| Monday, 8th June 2026, 1:04 pm

മാസ് പടം സംവിധാനം ചെയ്യാനറിയില്ലെന്ന് പറഞ്ഞവരൊക്കെ എന്ത്യേ... ടോക്‌സിക് മേക്കിങ് വീഡിയോയില്‍ കൈയടി നേടി ഗീതു മോഹന്‍ദാസ്

അമര്‍നാഥ് എം.

കെ.ജി.എഫ് 2ന് ശേഷം ആ രീതിയില്‍ മാസ് സിനിമ ചെയ്യുമെന്ന് കരുതിയവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു യഷ് തന്റെ അടുത്ത ചിത്രം അനൗണ്‍സ് ചെയ്തത്. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസുമായി യഷ് കൈകോര്‍ത്ത വാര്‍ത്ത പലരെയും അത്ഭുതപ്പെടുത്തി. ടോക്‌സിക് എന്ന് പേരിട്ട ചിത്രം അനൗണ്‍സ് ചെയ്ത് മൂന്ന് വര്‍ഷമായിട്ടു തിയേറ്ററുകളിലെത്തിയിട്ടില്ല.

മാര്‍ച്ച് 19ന് പുറത്തിറങ്ങേണ്ട ചിത്രം ഇതുവരെ വെളിച്ചം കാണാത്തത് ആരാധകരെ നിരാശരാക്കുന്നുണ്ട്. മാര്‍ച്ചില്‍ നിന്ന് ജൂണ്‍ നാലിലേക്ക് റിലീസ് മാറ്റിയെങ്കിലും വീണ്ടും അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു. ഇതോടെ ചിത്രത്തിന്റെ ഔട്ട്പുട്ടില്‍ തൃപ്തി വരാത്ത നിര്‍മാതാക്കള്‍ ടോക്‌സിക് റീഷൂട്ട് ചെയ്യുകയാണെന്ന് അഭ്യൂഹങ്ങള്‍ പരന്നു. അത്തരം റൂമറുകള്‍ക്ക് മറുപടിയുമായി നിര്‍മാതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ മറുപടി. ഓരോ സീനിനെയും കൃത്യമായി മനസിലാക്കി അണിയിച്ചൊരുക്കുന്ന ഗീതു മോഹന്‍ദാസിനെ വീഡിയോയില്‍ കാണാം. ചിത്രത്തിന്റെ ഗ്ലിംപ്‌സില്‍ കാണിച്ച ബ്ലാസ്റ്റ് സീക്വന്‍സിനെ ഗീതു സമീപിച്ച രീതിയും പലരും എടുത്തുപറയുന്നുണ്ട്.

ടോക്‌സിക് അനൗണ്‍സ് ചെയ്ത സമയം മുതല്‍ പലരും ഉയര്‍ത്തിക്കാണിച്ച ചോദ്യമായിരുന്നു ഗീതു മോഹന്‍ദാസിന് മാസ് സിനിമ അണിയിച്ചൊരുക്കാന്‍ കഴിയുമോ എന്നത്. ലയേഴ്‌സ് ഡയസ്, മൂത്തോന്‍ എന്നീ ക്ലാസ് സിനിമകളൊരുക്കിയ ഗീതുവിന് ടോക്‌സിക് പോലൊരു പാന്‍ ഇന്ത്യന്‍ ചിത്രം പുള്‍ ഓഫ് ചെയ്യാനാകുമോ എന്ന് സംശയിച്ചവര്‍ക്കുള്ള മറുപടിയാണ് ഇന്ന് പുറത്തുവന്ന മേക്കിങ് വീഡിയോ.

ക്യാമറക്ക് മുന്നിലും പിന്നിലും വമ്പന്മാരാണ് അണിനിരക്കുന്നത്. ഇത്രയും വലിയ ക്രൂവിനെ ഗീതു നിയന്ത്രിക്കുന്നതും എല്ലാവരോടും കൂളായി ഇടപഴകുന്നതും കൈയടി നേടുകയാണ്. ചിത്രത്തിന്റെ ഓരോ സീനിനെയും ഗീതു ഗംഭീരമായി സമീപിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഗീതു മോഹന്‍ദാസിനെ സംശയിച്ചവര്‍ക്കുള്ള മറുപടിയായി ടോക്‌സിക് മാറുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.

600 കോടിയോളം ബജറ്റിലാണ് ടോക്‌സിക് ഒരുങ്ങുന്നത്. 1940കളില്‍ ഗോവയില്‍ നടക്കുന്ന ഗ്യാങ്‌സ്റ്റര്‍ ഡ്രാമയാണ് ടോക്‌സിക്കിന്റെ പ്രമേയം. റായ എന്ന അധോലോക നായകനായും അയാളുടെ മകന്‍ ടിക്കറ്റ് എന്നീ കഥാപാത്രങ്ങളായാണ് യഷ് വേഷമിടുന്നത്. കിയാര അദ്വാനി, നയന്‍താര, രുക്മിണി വസന്ത്, താര സുതാര്യ, ഹുമ ഖുറേഷി എന്നിങ്ങനെ അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളത്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Toxic Movie making video out now

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more