അടുത്തകാലത്തായി സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് ടോക്‌സിക് റിലേഷന്‍ഷിപ്പ്. പ്രണയബന്ധങ്ങളിലും വിവാഹബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമെല്ലാം ഈ പദം ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
എന്നാല്‍ ചെറിയ അഭിപ്രായവ്യത്യാസമോ ഒരിക്കല്‍ ഉണ്ടായ വഴക്കോ മാത്രം ഒരു ബന്ധത്തെ ടോക്‌സിക് ആക്കുന്നില്ല. മറിച്ച്, ഒരാള്‍ മറ്റൊരാളുടെ സ്വാതന്ത്ര്യത്തെയും ആത്മാഭിമാനത്തെയും മാനസികാരോഗ്യത്തെയും ആവര്‍ത്തിച്ച് ബാധിക്കുന്ന തരത്തിലുള്ള രീതിയാണ് ഇവിടെ പ്രധാനമായി ശ്രദ്ധിക്കേണ്ടത്.
ബന്ധം എന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വൈകാരിക അടുപ്പം മാത്രമല്ല. പരസ്പര വിശ്വാസം, ബഹുമാനം, സുരക്ഷിതത്വം, സ്വാതന്ത്ര്യം, വ്യക്തിപരമായ അതിരുകളോടുള്ള അംഗീകാരം, ആശയവിനിമയം എന്നിവ ചേര്‍ന്നുള്ള ഒരു മാനസിക-സാമൂഹിക സംവിധാനമാണ്.
ഇവ നഷ്ടപ്പെടുകയും സ്‌നേഹത്തിന്റെ സ്ഥാനത്ത് നിയന്ത്രണവും ഭയവും അപമാനവും വരികയും ചെയ്യുമ്പോഴാണ് ഒരു ബന്ധം വിഷമയമായി മാറിത്തുടങ്ങുന്നത്.
ശാരീരിക പീഡനം താരതമ്യേന എളുപ്പത്തില്‍ തിരിച്ചറിയാനാകും. എന്നാല്‍ ടോക്‌സിക് ബന്ധങ്ങളില്‍ പലപ്പോഴും കണ്ടുവരുന്ന മാനസികവും വൈകാരികവുമായ പീഡനം പുറത്തുള്ളവര്‍ക്ക് മാത്രമല്ല, അത് അനുഭവിക്കുന്ന വ്യക്തിക്കുപോലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകാം.
നിരന്തരം കുറ്റപ്പെടുത്തുക, ചെറുതാക്കി സംസാരിക്കുക, വ്യക്തിത്വത്തെയും കഴിവുകളെയും അപമാനിക്കുക, സ്‌നേഹവും അടുപ്പവും പിന്‍വലിച്ച് ശിക്ഷിക്കുക, ഭീഷണിപ്പെടുത്തുക, കുറ്റബോധം സൃഷ്ടിക്കുക, സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും അകറ്റുക, ഫോണ്‍ പരിശോധിക്കുക, എവിടെ പോകണം, ആരോട് സംസാരിക്കണം എന്നതുവരെ നിയന്ത്രിക്കുക തുടങ്ങിയവ മാനസിക പീഡനത്തിന്റെ ഭാഗമായേക്കാം.
‘നീ എന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഇത് ചെയ്യണം’, നീ എന്നെ വിട്ടുപോയാല്‍ ഞാന്‍ എന്തെങ്കിലും ചെയ്യും’, നിനക്കൊന്നും സ്വന്തമായി തീരുമാനിക്കാന്‍ കഴിയില്ല,’ തുടങ്ങിയ വാക്കുകള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കപ്പെടുമ്പോള്‍ അവയെ വെറും ദേഷ്യപ്രകടനമായി മാത്രം കാണാനാവില്ല.
അവ വൈകാരിക സമ്മര്‍ദ്ദം, വൈകാരിക ആധിപത്യം, മാനസിക നിയന്ത്രണം എന്നിവയുടെ രൂപങ്ങളായിരിക്കാം. ഇത്തരം ബന്ധങ്ങളുടെ ഏറ്റവും ഗൗരവമുള്ള വശം, പീഡനം അനുഭവിക്കുന്ന വ്യക്തിക്ക് തന്നെ താന്‍ ഒരു അനാരോഗ്യകരമായ ബന്ധരീതിയുടെ ഇരയാണെന്ന് തിരിച്ചറിയാന്‍ കഴിയാതാകുന്നതാണ്.
പല ടോക്‌സിക് ബന്ധങ്ങളും തുടക്കത്തില്‍ തന്നെ പ്രശ്‌നകരമായി തോന്നണമെന്നില്ല. ആദ്യഘട്ടങ്ങളില്‍ അമിതമായ സ്‌നേഹം, ശ്രദ്ധ, കരുതല്‍, സംരക്ഷണം എന്നിവ ലഭിക്കുന്നതായി അനുഭവപ്പെടാം. എന്നാല്‍ പിന്നീട് അതേ കരുതല്‍ നിയന്ത്രണമായി മാറിത്തുടങ്ങാം.
‘നിന്നെക്കുറിച്ചുള്ള ആശങ്ക കൊണ്ടാണ്’ എന്ന പേരില്‍ സ്വകാര്യതയിലേക്ക് കടന്നുകയറുകയും, ‘സ്‌നേഹിക്കുന്നതുകൊണ്ടാണ് അസൂയ’ എന്ന പേരില്‍ സൗഹൃദങ്ങളെയും സാമൂഹിക ഇടപെടലുകളെയും നിയന്ത്രിക്കാനും തുടങ്ങാം.
കാലക്രമേണ വിമര്‍ശനം, കുറ്റപ്പെടുത്തല്‍, അപമാനിക്കല്‍ എന്നിവ വര്‍ധിച്ചേക്കാം. അതിനിടയില്‍ വീണ്ടും സ്‌നേഹപ്രകടനങ്ങളും ക്ഷമാപണങ്ങളും ‘ഇനി ആവര്‍ത്തിക്കില്ല’ എന്ന വാഗ്ദാനങ്ങളും ഉണ്ടാകാം. ഇങ്ങനെ സ്‌നേഹം – പീഡനം – ക്ഷമാപണം – പ്രതീക്ഷ – വീണ്ടും പീഡനം എന്നൊരു ചക്രം രൂപപ്പെടുന്നു.
ഈ ചക്രത്തില്‍ ദീര്‍ഘകാലം കഴിയുമ്പോള്‍ വ്യക്തി സ്വന്തം അനുഭവങ്ങളെ തന്നെ സംശയിക്കാന്‍ തുടങ്ങാം. ‘തെറ്റ് എന്റെ ഭാഗത്തായിരിക്കാം’, ‘ഞാന്‍ മാറിയാല്‍ അയാളും മാറും’, ‘കുറച്ചുകൂടി സഹിച്ചാല്‍ എല്ലാം ശരിയാകും’ തുടങ്ങിയ ചിന്തകള്‍ ശക്തമാകാം.
ഒടുവില്‍ പങ്കാളിയുടെ പീഡനപരമായ പെരുമാറ്റത്തിനുപോലും താനാണ് ഉത്തരവാദിയെന്ന് വ്യക്തി വിശ്വസിച്ചുതുടങ്ങാം. ഇത്തരത്തിലുള്ള മാനസിക ചക്രമാണ് പലരെയും ടോക്‌സിക് ട്രാപ്പില്‍ കുടുക്കുന്നത്.
ഒരു ബന്ധം ടോക്‌സിക് ആകുന്നതിന് ഒരൊറ്റ കാരണമല്ലാ. വ്യക്തിയുടെ സ്വഭാവസവിശേഷതകള്‍, വൈകാരിക പ്രശ്‌നങ്ങള്‍, ബാല്യകാല അനുഭവങ്ങള്‍, കുടുംബാന്തരീക്ഷം, മൂല്യവ്യത്യാസങ്ങള്‍, സാംസ്‌കാരിക സ്വാധീനങ്ങള്‍, ലിംഗാധിഷ്ഠിത പ്രതീക്ഷകള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരസ്പരം ചേര്‍ന്നാണ് ഇത്തരം ബന്ധരീതികള്‍ രൂപപ്പെടുന്നത്.
ചില വ്യക്തികളില്‍ അമിതമായ അധികാരബോധം, മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനുള്ള കഴിവിലെ കുറവ്, നിരന്തരം അംഗീകാരം തേടുന്ന പ്രവണത, വിമര്‍ശനങ്ങള്‍ സഹിക്കാനാവാത്തത്, അമിതമായ അസൂയ, ഉടമസ്ഥബോധം, കോപനിയന്ത്രണക്കുറവ് തുടങ്ങിയ സവിശേഷതകള്‍ കാണാം.
ഇത്തരം സ്വഭാവങ്ങള്‍ ബന്ധത്തില്‍ ആവര്‍ത്തിച്ചുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാം.
ചില വ്യക്തിത്വ വൈകല്യങ്ങളിലുമിത് പോലുള്ള ബന്ധപരമായ ബുദ്ധിമുട്ടുകള്‍ കൂടുതല്‍ പ്രകടമായി കാണപ്പെടാം.
ഉദാഹരണത്തിന്, നാര്‍സിസിസ്റ്റിക് വ്യക്തിത്വ സവിശേഷതകളില്‍ അമിതമായ സ്വപ്രാധാന്യബോധം, പ്രത്യേക പരിഗണനയ്ക്ക് താന്‍ അര്‍ഹനാണെന്ന ധാരണ, മറ്റുള്ളവരുടെ വികാരങ്ങളോടുള്ള സഹാനുഭൂതിയിലെ കുറവ് എന്നിവ കാണാം.
ആന്റിസോഷ്യല്‍ വ്യക്തിത്വ സവിശേഷതകളില്‍ മറ്റുള്ളവരുടെ അവകാശങ്ങളെ അവഗണിക്കല്‍, വഞ്ചനാപരമായ പെരുമാറ്റം, ആക്രമണസ്വഭാവം തുടങ്ങിയവ പ്രകടമാകാം. ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ വൈകല്യത്തില്‍ ഉപേക്ഷിക്കപ്പെടുമോ എന്ന ശക്തമായ ഭയം, വൈകാരിക അസ്ഥിരത, ആവേശപൂര്‍വമായ പ്രതികരണങ്ങള്‍, അസ്ഥിരമായ ബന്ധങ്ങള്‍ തുടങ്ങിയ സവിശേഷതകള്‍ കാണാം.
എന്നാല്‍ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്: വ്യക്തിത്വ വൈകല്യമുള്ള എല്ലാവരും പീഡനപരമായി പെരുമാറണമെന്നില്ല; അതുപോലെ പീഡനപരമായ പെരുമാറ്റം കാണിക്കുന്ന എല്ലാവര്‍ക്കും വ്യക്തിത്വ വൈകല്യം ഉണ്ടായിരിക്കണമെന്നുമില്ല.
സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഏതാനും ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പങ്കാളിയെ ‘നാര്‍സിസിസ്റ്റ്’, ‘സൈക്കോപാത്ത്’ തുടങ്ങിയ ലേബലുകള്‍ നല്‍കി വിലയിരുത്തുന്നത് ശാസ്ത്രീയമായ സമീപനമല്ല.
വ്യക്തിത്വ വൈകല്യങ്ങളുടെ നിര്‍ണയം സമഗ്രമായ മാനസികാരോഗ്യ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കണം. വൈകാരിക പ്രശ്‌നങ്ങളും പഴയ മുറിവുകളും
ബാല്യകാല ആഘാതങ്ങള്‍, ആത്മവിശ്വാസക്കുറവ്, ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം, അസൂയ, നിരസിക്കപ്പെടുന്നതിലുള്ള അതിസൂക്ഷ്മത, കോപനിയന്ത്രണക്കുറവ് തുടങ്ങിയ ഘടകങ്ങള്‍ ചിലരില്‍ അനാരോഗ്യകരമായ ബന്ധരീതികള്‍ രൂപപ്പെടാന്‍ കാരണമാകാം.
‘നിന്നെ നഷ്ടപ്പെടുമോ എന്നെനിക്ക് പേടിയുണ്ട്’ എന്ന് തുറന്ന് പറയുന്നതിനുപകരം, ചിലര്‍ ആ ഭയം ‘നീ ആരോടും സംസാരിക്കരുത്’ എന്ന നിയന്ത്രണമായി പ്രകടിപ്പിച്ചേക്കാം. ഭയം നിയന്ത്രണമായി മാറുമ്പോഴാണ് ബന്ധങ്ങള്‍ അപകടകരമാകുന്നത്.
എല്ലാ ദമ്പതികള്‍ക്കും ഒരേ അഭിപ്രായങ്ങളും ജീവിതകാഴ്ചപ്പാടുകളും ആയിരിക്കണമെന്നില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ഒരു ബന്ധത്തിന്റെ സ്വാഭാവിക ഭാഗമാണ്. എന്നാല്‍ പണം, മതം, കുടുംബത്തിന്റെ ഇടപെടല്‍, തൊഴില്‍, കുട്ടികളുടെ വളര്‍ത്തല്‍, വ്യക്തിസ്വാതന്ത്ര്യം, ലൈംഗികത, സ്വകാര്യത തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ വലിയ മൂല്യവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാം.
മൂല്യവ്യത്യാസം സ്വയം ഒരു പ്രശ്‌നമല്ല. എന്നാല്‍ ഒരാള്‍ മറ്റൊരാളുടെ മൂല്യങ്ങളെയും വ്യക്തിപരമായ തെരഞ്ഞെടുക്കലുകളെയും അംഗീകരിക്കാതെ സ്വന്തം കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ജീവിക്കാന്‍ നിര്‍ബന്ധിക്കുമ്പോഴാണ് അത് അനാരോഗ്യകരമായ ബന്ധരീതിയായി മാറുന്നത്.
ഒരു വ്യക്തി വളര്‍ന്നുവരുന്ന കുടുംബാന്തരീക്ഷവും അവിടെ കാണുന്ന ബന്ധമാതൃകകളും, പിന്നീട് ‘ഒരു ബന്ധം എങ്ങനെയായിരിക്കണം’ എന്ന ധാരണ രൂപപ്പെടുന്നതില്‍ വലിയ സ്വാധീനം ചെലുത്താം.
‘പുരുഷനാണ് അവസാന തീരുമാനം എടുക്കേണ്ടത്’, ‘സ്ത്രീ എല്ലാം സഹിച്ചിരിക്കണം’, ‘അസൂയ സ്‌നേഹത്തിന്റെ അടയാളമാണ്’, ‘കുടുംബം നിലനിര്‍ത്താന്‍ എന്തും സഹിക്കണം’ തുടങ്ങിയ വിശ്വാസങ്ങള്‍ ചില സാഹചര്യങ്ങളില്‍ നിയന്ത്രണപരമായ പെരുമാറ്റത്തെയും പീഡനത്തെയും സാധാരണവല്‍ക്കരിക്കാന്‍ ഇടയാക്കാം.
ഫോട്ടോ; ജെമിനി
Gender expectations ടോക്‌സിക് ബന്ധങ്ങളില്‍ നിര്‍ണായകമായ ഘടകമാണ്. സ്ത്രീയുടെ സാമ്പത്തിക ആശ്രിതത്വം, പുരുഷാധികാരത്തെ അംഗീകരിക്കുന്ന സാമൂഹികഘടന, സ്ത്രീയുടെ സഹനത്തെ മഹത്വവല്‍ക്കരിക്കല്‍ തുടങ്ങിയവ power imbalance സൃഷ്ടിക്കാം.
അതേസമയം psychological abuse, emotional manipulation, controlling behaviour എന്നിവ സ്ത്രീകള്‍ക്ക് മാത്രമോ പുരുഷന്മാര്‍ക്ക് മാത്രമോ സംഭവിക്കുന്ന ഒന്നല്ല. അതിനാല്‍ ഒരു ബന്ധത്തെ വിലയിരുത്തുമ്പോള്‍ ലിംഗത്തെക്കാള്‍ പ്രധാനമായി പരിശോധിക്കേണ്ടത് ആരാണ് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെയും സുരക്ഷയെയും നിയന്ത്രിക്കുന്നത് എന്നതാണ്.
ഒരു ഒറ്റ സംഭവത്തേക്കാള്‍ ആവര്‍ത്തിച്ചുവരുന്ന പെരുമാറ്റ മാതൃകകളാണ് പ്രധാന സൂചന.
പങ്കാളിയുടെ മുന്നില്‍ സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ? നിരന്തരം കുറ്റപ്പെടുത്തലും അപമാനവും നേരിടുന്നുണ്ടോ? ഫോണ്‍, പണം, സൗഹൃദങ്ങള്‍, വസ്ത്രധാരണം, യാത്ര, ജോലി എന്നിവ നിയന്ത്രിക്കപ്പെടുന്നുണ്ടോ? കുടുംബത്തില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും നിങ്ങളെ അകറ്റാന്‍ ശ്രമമുണ്ടോ?
എല്ലാ പ്രശ്‌നത്തിന്റെയും ഉത്തരവാദിത്തം നിങ്ങളിലേക്കാണോ മാറ്റുന്നത്? പങ്കാളിയുടെ പ്രതികരണം ഭയന്ന് ഓരോ വാക്കും പ്രവൃത്തിയും സൂക്ഷിച്ചാണോ ചെയ്യേണ്ടിവരുന്നത്? ബന്ധത്തിലായതിനു ശേഷം നിങ്ങളുടെ ആത്മവിശ്വാസവും സ്വാതന്ത്ര്യവും സാമൂഹികബന്ധങ്ങളും കുറഞ്ഞുവോ? ഇവയെല്ലാം ആവര്‍ത്തിച്ച് സംഭവിക്കുന്നുണ്ടെങ്കില്‍ ബന്ധത്തെ ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്.
‘എന്തുകൊണ്ട് വിട്ടുപോകുന്നില്ല?’ ടോക്‌സിക് ബന്ധത്തില്‍ കഴിയുന്ന ഒരാളോട് പുറത്തുള്ളവര്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്: ‘ഇത്രയും പ്രശ്‌നങ്ങളുണ്ടെങ്കില്‍ എന്തുകൊണ്ട് ഈ ബന്ധത്തില്‍ നിന്ന് വിട്ടുപോകുന്നില്ല?’
എന്നാല്‍ അതിന് ലളിതമായൊരു മറുപടി ഉണ്ടാകണമെന്നില്ല. സ്‌നേഹം, കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക, സാമ്പത്തിക ആശ്രിതത്വം, കുടുംബസമ്മര്‍ദ്ദം, സാമൂഹിക അപമാനഭയം, ഭീഷണി, ഒറ്റപ്പെടല്‍, ആത്മവിശ്വാസക്കുറവ്, പങ്കാളി ഒരിക്കല്‍ മാറുമെന്ന പ്രതീക്ഷ എന്നിവ ഒരാളെ ആ ബന്ധത്തില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കാം.
അതിനാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ കഴിയുന്ന വ്യക്തിക്ക് വേണ്ടത് കുറ്റപ്പെടുത്തലോ വിധിയെഴുത്തോ അല്ല. അവരുടെ അനുഭവങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുക, അവയെ ഗൗരവത്തോടെ കാണുക, സുരക്ഷിതമായ പിന്തുണ നല്‍കുക, സ്വന്തം തീരുമാനങ്ങള്‍ സ്വതന്ത്രമായി എടുക്കാനുള്ള ആത്മവിശ്വാസവും ശേഷിയും വീണ്ടെടുക്കാന്‍ സഹായിക്കുക എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ടോക്‌സിക് ബന്ധങ്ങളുടെ സാഹചര്യത്തില്‍ professional psychological support ഏറെ പ്രധാനമാണ്. ആദ്യം സാധാരണ couple conflict ആണോ, emotional abuse ആണോ, coercive control ആണോ, physical അല്ലെങ്കില്‍ sexual violence ഉണ്ടോ എന്നത് കൃത്യമായി വിലയിരുത്തണം.
ദീര്‍ഘകാലം ഇത്തരം ബന്ധങ്ങളില്‍ കഴിയുന്നവരില്‍ anxiety, depression, trauma symptoms, guilt, low self-esteem, social withdrawal, decision-making difficulties എന്നിവ രൂപപ്പെടാം. ഇത്തരം സാഹചര്യങ്ങളില്‍ ചിലപ്പോള്‍ ദീര്‍ഘകാല psychotherapy ആവശ്യമായി വരാം. Therapy-യുടെ ലക്ഷ്യം ”ബന്ധം അവസാനിപ്പിക്കണം’ എന്ന് വ്യക്തിക്ക് വേണ്ടി തീരുമാനിക്കുകയല്ല.
ഫോട്ടോ; ജെമിനി
മറിച്ച് സ്വന്തം അനുഭവങ്ങളെ വ്യക്തമായി മനസ്സിലാക്കാനും ആത്മാഭിമാനം വീണ്ടെടുക്കാനും healthy boundaries സ്ഥാപിക്കാനും സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവ് തിരിച്ചുപിടിക്കാനും സഹായിക്കുകയാണ്. കുടുംബത്തിന്റെ പിന്തുണയും ഇതില്‍ നിര്‍ണായകമാണ്.
സുരക്ഷിതമായ ബന്ധങ്ങളും വിശ്വസിക്കാവുന്ന വ്യക്തികളുമായുള്ള ബന്ധവും recovery-യില്‍ വലിയ പങ്കുവഹിക്കും. Vilence അല്ലെങ്കില്‍ coercive control ഇല്ലാത്തതും ഇരുവരും സ്വന്തം പെരുമാറ്റത്തെ തിരിച്ചറിഞ്ഞ് മാറ്റത്തിന് തയ്യാറാകുന്നതുമായ സാഹചര്യങ്ങളില്‍ couple therapy സഹായകരമായേക്കാം. എന്നാല്‍ വ്യക്തിയുടെ സുരക്ഷ തന്നെ അപകടത്തിലാണെങ്കില്‍ couple therapy മാത്രം പരിഹാരമല്ല.
സ്‌നേഹിക്കുക എന്നത് ഒരാളെ സ്വന്തമാക്കുക എന്നല്ലാ. അസൂയ സ്‌നേഹത്തിന്റെ തെളിവല്ല; നിയന്ത്രണം കരുതലുമല്ല. നിരന്തരം സഹിച്ചുകൊണ്ടിരിക്കുക എന്നതും ഒരു ബന്ധത്തിന്റെ വിജയത്തിന്റെ അടയാളമല്ല. ആരോഗ്യകരമായ ഒരു ബന്ധം നമ്മുടെ വ്യക്തിത്വത്തെ ഇല്ലാതാക്കുകയല്ല ചെയ്യുന്നത്; മറിച്ച്, നമ്മള്‍ നമ്മളായിത്തന്നെ തുടരാനും പരസ്പരം വളരാനും അതില്‍ ഇടമുണ്ടാകും.
അതുകൊണ്ട് സ്വന്തം ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച് സംശയം തോന്നുമ്പോള്‍ ഒരു ചോദ്യം സ്വയം ചോദിച്ചുനോക്കാം: ‘ഈ ബന്ധത്തില്‍ ഞാന്‍ കൂടുതല്‍ സുരക്ഷിതനും സ്വതന്ത്രനും ആത്മവിശ്വാസവുമുള്ള ഒരാളായി വളരുന്നുണ്ടോ? അതോ കൂടുതല്‍ ഭയത്തോടെയും കുറ്റബോധത്തോടെയും സ്വയം നഷ്ടപ്പെട്ടുമാണോ ജീവിക്കുന്നത്?’
ഈ ചോദ്യത്തിനുള്ള സത്യസന്ധമായ ഉത്തരം, ഒരു ബന്ധം എത്രത്തോളം ആരോഗ്യകരമാണെന്ന് തിരിച്ചറിയാനുള്ള ഏറ്റവും ലളിതവും പ്രധാനപ്പെട്ടതുമായ സൂചനകളിലൊന്നായിരിക്കും.
Content Highlights: Toxic Relationships: When Love Turns into Control