| Tuesday, 16th December 2025, 3:25 pm

സി.പി.ഐ.എമ്മിന് മലപ്പുറത്തിന്റെ മധുരപ്രതികാരം

ടി.പി. അഷറഫലി

മലപ്പുറം യു.ഡി.എഫിന്റെ കോട്ട എന്ന് എക്കാലത്തും പറയാറുണ്ടെങ്കിലും സി.പി.ഐ.എമ്മിനെ തീര്‍ത്തും ഇല്ലാതാക്കുന്ന വിധം അസാധാരണമായ തെരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.

മൂന്ന് പതിറ്റാണ്ടായി സി.പി.ഐ.എം ഭരിച്ചിരുന്ന പെരിന്തല്‍മണ്ണയില്‍ ഇത്തവണ അടിതെറ്റിയത് തന്നെ ഉദാഹരണം. ആകെയുള്ള 94 ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് ആകെ നേടാനായത് മൂന്നെണ്ണം മാത്രം. കോണ്‍ഗ്രസുമായി ചേര്‍ന്ന് നേടിയ ഒരു പഞ്ചായത്ത് ഒഴിച്ചാല്‍ ബാക്കി 90 പഞ്ചായത്തുകളും യു.ഡി.എഫ് തൂത്തുവാരി.

മലപ്പുറം ജില്ലാ പഞ്ചായത്തില്‍ 33 ഡിവിഷനുകളുള്ളതില്‍ ഒരു സീറ്റ് പോലും എല്‍.ഡി.എഫിന് നേടാനായില്ല. പന്ത്രണ്ട് നഗരസഭയില്‍ ഒരു നഗരസഭ മാത്രം ലഭിച്ചപ്പോള്‍ പതിനഞ്ച് ബ്ലോക്ക് പഞ്ചായത്തില്‍ ഒരെണ്ണം പോലും അവര്‍ക്ക് നേടാനായില്ല. അഞ്ച് ബ്ലോക്ക് പഞ്ചായത്തില്‍ ഒരു സീറ്റ് പോലും ഇടതിനില്ല.

എല്‍.ഡി.എഫ്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ഒരു മുന്നറിയിപ്പാണ്. ന്യൂനപക്ഷ വിരുദ്ധ തന്ത്രങ്ങള്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏതു പാര്‍ട്ടിക്കും തിരിച്ചടിയാകുമെന്ന കൃത്യമായ സൂചന.

മലപ്പുറത്തുകാര്‍ എല്‍.ഡി.എഫിന്റെ ന്യൂനപക്ഷ വിരുദ്ധ തന്ത്രങ്ങളെ വോട്ട് ചെയ്ത് തോല്‍പ്പിച്ചത് അവരുടെ മധുരപ്രതികാരമാണ്. കാരണം, മലപ്പുറത്തെക്കുറിച്ച് എല്‍.ഡി.എഫ്, പ്രത്യേകിച്ച് സി.പി.ഐ.എം പ്രചരിപ്പിച്ച നുണകള്‍ മലപ്പുറത്തുകാരെ പൂര്‍ണമായും ഒറ്റപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു.

പൊലീസിനെ ഉപയോഗിച്ചുള്ള മുസ്‌ലിം വിരുദ്ധ നടപടികളും ആഭ്യന്തരവകുപ്പിലെ സംഘിവത്കരണവും മുസ്‌ലിംവേട്ട ലക്ഷ്യം വെച്ചുള്ളതായിരുന്നു. ക്രിമിനലുകളുടെയും കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമാക്കി മലപ്പുറത്തെ മാറ്റാന്‍ ഈ സര്‍ക്കാര്‍ അവരുടെ പോലീസ് സന്നാഹത്തെ കയറൂരി വിട്ടു.

കരിപ്പൂര്‍ വഴി സ്വര്‍ണം ഒഴുകുകയാണെന്ന് ദിവസേന പ്രചരിപ്പിച്ചു. കസ്റ്റംസ് അന്വേഷിക്കേണ്ട കേസുകളില്‍ പോലീസ് ഇടപെടാന്‍ തുടങ്ങി. പെറ്റി കേസുകളെ പോലും ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി മലപ്പുറത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം ഊതിപ്പെരുപ്പിച്ചു.

ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുഖ്യമന്ത്രി പോലും മടി കാണിച്ചില്ല. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണ്. ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം ഉള്ള മേഖലയാണ് മലപ്പുറം എന്ന് പൊതുവേദിയില്‍ പറഞ്ഞയാളാണ് കടകംപള്ളി സുരേന്ദ്രന്‍.

കേരളത്തിലെ സി.പി.ഐ.എം എക്കാലത്തും വെച്ചുപുലര്‍ത്തിയിട്ടുള്ള മുസ്‌ലിം വിരുദ്ധത ഏറ്റവും ഭീകരമായ രൂപത്തില്‍ പുറത്തുവന്ന ഒരു സമയമാണ് കടന്നുപോയ തദ്ദേശ തെരഞ്ഞെടുപ്പ് കാലം.

ഇ.എം.എസ്സും വി.എസ്. അച്യുതാനന്ദനും ഉള്‍പ്പെടെ പല നേതാക്കളും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഏറ്റവും സംഘടിതമായ രീതിയില്‍ മലപ്പുറത്തിനും മുസ്‌ലിം വിഭാഗത്തിനുമെതിരെ തിരിയുന്ന ഒരു പ്രതിഭാസം ഇപ്പോഴാണ് സംഭവിച്ചത്.

പിണറായി വിജയനും എം.വി. ഗോവിന്ദനും തുടക്കമിടുകയും അണികളും സൈബര്‍ സഖാക്കളും സംഗതി ഭംഗിയായി ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്തു.

എം.വി. ഗോവിന്ദനും പിണറായി വിജയനും. Photo: x.com

മലപ്പുറത്തിനെതിരെയും മുസ്‌ലിം ജനതയ്ക്കെതിരെയും നിരന്തരമായി അധിക്ഷേപ വര്‍ഷം നടത്തിക്കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ സി.പി.ഐ.എമ്മിന്റെ പ്രിയങ്കരനായി മാറി. വെള്ളാപ്പള്ളിയുടെ ഒരു പരാമര്‍ശത്തെ പോലും ഇതുവരെ അപലപിക്കാനോ എതിര്‍ക്കാനോ സി.പി.ഐ.എമ്മോ പിണറായിയോ തയ്യാറായിട്ടില്ല.

മലപ്പുറത്ത് ജനാധിപത്യമല്ല, മതാധിപത്യമാണ് ഉള്ളതെന്നും, മറ്റു മതക്കാര്‍ അവിടെ ജീവിക്കുന്നത് പേടിച്ചാണെന്നും പറയാന്‍ വെള്ളാപ്പള്ളിക്ക് ധൈര്യമുണ്ടായത് ആരുടെ പിന്തുണയുള്ളതു കൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം.

വെള്ളാപ്പള്ളി നടേശന്‍. Photo: Facebook.com

വെള്ളാപ്പള്ളി പറയുന്നതെല്ലാം ആര്‍.എസ്.എസ്സിന്റെ ആവശ്യപ്രകാരമാണെന്നും ആര്‍.എസ്.എസ്സിനെ എതിര്‍ക്കാന്‍ സി.പി.ഐ.എമ്മിന് താത്പര്യമില്ലെന്നും തെളിച്ചത്തില്‍ കാണാന്‍ കഴിഞ്ഞ സമയമായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലം.

ലീഗും കോണ്‍ഗ്രസ്സിലെ ഒരുവിഭാഗവും ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും തിരെഞ്ഞെടുപ്പ് എന്ന ജനാധിപത്യ ഉല്‍സവത്തെ മതോത്സവമാക്കി മാറ്റി എന്ന് പറഞ്ഞത് ബി.ജെ.പി ആയിരുന്നില്ല, കെ.ടി. ജലീല്‍ ആയിരുന്നു.

കെ.ടി. ജലീല്‍. Photo: Facebook.com

കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന് പാര്‍ട്ടിരേഖകളിലും പറയുന്നുണ്ട് എന്ന് പറഞ്ഞത് ബി.ജെ.പിയല്ല, ജോര്‍ജ് എം. തോമസ് ആയിരുന്നു.

പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തിയാണ്, വിവാദത്തിന് ശ്രമിക്കുന്നത് വര്‍ഗീയവാദികളാണെന്ന് പറഞ്ഞത് ബി.ജെ.പിയല്ല, മന്ത്രി വി. എന്‍. വാസവന്‍ ആയിരുന്നു.

വി. എന്‍. വാസവന്‍. Photo: Facebook.com

ചില പ്രത്യേക ആളുകളെ കണ്ടാല്‍ മനസ്സിലാകും അവര്‍ കുറ്റക്കാരാണെന്ന് പറഞ്ഞത് ബി.ജെ.പിയല്ല എം. പ്രകാശന്‍ ആയിരുന്നു.

ഏറ്റവും വലിയ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയത എന്ന് പറഞ്ഞത് ബി.ജെ.പിയല്ല, എ. വിജയരാഘവന്‍
ആയിരുന്നു.

യു.ഡി.എഫ് നേതൃത്വം ലീഗിന് കൈമാറി, മതനിരപേക്ഷത അടിയറവ് വെച്ചു എന്ന് പറഞ്ഞത് ബി.ജെ.പിയല്ല, കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു.

പൗരത്വ പ്രക്ഷോഭങ്ങളില്‍ മഹല്ലുകളില്‍ നുഴഞ്ഞുകയറുന്നത് മുസ്‌ലിം തീവ്രവാദികള്‍ എന്ന് പറഞ്ഞത് ബി.ജെ.പിയല്ല, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു.

പിണറായിയും കോടിയേരിയും

സി.എ.എ വിരുദ്ധ സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം സ്ഥിരീകരിച്ചു എന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് നാളിതുവരെ എതിര്‍ക്കാനോ തിരുത്താനോ സി.പി.ഐ.എമ്മോ പിണറായിയോ തയ്യാറായിട്ടില്ല.

അയ്യപ്പസംഗമ വേദിയിലേക്ക് യു.പി മുഖ്യമന്ത്രിയെ ക്ഷണിച്ച പിണറായി വിജയന്‍, തന്റെ കാറില്‍ വെള്ളാപ്പള്ളി നടേശനുമായാണ് ചെന്നിറങ്ങിയത്. ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അസ്വസ്ഥതയുണ്ടാക്കി.

ന്യൂനപക്ഷ വോട്ടുകള്‍ കിട്ടിയില്ലെങ്കിലും ഹിന്ദു വോട്ടുകള്‍ കിട്ടിയാല്‍ മതിയെന്ന തരത്തിലുള്ള എല്‍.ഡി.എഫ് നീക്കങ്ങളും തന്ത്രങ്ങളും അവരെത്തന്നെ തിരിഞ്ഞുകൊത്തി.

സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് വ്യതിചലിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ (പ്രധാന്‍മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കി. ഈ പദ്ധതി ഹിന്ദുത്വ നയങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതാണെന്നും വിദ്യാഭ്യാസ മേഖലയില്‍ കാവിവത്കരണത്തിന് വഴിയൊരുക്കുമെന്നും വിദഗ്ധര്‍ നിരീക്ഷിച്ചു.

എല്‍.ഡി.എഫിനുള്ളിലെ സഖ്യകക്ഷിയായ സി.പി.ഐ പോലും ഈ തീരുമാനത്തെ വിമര്‍ശിച്ചപ്പോഴും സര്‍ക്കാര്‍ മൗനം പാലിച്ചു. ഒരു ചര്‍ച്ച പോലുമാക്കാതെ രഹസ്യമായി പദ്ധതിയില്‍ ഒപ്പുവെച്ച് നടപ്പിലാക്കാന്‍ ശ്രമിച്ചത് സര്‍ക്കാരിന് ഈ വിഷയത്തില്‍ ഗൂഡലക്ഷ്യമുണ്ടെന്നതിന്റെ തെളിവായി.

ന്യൂനപക്ഷ സമുദായങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിങ്ങള്‍, ഇതിനെ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരുമായുള്ള സഹകരണമായി കണ്ടു. മലപ്പുറത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞത് യു.ഡി.എഫിന് തെരഞ്ഞെടുപ്പില്‍ ഗുണമുണ്ടാക്കി.

പൗരത്വ നിയമം പോലെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നയങ്ങളോട് സംസ്ഥാനത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭാവിയില്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചേക്കുമെന്ന് അവര്‍ ആശങ്കപ്പെട്ടിട്ടുണ്ടെങ്കില്‍, തല്‍ഫലമായി ആ വോട്ടുകള്‍ യു.ഡി.എഫിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രമാണ്.

SIR വിഷയത്തില്‍ കോടതിയില്‍ പോകാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയും ശക്തമായി പ്രതിരോധിക്കാതെയും മൃദു സമീപനം സ്വീകരിച്ചത് ജനം വിലയിരുത്തുന്നുണ്ട്.

മലപ്പുറത്ത് ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് എല്‍.ഡി.എഫ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചത് അവരുടെ മറ്റൊരു തന്ത്രമായിരുന്നു. യു.ഡി.എഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ഡബ്ല്യു.പി.ഐ) ജമാഅത്തുമായി ബന്ധപ്പെട്ടതാണെന്നും, ഇത് തീവ്രവാദ ബന്ധങ്ങളുള്ളതാണെന്നും ആരോപിച്ചു.

വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും വര്‍ഗീയ വാദികളാണെന്ന് പോലും എം.വി.ഗോവിന്ദന്‍ ആരോപിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും ലോക്കല്‍ ബോഡി തിരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള പല ആരോപണങ്ങള്‍ ഉയര്‍ത്തി. ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നതിനു തുല്യമായി.

എക്കാലത്തും ന്യൂനപക്ഷ സംരക്ഷരായി സ്വയം അവകാശപ്പെട്ടിരുന്നവരാണ് എല്‍.ഡി.എഫ്, പ്രത്യേകിച്ച് സി.പി.ഐ.എം. മുസ്‌ലിം വിഭാഗത്തെ സംരക്ഷിക്കപ്പെടേണ്ടവരായി കാണുകയും ആ അവസ്ഥയെ അങ്ങനെതന്നെ നിലനിര്‍ത്തുകയും ചെയ്തതില്‍ സി.പി.ഐ.എമ്മിന് വലിയ പങ്കുണ്ട്.

നിങ്ങളെ സംരക്ഷിക്കുന്നതിനു പകരം ഞങ്ങള്‍ക്ക് വോട്ട് ചെയ്യുക എന്നതാണ് അവരുടെ നിലപാട്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യം ഉയര്‍ത്തിയിട്ടും ന്യൂനപക്ഷം അകന്നു എന്ന തോമസ് ഐസക്കിന്റെ കണ്ടെത്തല്‍, ഐക്യദാര്‍ഢ്യം മുസ്‌ലിം വോട്ടു ബാങ്ക് ലക്ഷ്യമിട്ടുള്ളതായിരുന്നു എന്നു തെളിയിക്കുന്നതാണ്.

മുസ്‌ലിങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ മാത്രം മതി എന്ന നിലപാടാണ് സി.പി.ഐ.എമ്മിന്. ന്യൂനപക്ഷങ്ങളെ തുല്യ പൗരന്മാരായി കാണുന്നതിനു പകരം സംരക്ഷണം ആവശ്യമുള്ള താഴ്ന്ന വിഭാഗമായാണ് കാണുന്നത്. ജനങ്ങളുടെ സ്വതന്ത്രമായ ചിന്തകളെയും അവകാശബോധങ്ങളെയും സി.പി.ഐ.എം അംഗീകരിക്കുന്നില്ല എന്നതാണ് ഇതിലൂടെ മനസ്സിലാകുന്നത്.

സി.പി.ഐ.എം പറയുന്നത് മാത്രം ശരിയാണെന്ന് വിശ്വസിക്കുന്നവരല്ല ജനങ്ങള്‍. കാര്യങ്ങള്‍ വിലയിരുത്താനും അതിനനുസരിച്ചു പ്രവര്‍ത്തിക്കാനും ജനങ്ങള്‍ക്ക് കഴിവുണ്ട് എന്ന ബോധം സി.പി.ഐ.എമ്മിന് വേണം.

Content Highlight: TP Asharafali on the setback suffered by the CPI(M) in Malappuram in the local body elections

ടി.പി. അഷറഫലി

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

We use cookies to give you the best possible experience. Learn more