| Wednesday, 28th August 2013, 7:56 pm

ടെയോട്ട കാമ്രി ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ ടെയോട്ട തങ്ങളുടെ കാമ്രി ഹൈബ്രിഡ് കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് കാറാണ് ടെയോട്ട കാമ്രി.

ഇന്ധനക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ടെയോട്ട കാമ്രി ലിറ്ററിന്  19.16 കിലോമീറ്റര്‍ മൈലേജുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ടെയോട്ട കാമ്രി ഹൈബ്രിഡ് പെട്രോള്‍ മോഡലിന്റെ വില 29.75 ലക്ഷം രൂപ. []

ഇതോടെ ടെയോട്ടയുടെ ഹൈബ്രിഡ് വാഹനങ്ങള്‍ ഉത്പാദിക്കുന്ന ലോകത്തിലെ ഒന്‍പതാമത്തെ രാജ്യമായി ഇന്ത്യ. പങ്കാളികളായ കിര്‍ലോസ്‌ക്കര്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് കമ്പനി ഇന്ത്യയില്‍ കാര്‍ ഉത്പാദിക്കുന്നത്.

ടെയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍സിന്റെ ബാംഗ്ലൂരിലെ ബിദാദിയിലെ പ്ലാന്റിലാണ് കാര്‍ നിര്‍മ്മിച്ചത്. ഇത് വരെ പ്രയസ് എന്ന ഒരേയൊരു ഹൈബ്രിഡ് കാര്‍ മാത്രമാണ് ടൊയോട്ട ഇന്ത്യയില്‍ വിറ്റഴിച്ചിരുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രയസുകള്‍ ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ വില്‍പ്പന നടത്തിയിരുന്നത്.  1997 ലാണ് ആദ്യ ഹൈബ്രിഡ് വാഹനം ടെയോട്ട പുറത്തിറക്കിയത്.

ഇതിനകം 50 ലക്ഷത്തിലേറെ ഹൈബ്രിഡ് വാഹനങ്ങള്‍ ടൊയോട്ട  വിവിധ ലോകരാജ്യങ്ങളിലായി വിറ്റഴിച്ചിട്ടുണ്ട്. ടൊയോട്ട, ലക്‌സസ് ബ്രാണ്ടുകളിലായി 19 ഹൈബ്രിഡ് വാഹനങ്ങളും ഒരു പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനവും നിലവില്‍ ടൊയോട്ട പുറത്തിറക്കുന്നുണ്ട്.

ലോകത്തെ 80 രാജ്യങ്ങളില്‍ ടൊയോട്ടയുടെ ഹൈബ്രിഡ് കാറുകള്‍ ലഭ്യമാണ്. എറ്റിയോസ് ലിവ, എറ്റിയോസ്, ഇന്നോവ, കൊറോള ഓള്‍ട്ടിസ്, ഫോര്‍ച്യൂണര്‍ , കാമ്രി, ലാന്‍ഡ് ക്രൂസര്‍ പ്രാഡോ, ലാന്‍ഡ് ക്രൂസര്‍ എന്നിവയാണ് ഇന്ത്യന്‍ വിപണിയിലുള്ള ടൊയോട്ടയുടെ മറ്റ് വാഹനങ്ങള്‍.

We use cookies to give you the best possible experience. Learn more