| Saturday, 25th June 2016, 5:00 pm

സ്‌പോര്‍ട്‌സ് ലോട്ടറി; തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് കിട്ടാനുള്ളത് 1.35 കോടിയിലേറെയെന്ന് ടി.പി ദാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്‌പോര്‍ട്‌സ് ലോട്ടറിയിനത്തില്‍ കൗണ്‍സിലിന് ഇനിയും പണം കിട്ടാനുണ്ടെന്ന് മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍. ഈയിനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് കിട്ടാനുള്ളത് 1.35 കോടിയിലേറെ രൂപയാണ്. നാല് ജില്ലാ കൗണ്‍സിലുകളില്‍ നിന്നായി 8.87 ലക്ഷം രൂപയും ആറ് സ്‌പേര്‍ട്‌സ് അസോസിയേഷനുകളില്‍ നിന്നായി അഞ്ച് ലക്ഷത്തിലേറെ രൂപയും കൗണ്‍സിലിന് ലഭിക്കാനുണ്ടെന്ന് ദാസന്‍ വ്യക്തമാക്കി.

ജില്ലാ കൗണ്‍സിലുകള്‍ക്കും സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ക്കും നല്‍കുന്ന ഗ്രാന്റുകളില്‍ നിന്ന് ഈ തുക ഈടാക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോട്ടറി നടപ്പിലാക്കിയിരുന്ന കാലത്ത് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു ടി.പി. ദാസന്‍.

സ്‌പോര്‍ട്‌സ് ലോട്ടറി സംബന്ധിച്ച് അഴിമതി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തെ ടി.പി. ദാസന്‍ സ്വാഗതം ചെയ്തു. അന്വേഷണം, വിഷയത്തില്‍ കൂടുതല്‍ വ്യക്തത കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദങ്ങളെ തുടര്‍ന്ന്, പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജ് രാജിവെച്ച സാഹചര്യത്തില്‍ ടി.പി. ദാസനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഇടതുസര്‍ക്കാരിന് ആാേചനയുണ്ട്.

രാജിവെക്കും മുമ്പ് സ്‌പോര്‍ട്‌സ് ലോട്ടറി ഉള്‍പ്പെടെ കൗണ്‍സിലില്‍ വന്‍ അഴിമതികള്‍ നടന്നിട്ടുണ്ടെന്ന് അഞ്ജു ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതിയും നല്‍കിയിയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more