[]തിരുവനന്തപുരം: ടി.പി വധക്കേസിലെ പ്രതികളുടെ ബന്ധുക്കള്‍ സമരം നടത്തേണ്ടത് എ.കെ.ജി സെന്ററിന് മുന്നിലാണെന്ന് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ.
ബന്ധുക്കളെ സംബന്ധിച്ച് അവരുടെ ആവശ്യം ന്യായമാണെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ കൊലയാളികളാക്കിയ പാര്‍ട്ടിയ്‌ക്കെതിരെയാണ് അവര്‍ സമരം നടത്തേണ്ടതെന്നും രമ കൂട്ടിച്ചേര്‍ത്തു.
ടി.പി വധക്കേസിലെ പ്രതികളെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബന്ധുക്കള്‍ വിയ്യൂര്‍ ജയിലിനു മുന്നില്‍ നിരാഹാര സമരം നടത്തുന്ന സംഭവത്തോട് പ്രതികരിയ്ക്കുകയായിരുന്നു രമ.
ടി.പി വധക്കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ് രമ.
സമരത്തിന് മുതിര്‍ന്ന സി.പി.ഐ.എം നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്‍ എത്തണമെന്ന് ആഗ്രഹമുണ്ടെന്നും രമ അറിയിച്ചു.
വി.എസ് സമരപ്പന്തലില്‍ വരണമെന്നാണ് ആഗ്രഹം. പക്ഷേ അദ്ദേഹത്തിന് വരാന്‍ കഴിയില്ലായിരിയ്ക്കും. വരണമോ എന്ന് തീരുമാനിയ്‌ക്കേണ്ടത് വി.എസ് തന്നെയാണ്.
യു.ഡി.എഫ് സ്‌പോണ്‍സേര്‍ഡ് സമരമെന്ന് പറഞ്ഞ് ശ്രദ്ധ തിരിച്ചു വിടാനാണ് സി.പി.ഐ.എം ശ്രമിയ്ക്കുന്നത്. എന്നാല്‍ പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തുന്നരുടെ രാഷട്രീയം താന്‍ നോക്കാറില്ല- രമ പറഞ്ഞു.
സമരത്തിന്റെ രണ്ടാം ദിനമായ ഇന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നേതാക്കളും രമയുടെ സമരവേദിയിലെത്തിയിരുന്നു.
കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിയ്ക്കും വരെ സമരം തുടരുമെന്നാണ് ആര്‍.എം.പി നേതൃത്വം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാന്‍ ഭരണതലത്തില്‍ തീരുമാനമായിട്ടുണ്ട്.