| Tuesday, 28th January 2014, 6:19 pm

ടി.പി. വധം: കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കെതിരെ നടപടിയില്ലെന്ന് കേന്ദ്ര നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നേതാക്കള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം വ്യക്തമാക്കി.

കോടതി വിധിയുടെ മാത്രം അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കണമെന്നുമാണ് സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.

അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നും നേതൃത്വം വ്യക്തമാക്കി.

സി.പി.ഐ.എം നേതാക്കളായ പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി.രാമചന്ദ്രന്‍, കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജ് എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് എരഞ്ഞിപ്പലത്തെ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്.

എന്നാല്‍ കോടതി വിധിയുടെ മാത്രം അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ സി.പി.ഐ.എം നേതാവ് പി.കെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 12 പേര്‍ക്കുള്ള ശിക്ഷയാണ് കോടതി ഇന്ന് പ്രഖ്യാപിച്ചത്.

കെ.സി രാമചന്ദ്രനും കുഞ്ഞനന്ദനും അടക്കമുള്ള ആദ്യ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും ലംബു പ്രദീപന് മൂന്ന് വര്‍ഷത്തെ തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.

We use cookies to give you the best possible experience. Learn more