കെ.ജി.എഫിന് ശേഷം മൂന്നരവര്‍ഷത്തോളം സമയമെടുത്ത് കന്നഡ സൂപ്പര്‍താരം യഷ് നായകനായെത്തുന്ന ചിത്രമാണ് ടോക്‌സിക്. 2023ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഈ വര്‍ഷമാണ് പൂര്‍ത്തിയാക്കിയത്. ഒരുപാട് തവണ റിലീസ് മാറ്റിവെച്ച ചിത്രം ഈ മാസം തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
നാലര മിനിറ്റ് ദൈര്‍ഖ്യമുള്ള ട്രെയ്‌ലറാണ് പുറത്തുവന്നത്. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് യഷ് പ്രത്യക്ഷപ്പെടുന്നത്. യാതൊരു ദയാദാക്ഷിണ്യവുമില്ലാത്ത, എല്ലാം തന്റെ കാല്‍ക്കീഴിലാക്കാന്‍ ശ്രമിക്കുന്ന രായ എന്ന ഗ്യാങ്സ്റ്ററായും അയാളുടെ മകന്‍ ടിക്കറ്റായുമാണ് യഷ് വേഷമിടുന്നത്.
രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളായുള്ള യഷിന്റെ പ്രകടനമാണ് ട്രെയ്‌ലറിന്റെ ഹൈലൈറ്റ്. തന്റെ കുട്ടിക്കാലം ഇല്ലാതാക്കിയ അച്ഛനോട് പ്രതികാരം ചെയ്യാന്‍, അച്ഛനെക്കാള്‍ സൈക്കോപാത്തായ മകന്‍ വരുന്നതും പിന്നീട് ഇരുവരും തമ്മിലുള്ള പോരാട്ടവുമാണ് ടോക്‌സിക്കിന്റെ കഥ. സമ്മിശ്ര പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.
നാലര മിനിറ്റോളം വരുന്ന ട്രെയ്‌ലറിലെ പല രംഗങ്ങളും ഹോളിവുഡ് ലെവല്‍ ഫീല്‍ നല്‍കുന്നുണ്ട്. ആക്ഷന്‍ സീനുകള്‍ ടോപ് നോച്ച് ആയപ്പോള്‍ 1960 കാലഘടത്തെ പുനസൃഷ്ടിച്ച ആര്‍ട്ട് ഡയറക്ഷനെയും പലരും പ്രശംസിക്കുന്നു. എന്നാല്‍ നാലര മിനിറ്റ് ഡ്യൂറേഷന്‍ ചിലരില്‍ മടുപ്പുണ്ടാക്കുന്നുണ്ട്. ഇത്രയും ലെങ്ത് ആവശ്യമില്ലെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.
അഞ്ച് നായികമാരാണ് ടോക്‌സിക്കിലുള്ളത്. യഷിന്റെ സഹോദരിയായി നയന്‍താര വേഷമിടുമ്പോള്‍ വ്യത്യസ്ത കാമുകിമാരായി കിയാര അദ്വാനി, താര സുതാര്യ, രുക്മിണി വസന്ത് എന്നിവരെത്തുന്നു. നെഗറ്റീവ് റോളില്‍ ഹുമ ഖുറേഷിയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. യഷിനെ എതിര്‍ത്ത് പോരാടുന്നവരാണ് എല്ലാ സ്ത്രീ കഥാപാത്രങ്ങളും.
ഗീതു മോഹന്‍ദാസാണ് ടോക്‌സിക്കിന്റെ സംവിധായിക. ലയേഴ്‌സ് ഡയസ്, മൂത്തോന്‍ എന്നീ ചിത്രങ്ങള്‍ക്ക് ഗീതു മോഹന്‍ദാസ് തന്റെ ട്രാക്ക് പൂര്‍ണമായും മാറ്റിയാണ് ടോക്‌സിക് അണിയിച്ചൊരുക്കിയത്. 600 കോടിയോളം ചെലവഴിച്ച് ഒരുക്കുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ റെക്കോഡ് നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഓഗസ്റ്റ് 26ന് ടോക്‌സിക് തിയേറ്ററുകളിലെത്തും.
Content Highlight: Toxic movie trailer out now