട്രാബ്‌സണ്‍സ്‌പോറിന് ആകെ അഞ്ച് ഷോട്ടും രണ്ട് ഓണ്‍ ടാര്‍ഗെറ്റ് ഷോട്ടുമാണ് ഉണ്ടായിരുന്നത്.

അതേസമയം, ഈ മത്സരത്തില്‍ തന്റെ കരയിറിനെ തന്നെ തിരുത്തിയെഴുതാനുള്ള അവസരം സൂപ്പര്‍ താരം മുഹമ്മദ് സലയ്ക്കുണ്ടായിരുന്നു. ഇതിനായി കളിയുടെ ഒമ്പതാം മിനിട്ടില്‍ എതിരാളികളുടെ വലയില്‍ പന്തെത്തിക്കുകയായിരുന്നു താരം ചെയ്യേണ്ടിയിരുന്നുത്.

ഒമ്പതാം മിനിട്ടില്‍ ഗോള്‍ നേടിയിരുന്നെങ്കില്‍ ഫുട്‌ബോള്‍ കരിയറില്‍ 90 മിനിട്ടുകളിലും ഗോള്‍ നേടിയ താരമെന്ന ഐതിഹാസിക നേട്ടത്തിലും സല ഇടം പിടിക്കുമായിരുന്നു.

ഒമ്പതാം മിനിട്ടൊഴികെ കരിയറില്‍ ഒന്നാം മിനിട്ട് മുതല്‍ 90ാം മിനിട്ട് വരെ സല ഗോള്‍ കണ്ടെത്തിയിട്ടുണ്ട്.

ഫുട്‌ബോള്‍ ചരിത്രത്തില്‍ വെറും നാല് താരങ്ങള്‍ മാത്രമാണ് മത്സരത്തിന്റെ ഒന്നാം മിനിട്ട് മുതല്‍ 90ാം മിനിട്ട് വരെയുള്ള എല്ലാ മിനിട്ടിലും ഗോള്‍ നേടിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, സ്ലാട്ടന്‍ ഇബ്രാഹമോവിച്ച്, ലൂയീസ് സുവാരസ്, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവര്‍ക്കൊപ്പം ഈ ലിസ്റ്റില്‍ അഞ്ചാമനായി ഇടം നേടാനുള്ള അവസരം കൂടിയാണ് ഇപ്പോള്‍ താരത്തിന് നഷ്ടമായത്.

അതേസമയം, ട്രാബ്‌സണ്‍സ്‌പോര്‍ യൂറോപ്പ ലീഗില്‍ നിന്നും യുവേഫ കോണ്‍ഫറന്‍സ് ലീഗിലേക്ക് വീഴുകയും ചെയ്തു. അടുത്ത തവണ യൂറോപ്യന്‍ ഫുട്‌ബോളിലെ തേര്‍ഡ് ടയര്‍ ലീഗിലാകും ടര്‍ക്കിഷ് ടീം കളിക്കുക

Content Highlight: Trabzonspor eliminated from 2026–27 Europa League after  5–0 aggregate loss to Ferencváros.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more