| Friday, 1st August 2025, 6:55 am

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ടി.പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി. മീനങ്ങാടി സി.ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം കഴിഞ്ഞ മാസം (ജൂലൈ) 21നാണ് കോടതി സുനിക്ക് പരോള്‍ അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് പരോള്‍ റദ്ദാക്കുകയായിരുന്നു. പതിനഞ്ച് ദിവസത്തെ അടിയന്തര പരോളായിരുന്നു കൊടി സുനിക്ക് അനുവദിച്ചിരുന്നത്. വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു റദ്ദാക്കല്‍. ഈ മാസം ഏഴ് വരെയായിരുന്നു പരോള്‍ കാലാവധി.

പരോള്‍ ലഭിച്ച ശേഷം വയനാട് മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടാകുമെന്നായിരുന്നു കൊടി സുനി അറിയിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ അവിടെ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് തിരികെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഇയാളെ എത്തിച്ചു.

കഴിഞ്ഞ ദിവസം കോടതിയിലേക്ക് കൊണ്ടുപോകും വഴി കൊടി സുനി അടക്കമുള്ള പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മദ്യം കഴിച്ചെന്ന് കണ്ടത്തെത്തിയതിനെ തുടര്‍ന്ന് മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ ജൂലൈ 17ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ മദ്യം കഴിക്കാന്‍ അവസരമൊരുക്കിയെനന്നായിരുന്നു പരാതി. കൊടി സുനിയെ കൂടാതെ മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികളുമുണ്ടായിരുന്നതായാണ് വിവരം. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോയ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ മൂന്ന് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെയായിരുന്നു (വ്യാഴം) ഇവരെ സസ്പെന്‍ഡ് ചെയ്തത്. നേരത്തെ കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോ?ഗിച്ചതടക്കം പുറത്തുവന്നിരുന്നു.

Content Highlight: TP Chandrasekharan murder case accused Kodi Suni’s parole cancelled

We use cookies to give you the best possible experience. Learn more